പുരസ്കാരം തിരിച്ചുനൽകാനുള്ളതല്ല: വിദ്യാ ബാലൻ

ദേശീയ പുരസ്കാരം തിരിച്ചു നല്‍കില്ലെന്ന് ബോളിവുഡ് നടി വിദ്യാ ബാലന്‍. പുരസ്കാരം തനിക്കു നല്‍കിയത് ഈ സര്‍ക്കാരല്ലെന്നും രാജ്യത്തെ ജനങ്ങളാണെന്നും വിദ്യ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

അതേസമയം താൻ രാഷ്ട്രീയത്തിലേക്കു പ്രവേശിക്കാൻ താല്‍‌പര്യപ്പെടുന്നില്ലെന്നും വിദ്യ പറഞ്ഞു. സാമൂഹിക വിഷയങ്ങളിൽ പ്രവർത്തിക്കണോയെന്നത് ഒരു വ്യക്തിയുടെ തീരുമാനമാണ്, ഒരു പ്രത്യേക കാര്യത്തിനു വേണ്ടി പ്രവർത്തിക്കാൻ ആരും നിർബന്ധിക്കപ്പെടരുതെന്നും വിദ്യ പറഞ്ഞു പുനെ ഫിലിം ഇന്‍സ്റിറ്റ്യൂട്ട് സമരത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചും രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയില്‍ പ്രതിഷേധിച്ചും ചലച്ചിത്ര പ്രവര്‍ത്തകര്‍ പുരസ്കാരം തിരികെ നല്‍കുന്ന സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.

2012 ലെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാര ജേതാവാണ് വിദ്യാ ബാലന്‍. 'ഡേര്‍ട്ടി പിച്ചര്‍' എന്ന സിനിമയിലെ അഭിനയത്തിനാണ് പുരസ്കാരം ലഭിച്ചത്. 2014 ൽ രാജ്യം പത്മശ്രീ നൽകിയും നടിയെ ആദരിക്കുകയുണ്ടായി. സിനിമാ സംവിധായകന്‍മാരായ ആനന്ദ് പട്വര്‍ധന്‍, ദിബാകര്‍ ബാനര്‍ജി എന്നിവരടക്കം 11 ഓളം സിനിമാ മേഖലയിലെ വ്യക്തികള്‍ മോഡി സര്‍ക്കാരിനെതിരേയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി പുരസ്‌കാരം തിരിച്ചു നല്‍കിയിരുന്നു.