ഒബാമയ്ക്കും മിഷേലിനുമൊപ്പം പ്രിയങ്ക ചോപ്ര

വൈറ്റ് ഹൗസില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെയും ഭാര്യ മിഷേല്‍ ഒബാമയെയും പരിചയപ്പെടാനും ഒപ്പമിരുന്ന് ഡിന്നറിൽ പങ്കെടുക്കാനും സാധിച്ചതിന്റെ സന്തോഷത്തിലാണ് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. പ്രസിഡന്റ് ബരാക്ക് ഒബാമ ആകര്‍ഷക വ്യക്തിത്വത്തിനുടമയും തമാശക്കാരനുമാണെന്ന് പ്രിയങ്ക പറയുന്നു.

വൈറ്റ് ഹൗസില്‍ ശനിയാഴ്ച വൈകുന്നേരം നടന്ന 'കറസ്‌പോണ്ടന്‍സ് ഡിന്നറി'ലാണ് പ്രിയങ്കയ്ക്ക് ക്ഷണമുണ്ടായിരുന്നത്. നോണ്‍പ്രോഫിറ്റ് വൈറ്റ്ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷനാണ് വര്‍ഷം തോറും ഈ അത്താഴ വിരുന്ന് സംഘടിപ്പിക്കുന്നത്. വൈറ്റ് ഹൗസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നിരന്തരം ചെയ്യുന്ന പത്രപ്രതിനിധികള്‍ ചേര്‍ന്ന് രൂപീകരിച്ച സംഘടനയാണിത്.

ഹോളിവുഡ് ഹാസ്യതാരം ലാറി വില്‍മോറായിരുന്നു ആതിഥേയന്‍. ഓസ്‌കര്‍ ജേതാക്കളായ ഹെലെന്‍ മിറെന്‍, ജാറെഡ് ലെറ്റൊ, 'ബ്രേക്കിംഗ് ബാഡ്' നടന്‍ ബ്രയാന്‍ ക്രാന്‍സ്റ്റണ്‍, വില്‍ സ്മിത്ത്, ജെഫ് ഗോള്‍ഡ്ബ്ലം, ടോം ഹിഡിള്‍സ്ടണ്‍, നടി റേച്ചല്‍ മക് ആഡംസ് തുടങ്ങി നീണ്ട താരനിരതന്നെ വിരുന്നിനെത്തിയിരുന്നു.

'ക്വാണ്ടിക്കോ' എന്ന ഹോളിവുഡ് ടെലിവിഷന്‍ പരമ്പരയിലെ അഭിനയത്തിലൂടെ അമേരിക്കയിലും താരമാണ് പ്രിയങ്ക. മാത്രമല്ല ടൈം മാസികയുടെ കവർപേജിലും പ്രിയങ്കയെ തിരഞ്ഞെടുത്തു. ഡ്വെയ്ന്‍ ജോണ്‍സണൊപ്പം 'ബേ വാച്ച്' സിനിമയില്‍ അഭിനയിക്കുകയാണ് പ്രിയങ്ക ഇപ്പോള്‍.