ഐ ആം കലാം; കലാമിന്‍റെ സിനിമ

മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിന്റെ ജീവിതത്തിൽ നിന്നു പ്രചോദനം ഉൾക്കൊള്ളുന്ന ഒരു കുട്ടിയുടെ കഥയാണ് ‘ഐ ആം കലാം’ എന്ന ചിത്രം. സ്മൈൽ ഫൗണ്ടേഷൻ നിർമിച്ച ചലച്ചിത്രം കലാമിന്‍റെ ഡൽഹിയിലെ വസതിയിൽ പ്രദർശിപ്പിച്ചിരുന്നു. മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം ഉള്‍പ്പടെ ഒട്ടേറെ രാജ്യാന്തര അവാർഡുകളും ചിത്രം നേടിയിരുന്നു.

ഹർഷ് മേയർ, ഹുസൈൻ സാദ് എന്നീ കുട്ടികളാണു ചിത്രത്തിലെ നായകർ. ചിത്രത്തിന്റെ നിർമാതാവിനും സംവിധായകനുമൊപ്പം ചിത്രത്തിലെ കുട്ടിനായകൻമാര്‍ കലാമിനെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. . ഇരുവരും അബ്ദുൽ കലാമിനെ നേരിൽ കാണാനായതിൽ ആവേശഭരിതരായി.

കലാം പ്രതികരിച്ചതിങ്ങനെ - ‘‘സിനിമ കണ്ടപ്പോൾ എന്റെ മനസ്സിലൂടെ രാജ്യത്തു ഞാൻ കണ്ടുമുട്ടിയ ഒരുകോടി 20 ലക്ഷം ചെറുപ്പക്കാർ കടന്നുപോയി. എല്ലാ മനുഷ്യർക്കും മറ്റൊരാളുടെ ജീവിതത്തിൽ നിർണായകമായ മാറ്റമുണ്ടാക്കാനാകും. ഗ്രാമങ്ങളിലെ വിദ്യാഭ്യാസം കൂടുതൽ മെച്ചപ്പെടുത്തേണ്ടിയിരിക്കുന്നു.’’

അദ്ദേഹത്തിന്‍റെ ജീവിതസന്ദേശം സിനിമയിലൂടെ നല്‍കാനായതില്‍ അഭിമാനമുണ്ടെന്ന് സിനിമയുടെ സംവിധാകനായ നില മധബ് പാണ്ഡെ പറഞ്ഞു. എല്ലാ പ്രശ്നങ്ങള്‍ക്കും ഒരു പരിഹാരമുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. അദ്ദേഹത്തെപോലുള്ള നായകന്മാര്‍ക്ക് മരണമില്ല. കലാമിന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒരു സിനിമ ഒരുക്കാന്‍ ആഗ്രഹമുണ്ടെന്നും പാണ്ഡെ പറഞ്ഞു.