കോര്‍ട്ട്; ഇന്ത്യയുടെ ഓസ്കര്‍ എന്‍ട്രി

ഇത്തവണത്തെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കര്‍ എന്‍ട്രിയായി മറാത്തി ചിത്രം കോര്‍ട്ട് തിരഞ്ഞെടുത്തു. ഇരുപത്തിയെട്ടുകാരനായ ചൈതന്യാ തമാന്നേ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച ചിത്രത്തിനുള്ള ദേശീയപുരസ്കാരം ലഭിച്ചിട്ടുണ്ട്.

സംവിധായകനും നടനുമായ അമോല്‍ പലേക്കര്‍ അധ്യക്ഷനായ ജൂറിയാണ് മുപ്പത് സിനിമകളില്‍ നിന്ന് കോര്‍ട്ടിനെ തിരഞ്ഞെടുത്തത്. രാജ്യാന്തര തലത്തില്‍ ഉള്‍പ്പെടെ 18 പുരസ്‌കാരങ്ങള്‍ കോര്‍ട്ട് നേടിയിട്ടുണ്ട്. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ജനറല്‍ സെക്രട്ടറി സുപ്രന്‍ സെന്‍ വാര്‍ത്ത സ്ഥിരീകരിച്ചു. ഓസ്കറില്‍ മികച്ച വിദേശഭാഷ ചിത്രത്തിനുള്ള വിഭാഗത്തിലേക്കായിരിക്കും കോര്‍ട്ട് മത്സരിക്കുക.

രാഷ്ട്രീയ സാമൂഹ്യസാഹചര്യങ്ങളെ വിമര്‍ശനാത്മകമായി സമീപിച്ച ചിത്രമായിരുന്നു കോര്‍ട്ട്. ഈ മാസം പതിനേഴ് മുതല്‍ ഹൈദരാബാദില്‍ നടന്ന ജൂറി സ്‌ക്രീനിംഗില്‍ മുപ്പത് ചിത്രങ്ങളാണ് പരിഗണിച്ചത്. ബാഹുബലി, കാക്കമുട്ടൈ എന്നീ ചിത്രങ്ങളും പരിഗണനയിലുണ്ടായിരുന്നു.