ചിരിച്ചതിന് ആരെങ്കിലും കേസ് എടുക്കുമോ ?

എഐബി നോക്കൗട്ട് ഷോയിൽ പങ്കെടുത്തതിന് ആലിയ്ക്കെതിരെ കേസെടുക്കുകയും സൊനാക്ഷിയെ എഫ്ഐആറിൽ ഉൾപ്പെടുത്താതിരുന്നതിന്റെ കാരണം ചോദിച്ച മഹേഷ് ഭട്ടിന് സൊനാക്ഷിയുടെ കിടിലൻ മറുപടി. ഈ കേസിൽ നേരത്തെ തന്നെ തനിക്കെതിരെ എഫ്ഐആർ സമർപ്പിച്ചിരുന്നെന്നും അതിൽ ആലിയയുടെ പേര് കണ്ടില്ലെന്നും സൊനാക്ഷി തുറന്നടിച്ചു. മാത്രമല്ല ആ കേസിൽ ആലിയയെ ഉൾപ്പെടുത്താത്തതിന്റെ പേരിൽ എന്റെ അച്ഛൻ അത് ചോദ്യം ചെയ്തതായി താൻ കണ്ടില്ലെന്നും സൊനാക്ഷി പറഞ്ഞു.

എന്നാൽ മഹേഷ് ഭട്ട് പറഞ്ഞതിനോട് യോജിക്കുന്നെന്നും നാലായിരത്തോളം കാണികൾ വന്ന പരിപാടിയിൽ അതുകണ്ട് കൊണ്ടിരുന്ന മൂന്നോ നാലോ പേർക്കെതിരെ കേസെടുക്കുന്നത് എന്ത് നിയമമാണെന്നും സൊനാക്ഷി ചോദിക്കുന്നു. തന്റെ ഓർമയിൽ ചിരിച്ചതിനാരും ജയിലിൽ പോയ ചരിത്രം താൻ കേട്ടില്ലെന്നും സൊനാക്ഷി പറഞ്ഞു.

സൊനാക്ഷിയുടെ മറുപടിക്ക് മഹേഷ് ഭട്ടും പ്രതികരിക്കുകയുണ്ടായി. സൊനാക്ഷി പറഞ്ഞത് സത്യമാണെന്നും പ്രതികരിച്ചതിന് നന്ദിയുണ്ടെന്നും ഭട്ട് പറഞ്ഞു. മാത്രമല്ല ഈ പ്രായത്തിലും സൊനാക്ഷിയുടെ പക്വത കണ്ട് താൻ അത്ഭുതപ്പെടുന്നെന്നും മഹേഷ് ഭട്ട് പറഞ്ഞു.

അശ്ലീല പരാമർശങ്ങളുടെ പേരിൽ വിവാദത്തിലായ എഐബി നോക്കൗട്ട് ഷോയുടെ അവതാരകരും ഷോയിൽ പങ്കെടുത്ത നടിമാരും ഉൾപ്പടെ 13 പേർക്കെതിരെ എഫ്ഐആർ റജിസ്റ്റൻ ചെയ്യാൻ കോടതി ഉത്തരവിട്ടിരുന്നു. സംവിധായകൻ കരൺ ജോഹർ, ബോളിവുഡ് താരങ്ങളായ രൺവീർ സിങ്, അർജുൻ കപൂർ, ദീപിക പദുക്കോൺ, ആലിയ ഭട്ട് ഉൾപ്പെടെയുള്ളവർക്ക് എതിരെ കേസെടുക്കാനാണു പ്രാദേശിക കോടതി പൊലീസിനോട് ആവശ്യപ്പെട്ടത്. എന്നാൽ ഇതിൽ സൊനാക്ഷിയുടെ പേര് എഫ്.ഐ.ആറിൽ ചേർക്കാത്തതിനെതിരെയാണ് മഹേഷ് ഭട്ട് രംഗത്ത് വന്നത്.

സാമൂഹിക പ്രവർത്തകൻ സന്തോഷ് ദൗണ്ഡ്കറിന്റെ ഹർജിയിലാണ് നടപടി. കഴിഞ്ഞ ഡിസംബർ 20ന് പരിപാടിക്കു വേദി ഒരുക്കിയ വർളിയിലെ നാഷനൽ സ്പോർട്സ് ക്ലബ് ഭാരവാഹികൾക്കെതിരെയും നടപടിക്കു നിർദേശിച്ചിട്ടുണ്ട്. അശ്ലീല പ്രദർശനം, ഗൂഢാലോചന എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകളും വിവരസാങ്കേതിക നിയമപ്രകാരമുള്ള മറ്റു വകുപ്പുകളുമാണ് ഇവർക്കെതിരെ ചുമത്തുക.