വീണ്ടും ‘ക്യൂൻ’ ആകാൻ കങ്കണ

മുടങ്ങിപ്പോയ ഹണിമൂൺ ഒറ്റയ്ക്ക് പാരിസിൽ പോയി ആഘോഷിച്ച് പ്രേക്ഷകമനസ്സിലെ ‘ക്യൂൻ’ ആയി മാറിയ ഡൽഹിക്കാരിയെ ആരും അത്രപെട്ടെന്നൊന്നും മറക്കാനിടയില്ല. ക്യൂൻ കഴിഞ്ഞ് തനു വെഡ്സ് മനു റിട്ടേൺസും കൂടി ഹിറ്റായതോടെ ബോളിവുഡിലെ കിരീടം വയ്ക്കാത്ത രാജ്ഞിയായിരിക്കുകയാണിപ്പോൾ കങ്കണ റനൗത്ത്. വൈകാതെ തന്നെ ആ രാജ്‍ഞി വീണ്ടുമൊരു കിരീടം ചൂടും–ത്സാൻസിയിലെ റാണി ലക്ഷ്മിഭായിയുടെ.

ചരിത്രസിനിമകളുടെ പ്രിയ സംവിധായകനായ കേതൻ മേത്തയുടെ ഏറ്റവും പുതിയ ചിത്രത്തിലാണ് കങ്കണ ത്സാൻസിറാണിയായെത്തുന്നത്. ചിത്രത്തിലെ നായികയായി കങ്കണയെയല്ലാതെ മറ്റൊരാളെ സങ്കൽപിക്കാൻ പോലുമായില്ലെന്നാണ് കേതൻ മേത്ത കഴിഞ്ഞ ദിവസം പറഞ്ഞത്. വിശാൽ ഭരദ്വാജിന്റെ പുതിയ ചിത്രത്തിന്റെ തിരക്കുകളിലാണ് കങ്കണ ഇപ്പോൾ. അതുകഴിഞ്ഞാലുടൻ ത്സാൻസി റാണിയാകാനുള്ള തയാറെടുപ്പ് തുടങ്ങും. ഇതിനു വേണ്ടി കുതിരസവാരിയും വാൾപ്പയറ്റുമെല്ലാം പഠിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിക്കഴിഞ്ഞു. അടുത്ത വർഷം അവസാനമായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായിരിക്കും ഇതെന്നാണ് ഈ ദേശീയ അവാർഡ് ജേതാവ് പറഞ്ഞത്.

‘ത്സാൻസിയിലെ ഒരു സാധാരണ പെൺകുട്ടി ബ്രിട്ടീഷുകാരെ വിറപ്പിച്ച ലക്ഷ്മിഭായിയായി മാറിയ കഥ അമ്പരപ്പിക്കുന്നതാണ്. അത്തരമൊരു വേഷത്തിലൂടെ ഇതുവരെ അഭിനയത്തിൽ ഉണ്ടാകാത്ത വെല്ലുവിളി സ്വാഭാവികം. ഓരോ വേഷത്തിലും പുതുതായി എന്തെങ്കിലും കൊണ്ടുവരാൻ ശ്രമിക്കുന്ന തനിക്കു ചേർന്ന വേഷമായിരിക്കും ഇത്’– ഇരുപത്തിയെട്ടുകാരിയായ കങ്കണ പറയുന്നു. ഇന്തോ–ബ്രിട്ടിഷ് പ്രോജക്ടായിട്ടായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക. 2005ൽ മംഗൾ പാണ്ഡെയ്ക്കു ശേഷം അതേകാലത്തെ സ്വാതന്ത്ര്യസമര പോരാളിയുടെ കഥയുമായാണ് കേതൻ മേത്ത വീണ്ടും എത്തുന്നത്. ജീവചരിത്രങ്ങൾ സിനിമയാക്കുന്നത് ഏറെ വെല്ലുവിളി നിറഞ്ഞതാണെന്നും അതേസമയം തന്നെ താൻ ഏറെ ഇഷ്ടപ്പെടുന്നതായും മേത്തയുടെ വാക്കുകൾ.

1828ൽ ജനിച്ച് മുപ്പതാം വയസ്സിൽ ബ്രിട്ടിഷുകാരോട് ഏറ്റുമുട്ടി മരിച്ച ധീരവനിതയാണ് ത്സാന്‍സി റാണി. വാരണാസിയിൽ ഒരു സാധാരണ കുടുംബത്തിൽ മണികർണിക എന്ന പേരിൽ ജനിച്ച ഇവർ ത്സാൻസിയിലെ മഹാരാജാവിനെ വിവാഹം ചെയ്തതോടെയാണ് റാണി ലക്ഷ്മിഭായിയാകുന്നത്. പിന്നീട് 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിലെ പേരെടുത്ത പടപ്പോരാളിയുമായി മാറി. ഒട്ടേറെ സിനിമാറ്റിക് ട്വിസ്റ്റുകള്‍ നിറഞ്ഞതാണ് റാണി ലക്ഷ്മിഭായിയുടെ ജീവിതം. 2005ൽ ആമിർഖാൻ നായകനായെത്തിയ മംഗൾ പാണ്ഡെയിൽ പക്ഷേ പല കാര്യങ്ങളും ഫിക്‌ഷനലായിരുന്നുവെന്നു വാദങ്ങളുണ്ടായിരുന്നു.

പുതിയ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെയെല്ലാം തീരുമാനിച്ചു വരുന്നേയുള്ളൂ. കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടുമെന്നും കേതൻ മേത്ത പറഞ്ഞു. മിർച്ച് മസാല, മായ മേംസാബ്, രംഗ് രസിയ, സർദാർ, ഹീറോ ഹീരാലാൽ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് കേതൻ മേത്ത.