സിനിമ ടിക്കറ്റ് നൽകിയില്ല: യുവാവ് ആത്മഹത്യ ചെയ്തു

തന്റെ ഇഷ്ട താരത്തിന്റെ സിനിമയ്ക്ക് ടിക്കറ്റ് കിട്ടാത്തതിനാൽ യുവാവ് ആത്മഹത്യ ചെയ്തു. സൽമാൻ ഖാനും സോനം കപൂറും പ്രധാന വേഷത്തിലെത്തുന്ന പ്രേം രത്തൻ ദൻ പായോ എന്ന ചിത്രം കാണുന്നതിനായുള്ള ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്നാണ് യുവാവ് ആത്മഹത്യ ചെയ്തത്. സൽമാൻ ഖാന്റെ കടുത്ത ആരാധകനായ ഇൻഡോർ സ്വദേശി ധർമ്മേന്ദ്രയാണ് ജീവനൊടുക്കിയത്.

ഇന്‍ഡോറിലെ അനൂപ് ടാക്കീസിൽ വ്യാഴാഴ്ച സെക്കന്റ് ഷോയ്ക്ക് ടിക്കറ്റെടുക്കാൻ ചെന്ന യുവാവിനെ ക്യൂ തെറ്റിച്ചു എന്ന കാരണത്താൽ തിയേറ്ററിൽ നിന്ന് പുറത്താക്കുകയായിരുന്നു. തുടർന്ന് തിയറ്റർ മാനേജറുമായി തർക്കത്തിലേർപ്പെട്ട യുവാവ് ഏറെ മനോവിഷമത്താലാണ് തിയറ്റർ വിട്ടതെന്ന് ബന്ധുക്കൾ പറയുന്നു.

ടിക്കറ്റ് ലഭിക്കാതെ അപമാനിതനായത് ധർമ്മേന്ദ്രയ്ക്ക് കടുത്ത മാനസികാഘാതം ഉണ്ടാക്കിയെന്ന് സഹോദരൻ രാകേഷ് പോലീസിനോട് പറഞ്ഞു. അനൂപ് ടാക്കീസിലെ മാനേജറും സുഹൃത്തുക്കളും ചേർന്ന ധർമ്മേന്ദ്രയെ മർദ്ദിച്ചെന്നും രാകേഷ് ആരോപിച്ചു. ഇതിന് മനംനൊന്താണ് തന്റെ സഹോദരൻ ആത്മഹത്യ ചെയ്തത് എന്നാണ് രാകേഷ് പറയുന്നത്.

അതേസമയം ധര്‍മ്മേന്ദ്രയുടെ മരണത്തെ തുടര്‍ന്ന് തിയറ്ററിന് എതിരെ കല്ലേറു നടന്നു. വെള്ളിയാഴ്ച ധര്‍മ്മേന്ദ്രയുടെ ശരീരം അടക്കം ചെയ്തു. തിയറ്റര്‍ അധികൃതര്‍ക്കെതിരെയും കണ്ടാലറിയാവുന്ന ആളുകൾക്കെതിരേയും ആത്മഹത്യ പ്രേരണയ്ക്ക് കേസ് എടുത്തിട്ടുണ്ട്.