പോണ്‍നിരോധനം; സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമെന്ന് രാമു

രാജ്യത്ത് അശ്ലീല വെബ്സൈറ്റുകള്‍ക്ക് സര്‍ക്കാര്‍ അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തിയതില്‍ പ്രതിഷേധവുമായി ഒരുവിഭാഗം രംഗത്തെത്തി കഴിഞ്ഞു. രാജ്യത്ത് അശ്ലീല വെബ്സൈറ്റുകൾക്കു ബിഎസ്എൻഎൽ അടക്കം പ്രമുഖ ഇന്റർനെറ്റ് സേവനദാതാക്കൾ നിരോധനം ഏർപ്പെടുത്തി.

താലിബാനും ഐഎസും സ്വാതന്ത്ര്യത്തിന് നേരെ നടത്തുന്ന കയ്യേറ്റം പോലെയാണ് പോണ്‍ നിരോധനവുമെന്ന് രാം ഗോപാല്‍ വര്‍മ പറയുന്നു. ആര്‍ക്കും ഒരു ഉപദ്രവവും ചെയ്യാതെ അശ്ലീലം കാണുന്നവരോട് ഇനിയിത് കാണണ്ട എന്ന് പറയുന്നത് സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും രാമു പറഞ്ഞു.

ഒന്നും രണ്ടുമല്ല കുറിക്കുകൊള്ളുന്ന ട്വീറ്റുകളാണ് ഈ വിഷയത്തില്‍ രാമു ചെയ്തിരിക്കുന്നത്. റോഡില്‍ വണ്ടിയോടിക്കുന്നത് കാരണം അപകടങ്ങള്‍ ഉണ്ടാകുന്നു എന്ന് കരുതി വണ്ടിയോടിക്കുന്നത് നിര്‍ത്തുമോ. രാമു ചോദിക്കുന്നു.

പോണ്‍ ഇന്ത്യയില്‍ നിരോധിച്ചു. ഇന്ത്യയില്‍ ഇനി ലൈംഗിക അക്രമങ്ങള്‍ കൂടുകയോ കുറയുകയോ എന്നു കാത്തിരുന്ന് കാണാം. ഉദയ് ചോപ്ര ട്വീറ്റ് ചെയ്തു. പാര്‍ലമെന്റില്‍ അശ്ലീല വീഡിയോ കണ്ട നേതാക്കളുടെ പാര്‍ട്ടി തന്നെയാണ് അശ്ലീല സൈറ്റുകള്‍ നിരോധിക്കുന്നത് എന്നതാണ് മറ്റൊരു തമാശ. സംഗീത സംവിധായകന്‍ വിശാല്‍ ദദ്‌ലാനി പറയുന്നു.

പോണ്‍ സൈറ്റുകള്‍ നിരോധിക്കാനുള്ള നീക്കം അസംബന്ധമാണ് സംവിധായിക സോയ അക്തര്‍ പറയുന്നു. ഗാര്‍ഹിക പീഡനവും സ്ത്രീ സുരക്ഷയും പോലുള്ള പ്രധാനപ്പെട്ട കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിന് പകരം അശ്ലീല സൈറ്റുകള്‍ നിരോധിക്കുന്നതില്‍ എന്ത് കാര്യമെന്നും സോയ ചോദിക്കുന്നു.