സൽമാനെ വിമർശിച്ച മിൽഖാ സിങിന് സലിം ഖാന്റെ മറുപടി

ബോളിവുഡ് താരം സല്‍മാന്‍ ഖാനെ റിയോ ഒളിംപിക്സിനുള്ള ഇന്ത്യന്‍ സംഘത്തിന്റെ ഗുഡ്‌വിൽ അംബാസഡറാക്കിയതില്‍ പ്രമുഖ കായിക താരങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ‘പറക്കും സിങ്’ എന്നറിയപ്പെടുന്ന മില്‍ഖാ സിങും ഗുസ്തിക്കാരനായ യോഗേശ്വര്‍ ദത്തുമാണ് രംഗത്തത്തെിയത്.

സല്‍മാനെ അംബാസഡറാക്കുന്നത് തെറ്റായ തീരുമാനമാണെന്ന് മില്‍ഖ പറഞ്ഞു. കായികതാരങ്ങള്‍ തന്നെ രാജ്യത്തിന്റെ അംബാസഡര്‍മാരാണെന്ന് മില്‍ഖ അഭിപ്രായപ്പെട്ടു. ബോളിവുഡ് താരം കായികരംഗത്തിന്റെ ബ്രാന്‍ഡ് അംബാസഡറാകുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ മിൽഖയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി സൽമാന്‍ ഖാന്റെ അച്ഛൻ സലിം ഖാൻ രംഗത്തെത്തി. സൽമാൻ കായികരംഗത്ത് മത്സരിച്ചിട്ടില്ലെങ്കിലും നല്ലൊരു നീന്തലുകാരനും സൈക്ലിസ്റ്റും വെയ്റ്റ് ലിഫ്റ്ററുമാണെന്ന് അദ്ദേഹം പറഞ്ഞു. സൽമാൻ ബോളിവുഡിന്റെ അല്ല ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പി.ടി. ഉഷയെയും മില്‍ഖാ സിങിനെയും പോലുള്ള താരങ്ങള്‍ രാജ്യത്തിനായി കഷ്ടപ്പെട്ടിട്ടുണ്ടെന്നും എന്നാൽ ഈ അംബാസഡര്‍ കായികരംഗത്തിനായി എന്തുചെയ്തെന്നും സല്‍മാന്റെ പേരുപറയാതെ യോഗേശ്വര്‍ ദത്ത് ചോദിച്ചു. സിനിമയുടെ പ്രചാരണത്തിന് ഒളിമ്പിക്സിനെ വേദിയാക്കരുതെന്നും യോഗേശ്വര്‍ ട്വിറ്ററില്‍ കുറിച്ചു.