ബോളിവുഡ് നടി ഊര്‍മിള മണ്ഡോദ്കർ വിവാഹിതയായി

പ്രീതി സിന്റയ്ക്ക് പിന്നാലെ ബോളിവുഡ് സുന്ദരി ഊര്‍മിള മണ്ഡോദ്കറും വിവാഹിതയായിരിക്കുന്നു. കശ്മീരി മോഡലും ബിസിനസുകാരനുമായ അക്തര്‍ മിര്‍ ആണ് വരന്‍. അതീവ രഹസ്യമായി നടന്ന വിവാഹത്തില്‍ താരത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തായ മനിഷ് മല്‍ഹോത്ര മാത്രമാണ് ബോളിവുഡില്‍ നിന്നുമെത്തിയ അതിഥി.

ഊർമിളയെക്കാൾ പത്ത് വയസിന് ഇളയതാണ് അക്തർ മിർ. വിവാഹം ലളിതമായ രീതിയിൽ നടത്തണമെന്ന ആഗ്രഹം കൊണ്ടാണ് ആർഭാടം കുറച്ചതെന്ന് ഊർമിള പറയുന്നു.

രാം ഗോപാൽ വർമയുടെ പ്രിയ നായികായിരുന്നു ഊർമിള. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ താരം തിളങ്ങി. രംഗീല, സത്യ, പ്യാര്‍ തുനെ ക്യാ കിയാ, പിന്‍ജര്‍, ഭൂത് തുടങ്ങിയ സിനിമകളിലൂടെ ബോളിവുഡിന്റെ മനംകവര്‍ന്ന നായിക മലയാളത്തിൽ 'തച്ചോളി വ‍ർഗീസ് ചേകവറി'ൽ മോഹൻലാലിന്റെ നായികയായി അഭിനയിച്ചിട്ടുണ്ട്. 2014ൽ പുറത്തിറങ്ങിയ അജോബ എന്ന മറാത്തി ചിത്രത്തിലാണ് നടി അവസാനമായി അഭിനയിച്ചത്.