അന്നും ഇന്നും ഐശ്വര്യം

പ്രായം കൂടുന്നതിനൊപ്പം സൗന്ദര്യവും കൂടുന്നതാർക്ക്? ഓരേയൊരു ഉത്തരം. ബോളിവുഡ് ദിവ. ഹെർ ഹൈനെസ് ഐശ്വര്യ റായ് ബച്ചൻ.1994 ൽ ലോകസുന്ദരിയുടെ ഇന്ദ്രനീല കിരീടമണിഞ്ഞ് റെഡ് കാർപ്പറ്റിൽ നിന്ന ഇരുപത്തിയൊന്നുകാരിയേക്കാൾ സൗന്ദര്യമുണ്ട്, കരൺ ജോഹറിന്റെ യെ ദിൽ ഹേ മുഷ്കിലിൽ ഉർദു കവിയായി വരുന്ന ആഷിന്. ആ നക്ഷത്രക്കണ്ണുകളുടെ തിളക്കം കുറയുന്നില്ല. സ്കിൻ ടോണിൽ അൽപം പോലും മാറ്റമില്ല. നാൽപത്തിമൂന്നിലും ജ്വലിക്കുന്ന സൗന്ദര്യം.

തിരിച്ചുവരവിന്റെ മൂന്നാം ശ്രമമെന്നു വിശേഷിപ്പിക്കപ്പെടുന്ന കരൺ ജോഹർ ചിത്രത്തിൽ അഭിനയിക്കുമ്പോൾ എല്ലാവരും പ്രായത്തിൽ ആഷിനെക്കാൾ ഇളയവരായിരുന്നു. നായകൻ രൺബീറും. കരൺ ജോഹറും എന്തിന് ഫവാദ് ഖാൻ വരെ. എന്നിട്ടും ചിത്രം പുറത്തുവന്നപ്പോൾ മുഴുനീളകഥാപാത്രമല്ലാതിരുന്നിട്ടുകൂടി ശ്രദ്ധ മുഴുവൻ ഐശ്വര്യയിലെത്തി.

2015 ലെ തിരിച്ചുവരവ് 2016 ൽ ഗംഭീരമാക്കിയപ്പോൾ നായകന്റെ പകുതിപ്രായമുള്ള നായിക വേണമെന്ന അലിഖിത സിനിമാ ആചാരങ്ങൾ പൊളിഞ്ഞുവീണു. നാൽപതെന്നല്ല, 30 കഴിഞ്ഞാൽ നായികമാർ കുട്ടികളെ നോക്കി വീട്ടിലിരിക്കണമെന്ന ചിന്തകളും.

കാൻ ഫെസ്റ്റിവലിന് ഐശ്വര്യ അണിയുന്ന ഗൗൺ ലോക മാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട് അന്നും ഇന്നും. 2010 മുതൽ 2015 വരെ നീണ്ട ഇടവേളയിലും ഐശ്വര്യ മാറിനിൽക്കുന്നു എന്ന തോന്നൽ ആർക്കുമുണ്ടായില്ല. ഐശ്വര്യ ഒരു ബ്രാൻഡ് ആണ്. ലോകത്തിനു മുൻപിൽ മങ്ങാത്ത ഇന്ത്യൻ സൗന്ദര്യത്തിന്റെ ബ്രാൻഡ് നെയിം.