18 വർഷം മുമ്പുള്ള ആഷിന്റെയും രൺബീറിന്റെയും ഫോട്ടോ വൈറലാകുന്നു

രണ്‍ബീര്‍ കപൂറും ഐശ്വര്യാ റായിയും കേന്ദ്രകഥാപാത്രങ്ങളായ കരണ്‍ ജോഹര്‍ ചിത്രം യേ ദില്‍ ഹേ മുഷ്‌കില്‍ റിലീസിനൊരുങ്ങുകയാണ്. രണ്‍ബീര്‍-ഐശ്വര്യും പ്രണയജോഡികളായാണ് എത്തുന്നത്. ചിത്രത്തിൽ ഇരുവരും ഇഴുകിചേർന്ന് അഭിനയിക്കുന്ന രംഗങ്ങൾ വിവാദം സൃഷ്ടിച്ചിരുന്നു.

ഇപ്പോഴിതാ ഐശ്വര്യ–രൺബീർ ജോഡികളുടെ 18 വർഷം മുമ്പുള്ള ചിത്രം ഫെയ്സ്ബുക്കിൽ വൈറലാകുന്നു. ഐശ്വര്യാ റായ് പതിനെട്ടാം വയസ്സില്‍ സൗന്ദര്യമത്സരങ്ങളിലും സിനിമയിലും സജീവമായിരുന്ന കാലത്ത് രൺബീറിനൊപ്പം എടുത്ത ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

എഴുത്തുകാരനും സംവിധായകനുമായ റൂമി ജഫ്രിയാണ് രൺബീറിന്റെ പിറന്നാൾ ദിനം ഈ ചിത്രം ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്. രണ്‍ബീറിന്റെ പിതാവ് ഋഷി കപൂര്‍ ആദ്യമായി സംവിധാനം ചെയ്ത അക്ഷയ് ഖന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ വിദേശത്ത് വച്ചെടുത്തതാണ് ഈ ഫോട്ടോ. അമേരിക്കയില്‍ വച്ച് ഐശ്വര്യക്കൊപ്പം പോസ് ചെയ്ത ചിത്രമെടുത്തപ്പോള്‍ ആഷിനൊപ്പം തന്നെ കാണാന്‍ എങ്ങിനെയുണ്ടെന്ന് രണ്‍ബീര്‍ ചോദിച്ചതായി ചിത്രം ട്വിറ്ററില്‍ ഷെയര്‍ ചെയ്ത റൂമി ജാഫ്രി പറയുന്നു. ആ അബ് ചലോ എന്നായിരുന്നു സിനിമയുടെ പേര്.