സല്‍മാന് പുറമെ ആമിറിനെയും കോടതി വെറുതെവിട്ടു

സല്‍മാന് പുറമെ മറ്റൊരു ബോളിവുഡ് താരത്തെയും കോടതി കുറ്റവിമുക്തനാക്കി. ആമിര്‍ ഖാനെയാണ് ഗുജറാത്ത് ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്. അദ്ദേഹത്തിനെതിരെയുള്ള എല്ലാ ക്രിമിനല്‍ നടപടികളും കോടതി റദ്ദാക്കി.

ആമിര്‍ ഖാന്‍ നായകനായി എത്തിയ ലഗാന്‍ എന്ന ചിത്രത്തില്‍ സംരക്ഷണ മൃഗമായ മാനിനെ ചിത്രീകരിച്ചതിനെ തുടര്‍ന്ന് താരത്തിനും മറ്റുനാലുപേര്‍ക്കുമെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. സിനിമയ്ക്കായി ഉപയോഗിച്ച മൃഗത്തെ കൊന്നുകളഞ്ഞെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. ആമിര്‍ ഖാന്‍, അദ്ദേഹത്തിന്‍റെ മുന്‍ഭാര്യ റീന ദത്ത, സംവിധായന്‍ അഷുതോഷ് ഗൊവാരിക്കര്‍, നിര്‍മാതാവ് ശ്രീനിവാസറാവു, ഛായാഗ്രാഹകന്‍ അശോക് മേത്ത എന്നിവര്‍ക്കെതിരെയായിരുന്നു പരാതി.

പരാതിയെ തുടര്‍ന്ന് 2008ല്‍ ഭുജ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തി ഇവര്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ ഇവര്‍ ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ആദ്യം പരാതി നല്‍കിയത് ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ ആയിരുന്നു. എന്നാല്‍ പിന്നീട് ഈ പരാതി നിലവില്ലാതാകുകയും സാമൂഹ്യപ്രവര്‍ത്തകനായ അമിത് ജെത്വ ഇതേറ്റെടുത്ത് 2008ല്‍ ഭുജ് കോടതിയില്‍ വീണ്ടും പരാതി നല്‍കി. എന്നാല്‍ 2010ല്‍ ജുനഗഡ് ജില്ലയിലെ മൈന്‍ മാഫിയയുടെ ആക്രമണത്തില്‍ ജെത്വ കൊല്ലപ്പെട്ടു.

സിനിമയിലെ രംഗമല്ലാതെ മറ്റൊരു തെളിവും പ്രതിഭാഗത്തിന്‍റെ കൈയ്യില്‍ ഇല്ലായിരുന്നു. ഒരു രംഗത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ ഇവര്‍ കുറ്റക്കാരാണെന്ന് വിധിക്കരുതെന്ന് ആമിറിന്‍റെ അഭിഭാഷകന്‍ വാദിച്ചു. മാത്രമല്ല സിനിമയില്‍ മൃഗത്തെ ഉപയോഗിച്ചിട്ടില്ലെന്നും വിഷ്വല്‍ ഇഫക്ടില്‍ നിര്‍മിച്ചതാണെന്നും ഇവര്‍ വിശദമാക്കി.