സണ്ണി ലിയോൺ ഷോ റദ്ദാക്കി

ബോളിവുഡിൽ തിരക്കേറിയ നായികയായി മാറിയെങ്കിലും പോൺതാരമെന്ന വിശേഷണം ഇപ്പോഴും വേട്ടയാടുകയാണ് സണ്ണി ലിയോണിനെ. ചൂടൻ താരം സണ്ണി ലിയോൺ പങ്കെടുക്കുന്ന 'മെഗാ ബോളിവുഡ് നൈറ്റ്' അധികൃതരുടെ ഇടപെടലിനെ തുടർന്നു റദ്ദാക്കി. ഈ മാസം 11ന് ഏഷ്യൻ ടൗൺ ആംഫിതീയറ്ററിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടിക്കാണ് അധികൃതർ അനുമതി നിഷേധിച്ചത്. ടിക്കറ്റ് തുക മടക്കി നൽകുമെന്നു സംഘാടകർ ഫെയ്‌സ്ബുക്ക് വഴി അറിയിച്ചു.

നടി സണ്ണിലിയോൺ, നടൻ സുനിൽ പാൽ, നർത്തകൻ തമാങ്, ഗായകൻ ഹിമാൽ തുടങ്ങിയവരെ പങ്കെടുപ്പിച്ചു കൊണ്ടു നടത്താൻ നിശ്ചയിച്ചിരുന്ന ഷോയ്ക്കു വേണ്ടി വൻ തയ്യാറെടുപ്പുകളാണു സംഘാടകർ നടത്തിയിരുന്നത്. ജനുവരി ഒന്നിനു നടത്താനിരുന്ന ഷോ പിന്നീടാണ് മാർച്ചിലേക്കു മാറ്റിവച്ചത്. പരിപാടി നടത്തുന്നതിനായി സാംസ്‌കാരിക മന്ത്രാലയം നേരത്തേ അനുമതി നൽകിയിരുന്നുവെങ്കിലും ഇതു സംബന്ധിച്ച വാർത്തകൾ വന്നതോടെ അധികൃതർ ഇടപെട്ടു പരിപാടി ഒഴിവാക്കുകയായിരുന്നു.

ഷോയിൽ സണ്ണി ലിയോൺ പങ്കെടുക്കാൻ പാടില്ലെന്ന് കഴിഞ്ഞ ദിവസം അധികൃതർ അറിയിച്ചുവെന്നും ഇതേ തുടർന്നു ഷോ റദ്ദാക്കാതെ മറ്റു മാർഗമില്ലെന്നും സംഘാടകർ ഒാൺലൈൻ ന്യൂസ് പോർട്ടലിനോടു പറഞ്ഞു. 50 റിയാൽ മുതൽ ആയിരം റിയാൽ വരെയായിരുന്നു ടിക്കറ്റ് നിരക്ക്. ഏഴായിരത്തോളം ടിക്കറ്റുകൾ വിറ്റു പോയിരുന്നതായി സംഘാടകർ അവകാശപ്പെട്ടു. പരിപാടി റദ്ദാക്കിയതുമൂലം ഭീമമായ നഷ്ടമാണ് ഉണ്ടായതെന്നും അവർ അറിയിച്ചു.

സാമൂഹിക മാധ്യമങ്ങളിൽ വിമർശനം ഉയർന്നതിനെ തുടർന്നു ബ്രിട്ടീഷ് സിനിമ 'ഡാനിഷ് ഗേൾ' ദോഹയിലെ തീയറ്ററിർ പ്രദർശിപ്പിക്കുന്നതു നേരത്തേ വിലക്കിയിരുന്നു. 1920കളിൽ ആദ്യലിംഗമാറ്റ ശസ്ത്രക്രിയ്ക്കു വിധേയയായ ഡാനിഷ് കലാകാരി ലില്ലി എൽബിനെക്കുറിച്ചുള്ള സിനിമയിലെ നഗ്നരംഗങ്ങളും പ്രമേയവുമാണു വിമർശനത്തിനിടയാക്കിയത്.