സരബ്ജിത്തായി രണ്‍ദീപ്; സഹോദരിയായി ഐശ്വര്യ

വര്‍ഷങ്ങളോളം പാക് ജയിലില്‍ വധശിക്ഷ കാത്തുകഴിഞ്ഞ ഇന്ത്യക്കാരനായ സരബ്ജിത്ത് സിങ്ങിന്റെ ജീവിതകഥ സിനിമയാകുന്നു. സരബ്ജിത്തിന്‍റെ സഹോദരിയുടെ വേഷത്തില്‍ ബോളിവുഡ് സുന്ദരി ഐശ്വര്യ റായി എത്തുന്നുവെന്ന് വാര്‍ത്ത വന്നിരുന്നു. സരബ്ജിത്ത് എന്ന് പേരിട്ട സിനിമയില്‍ ടൈറ്റില്‍ റോള്‍ കൈകാര്യം ചെയ്യുന്നത് രണ്‍ദീപ് ഹൂഡയാണ്.

മേരി കോമിന്റെ ജീവിതകഥ സിനിമയാക്കിയ സംവിധായകന്‍ ഒമൗങ് കുമാര്‍ ആണ് സരബ്ജിത്തിന്റെയും സംവിധായകന്‍. പാക്കിസ്ഥാനിലെ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് തീവ്രവാദിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ടയാളാണ് സരബ്ജിത്ത് സിങ്. ഐശ്വര്യയുടെയും രണ്‍ദീപിന്‍റെയും കരിയറിലെ ശക്തമായ കഥാപാത്രങ്ങളിലൊന്നാകും സരബ്ജിത്തിലേത്. രണ്‍ദീപും ഐശ്വര്യയും ഇതാദ്യമായാണ് ഒരു സിനിമയ്ക്കുവേണ്ടി ഒന്നിക്കുന്നത്.

1991ല്‍ പാക് കോടതി സരബ്ജിത്തിനെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെ ശക്തമായ ഇടപെടല്‍മൂലം 2008ല്‍ സരബ്ജിത്തിനെ തൂക്കിലേറ്റുന്നത് പാക് സര്‍ക്കാര്‍ അനിശ്ചിതമായി നീട്ടി. എന്നാല്‍ 2013ല്‍ ജയിലില്‍വെച്ച് ക്രൂരമായി മര്‍ദ്ദനമേറ്റ സരബ്ജിത്ത് കൊല്ലപ്പെടുകയായിരുന്നു.

സഹതടവുകാരാണ് മര്‍ദ്ദിച്ചതെന്നാണ് പാക്കിസ്ഥാന്‍ അറിയിച്ചതെങ്കിലും സരബ്ജിത്തിന്റെ മരണം സംബന്ധിച്ച ദുരൂഹത ഇപ്പോഴും നിലനില്‍ക്കുകയാണ്. സരബ്ജിത്തിന്‍റെ സഹോദരി ദല്‍ബിര്‍ കൗര്‍ സഹോദരന്‍റെ മോചനത്തിനായി കഷ്ടപ്പെട്ടുവെങ്കിലും എല്ലാം വിഫലമാകുകയായിരുന്നു.