ഇന്ത്യന്‍ റോഡില്‍ കാറുമായി ബാറ്റ്മാന്‍

സൂപ്പര്‍ഹീറോ ബാറ്റ്മാന്‍ ഇന്ത്യയിലേക്ക് താമസം മാറ്റിയോ? ഇന്ത്യന്‍ ആരാധകരെ ഞെട്ടിച്ച് കഴിഞ്ഞ ദിവസം പൂനൈയിലെ നിരത്തുകളില്‍ പ്രത്യക്ഷപ്പെട്ട 'ബാറ്റ്‌ മൊബൈല്‍' സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാകുന്നു. ബാറ്റ്മാന്‍ സിനിമകളില്‍ കാണുന്ന അതേരൂപത്തിലുള്ള കാര്‍ തന്നെയാണ് പൂനൈയിലും എത്തിയത്.

കാര്‍ ആരുടെയാണെന്ന് വ്യക്തമല്ലെങ്കിലും ബാറ്റ്മാന്‍ കുപ്പായം അണിഞ്ഞാണ് ഡ്രൈവര്‍ വണ്ടി ഓടിച്ചതെന്നതാണ് മറ്റൊരു പ്രത്യേകത. ലോകത്തെ മറ്റു നഗരങ്ങളില്‍ സമാന രീതിയിലുള്ള ബാറ്റ്‌ കാറുകള്‍ സാധരണയാണെങ്കിലും ഇന്ത്യയില്‍ ആദ്യമായാണ്‌ ബാറ്റ്‌ മൊബൈലുകള്‍ പ്രത്യക്ഷപ്പെടുന്നത്‌.

2005ന് ശേഷമുള്ള മെഴ്സിഡീസ് എസ് ക്ലാസ് മോഡിഫൈ ചെയ്ത് ബാറ്റ്കാര്‍ ആക്കി മാറ്റിയതാണെന്ന് ചിലര്‍ അവകാശപ്പെടുന്നു. നൊളാന്‍റെ ബാറ്റ്മാന്‍ ചിത്രങ്ങളിലെ ബാറ്റ്മൊബൈലുമായി കാറിന് സാദൃശ്യമില്ല. എങ്കിലും പൂനൈ നിവാസികള്‍ക്ക് ഈ കാര്‍ ശരിക്കും ഒരു കൗതുക കാഴ്ചയായിരുന്നു.

നിരത്തില്‍ പ്രത്യക്ഷപ്പെട്ട കാറിന്റെ ചിത്രങ്ങളെടുക്കാന്‍ യാത്രക്കാര്‍ തിരക്കുകൂട്ടിയത്‌ പല സ്‌ഥലങ്ങളിലും ഗതാഗതക്കുരുക്കുകളും സൃഷ്‌ടിച്ചു. വാഹനത്തിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ തരംഗമായി മാറി. എന്നാല്‍ വാഹനത്തിന്റെ ഉടമയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല.