ഷോലെ റീമേയ്ക്ക്; രാമുവിന് പത്തുലക്ഷം പിഴ

ബോളിവുഡിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രമായ ഷോലെയുടെ റീമേക്കിങ്ങില്‍ പകര്‍പ്പവകാശലംഘനം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മയ്ക്കും അദ്ദേഹത്തിന്റെ നിമാണ കമ്പനിയ്ക്കും പത്തുലക്ഷം രൂപ പിഴ. ഷോലെ സിനിമയുടെ നിര്‍മാതാക്കളിലൊരാളായ വിജയ് സിപ്പിയുടെ മകന്‍ സാഷ ഷിപ്പി നല്‍കിയ ഹര്‍ജിയിലാണ് ഡല്‍ഹി ഹൈക്കോടതി രാമുവിനോട് പിഴ ഈടാക്കാന്‍ ആവശ്യപ്പെട്ടത്.

രാം ഗോപാല്‍ വര്‍മ്മ ആഗ് എന്ന ചിത്രത്തിലൂടെ മൗലിക സൃഷ്ടിയെ വളച്ചൊടിച്ചെന്നും വികൃതമാക്കിയെന്നും കോടതി നിരീക്ഷിച്ചു. ഷോലെയില്‍ നിന്നും അതേപടി രംഗങ്ങളും മറ്റും പകര്‍ത്തി പകര്‍പ്പവകാശ ലംഘനം നടത്തിയെന്നാണ് കേസ്.

കൂടാതെ റീമേക്ക് ചിത്രത്തിന്റെ പരസ്യ പ്രചാരണത്തിനായി ഷോലെയെ ഉപയോഗിക്കുകയും ചെയ്തു. കഥാ തന്തു, കഥാപാത്രങ്ങള്‍, സംഭാഷണം, പശ്ചാത്തല സംഗീതം എന്നിവയൊക്കെ ഒറിജിനല്‍ ഷോലെയില്‍ നിന്നും പകര്‍പ്പവകാശ ചട്ടങ്ങള്‍ ലംഘിച്ച് ആര്‍വിജി ഗ്രൂപ്പ് കടംകൊണ്ടതാണെന്നും കോടതി വ്യക്തമാക്കി.

1975ല്‍ ഇറങ്ങിയ ക്ലാസിക് ചിത്രം ഷോലെയുടെ പുനരാവിഷ്‌കാരമെന്ന രീതിയിലാണ് വര്‍മ ആഗ് ഒരുക്കിയത്. 2007ലാണ് ചിത്രം പുറത്തിറങ്ങുന്നത്. മോഹന്‍ലാല്‍, അമിതാഭ് ബച്ചന്‍, അജയ് ദേവ്ഗണ്‍ തുടങ്ങിയ സൂപ്പര്‍ താരനിരയാണ് ആഗില്‍ അണിനിരന്നത്. എന്നാല്‍ ചിത്രം പരാജയപ്പെട്ടു.