കോർട്ടിന്റെ ഓസ്കർ നോമിനേഷനും വിവാദത്തിലേക്ക്

ഈ വർഷത്തെ ഇന്ത്യയില്‍ നിന്നുള്ള ഓസ്കർ നോമിനേഷനും വിവാദത്തിലേക്ക്. എല്ലാ വർഷവും വിവാദങ്ങൾ ഓസ്കർ നോമിനേഷനോട് അനുബന്ധിച്ച് ഉണ്ടാകാറുണ്ട്. ഇതു വരെ പുതിയ നോമിനേഷനെക്കുറിച്ചു വിവാദങ്ങൾ ഉയർന്നിരുന്നില്ല. മറാത്തി ചിത്രമായ കോർട്ടിനാണ് ഈ വർഷത്തെ ഓസ്കർ നോമിനേഷൻ. കോർട്ടിന് നോമിനേഷൻ നൽകുന്നതിൽ ജൂറി ചെയർമാനായിരുന്ന അമോൽ പലേക്കറിനു താത്പര്യമില്ലായിരുന്നുവെന്ന രാഹുൽ റാവെലിന്റെ പരാമർശമാണു വിവാദങ്ങൾക്കു തിരി കൊളുത്തിയിരിക്കുന്നത്.

ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ (FFI)യുടെ 17 അംഗ സമിതിയാണു ഓസ്കറിനുള്ള ഇന്ത്യൻ ചിത്രത്തെ തെര‍ഞ്ഞെടുക്കുന്നത്. കോർട്ട് ഐകകണ്ഠേനയാണു തെരഞ്ഞെടുക്കപ്പെട്ടതെന്നു പ്രഖ്യാപിച്ച് എഫ് എഫ് ഐ സെക്രട്ടറി ജനറൽ സുപ്രൻ സെൻ രംഗത്തെത്തി. റാവെലിന്റെ അഭിപ്രായം അദ്ദേഹത്തിന്റെ സ്വന്തമാണെന്നും മാധ്യമങ്ങളോടു പറയുന്നതിനു മുൻപ് അദ്ദേഹം എഫ് എഫ് ഐ ചെയർമാനോടായിരുന്നു ഈ അഭിപ്രായം പറയേണ്ടിയിരുന്നതെന്നും സെൻ പറഞ്ഞു.

എഫ് എഫ് ഐ സെലക്ഷൻ കമ്മിറ്റി അംഗമായിരുന്ന രാഹുൽ റാവെൽ അവസാനവട്ട വോട്ടെടുപ്പ് നടത്തുന്നതിനു തൊട്ടുമുൻപാണു രാജിവെച്ചത്. പലേക്കറുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണു രാജിയെന്നു പിന്നീട് ട്വിറ്ററിലൂടെ റാവെൽ വെളിപ്പെടുത്തിയിരുന്നു. ഓസ്കർ നോമിനേഷൻ ലഭിക്കാൻ ഏറ്റവും അർഹതയുള്ള ചിത്രം തന്നെയാണ് കോർട്ട്. കോർട്ടിനു നോമിനേഷൻ ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും റാവെൽ വെളിപ്പെടുത്തി.

കോർട്ടിനെ ഓസ്കറിനു പരിഗണിക്കുന്നതിൽ പലേക്കറിനു താത്പര്യം തീരെയില്ലായിരുന്നുവെന്ന് റാവെൽ ആരോപിച്ചു. അവസാനം തന്റെ അലോസരം മറച്ചുവെച്ച് കോർട്ടിനു വോട്ടു ചെയ്യുകയായിരുന്നു പലേക്കറെന്ന് റാവെൽ ആരോപിക്കുന്നു. റാവെലിന്റെ വാക്കുകൾ തന്നെ വേദനിപ്പിച്ചുവെന്ന് പലേക്കർ പിന്നിട് പ്രതികരിച്ചു.

നേരത്തെ പത്തേമാരി, മസ്സാന്‍, മാര്‍ഗരിറ്റാ വിത്ത് എ സ്ട്രോ, കാക്കമുട്ടൈ എന്നീ ചിത്രങ്ങളാണ് അവസാന റൗണ്ടില്‍ കോര്‍ട്ടിനൊപ്പം പരിഗണിക്കപ്പെട്ടതെന്നും എന്നാല്‍ ജൂറിയുടെ പരിഗണനപ്പട്ടികയില്‍ പത്തേമാരി മുന്‍നിരയില്‍ എത്തിയെങ്കിലും ഓസ്കറിലെ മറ്റുചില സാധ്യതകള്‍ കൂടി പരിഗണിച്ചപ്പോള്‍ കോര്‍ട്ടിന് നറുക്ക് വീഴുകയായിരുന്നുവെന്ന് ഓസ്കര്‍ എന്‍ട്രി ജൂറിയില്‍ അംഗമായിരുന്ന പ്രശസ്ത സംവിധായകന്‍ കെ മധു മനോരമ ഓണ്‍ലൈനോട് പറഞ്ഞിരുന്നു.