സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; ഹൃതിക് റോഷനെ അറസ്റ്റ് ചെയ്യണമെന്ന് കങ്കണ

കങ്കണ റനാവത്തും ഹൃതിക് റോഷനും തമ്മിലുള്ള പോരാട്ടം വീണ്ടും മുറുകുന്നു. താരത്തിനെതിരെ പുതിയ ആരോപണങ്ങളുമായി കങ്കണ രംഗത്തെത്തി. തന്റെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഹൃതിക് റോഷനെതിരെ നടി മുംബൈ പൊലീസില്‍ പരാതി നല്‍കി.

കങ്കണയുടെ സ്വകാര്യ ചിത്രങ്ങള്‍ ഹൃത്വിക് റോഷന്‍ പ്രചരിപ്പിക്കുന്നുവെന്നാണ് പരാതി. നടിയുടെ സ്വകാര്യത ഹനിക്കുന്ന വിധം ഹൃതിക് റോഷന്‍ അവരുടെ ഫോട്ടോകള്‍ മൂന്നാമതൊരു കക്ഷിക്ക് നല്‍കുന്നുണ്ടെന്നും ഇതിന്റെ പേരില്‍ നടനെ അറസ്റ്റ് ചെയ്യണമെന്നുമാണ് കങ്കണക്ക് വേണ്ടി അഭിഭാഷകന്‍ മുംബൈ പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.

തന്നെ മുൻകാമുകനെന്ന് വിളിച്ച കങ്കണയ്ക്കെതിരെ ആദ്യം മാനനഷ്ട കേസ് കൊടുത്തത് ഹൃതിക് ആണ്. പിന്നീട് കങ്കണയും ഹൃതിക്കിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചു. ഇമെയിലിലൂടെ ഹൃതിക് തന്നെ അപമാനിക്കാൻ ശ്രമിച്ചെന്നായിരുന്നു താരത്തിന്റെ വാദം. എന്നാല്‍ ആ മെയില്‍ ഐ.ഡി താന്‍ തയ്യാറാക്കിയതല്ലെന്നായിരുന്നു ഹൃതിക്കിന്റെ മറുപടി. ഇതോടെ ഈ സംഭവത്തിന്റെ പേരില്‍ ഇരുവരും വീണ്ടും വക്കീല്‍ നോട്ടീസുകള്‍ അയയ്‌ക്കുകയായിരുന്നു.