എന്‍റെ അമ്മ സൂപ്പര്‍ വുമണ്‍ അല്ല: ഇഷ ഡിയോള്‍

ഹേമാമാലിനിയുമായി ബന്ധപ്പെട്ട സംഭവത്തില്‍ മകളും നടിയുമായ ഇഷ ഡിയോള്‍ ആദ്യമായി പ്രതികരിച്ചു. അമ്മയുടെ പരുക്ക് ഭേദമായി വരുന്നെന്നും പെട്ടന്ന് സുഖപ്പെടാന്‍ അമ്മ സൂപ്പര്‍ വുമണ്‍ അല്ലെന്നും ഇഷ പറയുന്നു.

അമ്മ ഇപ്പോഴും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹം കൊണ്ടും പ്രാര്‍ഥന കൊണ്ടും വേഗം സുഖപ്പെടുന്നുണ്ട്. അമ്മയുടെ മകളായി പിറന്നതില്‍ അഭിമാനിക്കുന്നുവെന്നും ഇഷ പറഞ്ഞു. തന്‍റേതായ ജീവിതലക്ഷ്യത്തോടെയും ബോധ്യത്തോടെയും വളര്‍ന്നുവന്ന സ്ത്രീയാണ് തന്‍റെ അമ്മയെന്നും ഹൃദയത്തില്‍ എന്നും നന്മമാത്രം സൂക്ഷിക്കുന്നവരാണെന്നും ഇഷ പറഞ്ഞു.

ദൗസയിൽ കഴിഞ്ഞയാഴ്ച ഹേമമാലിനി സഞ്ചരിച്ച കാർ മറ്റൊരുകാറിൽ ഇടിച്ചുണ്ടായ അപകടത്തിൽ നാലുവയസ്സുകാരി മരിക്കുകയും കുട്ടിയുടെ പിതാവും മാതാവും സഹോദരിയുമടക്കം നാലുപേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു.

അപകടത്തിൽ ഹേമമാലിനിക്കും പരുക്കേറ്റിരുന്നു.ഹേമാലിനിയെ ഉടൻ പ്രദേശത്തെ താലൂക്ക് ആശുപത്രിയിലും പിന്നീട് ജയ്പൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ഗുരുതരമായി പരുക്കേറ്റു വഴിയിൽക്കിടന്ന നാലുവയസ്സുകാരിയെ അരമണിക്കൂർ കഴിഞ്ഞാണ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.