ഹിന്ദു വികാരം വ്രണപ്പെടുത്തി; സണ്ണി ഡിയോളിനെതിരെ കേസ്

‘മോഹല്ലാ അസ്സി’ എന്ന ഹിന്ദി സിനിമയിലൂടെ മതവികാരം വ്രണപ്പെടുത്തിയതിന് താരങ്ങളായ സണ്ണി ഡിയോൾ, രവി കിഷൻ, സാക്ഷി തൻവാർ, സംവിധായകനും തിരക്കഥാകൃത്തുമായ ചന്ദ്രപ്രകാശ് ദ്വിവേദി, ചിത്രത്തിന്റെ കഥയെഴുതിയ കാശിനാഥ് സിങ് എന്നിവർ ഉൾപ്പെടെ ഒൻപതുപേർക്കെതിരെ കേസെടുക്കാൻ അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് രാമചന്ദ്രപ്രസാദ് ഉത്തരവിട്ടു.

വാരാണസിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ളതാണു ചിത്രമെന്നും ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നതാണിതെന്നും കാണിച്ച് അഡ്വ. സുധീർ കുമാർ ഒാജയാണ് ഹർജി നൽകിയത്. ഇനിയും പുറത്തിറങ്ങാത്ത ചിത്രമാണു ‘മോഹല്ലാ അസ്സി’. സിനിമ പുറത്തിറക്കുന്നതു നേരത്തേതന്നെ ന്യൂഡൽഹിയിലെ കോടതി തടഞ്ഞിരുന്നു. സർവജൻ ജാഗൃതി മഞ്ച് നൽകിയ ഹർജിയെത്തുടർന്നായിരുന്നു ഇത്. സിനിമയുടെ ട്രെയ്‌ലർ പുറത്തിറക്കിയപ്പോൾത്തന്നെ വാരാണസിയെ അധിക്ഷേപിക്കുന്ന വാക്കുകൾ ഉണ്ടെന്നാണു ഹർജിക്കാരൻ ചൂണ്ടിക്കാണിച്ചത്. കാശിനാഥ് സിങ്ങിന്റെ ഹിന്ദി നോവലായ ‘കാശി കാ അസ്സി’യെ അധികരിച്ചാണു ചിത്രം തയാറാക്കിയത്. വാരാണസിയെ വാണിജ്യവൽക്കരിക്കുന്നതിനെ ആക്ഷേപഹാസ്യത്തിലൂടെ എതിർക്കുന്ന ചിത്രമാണിത്.