മുടി ചുവപ്പിക്കാൻ കത്രീനയ്ക്ക് അര കോടി; കണ്ണുതള്ളി നിർമാതാവ്

കോടികൾ ചിലവാക്കുന്നതിൽ യാതൊരു മടിയും കാട്ടാത്തവരാണ് ബോളിവുഡ് നിർമാതാക്കൾ. എന്നാൽ പുതിയ സിനിമയിൽ കത്രീന കൈഫിന്റെ മുടിയൊന്ന് ചുവപ്പിക്കാൻ നിർമാതാവിന്റെ പോക്കറ്റിൽ നിന്നും ഇറങ്ങിയത് ഒന്നും രണ്ടുമല്ല 55 ലക്ഷം രൂപയാണ്.

ഫിത്തൂർ എന്ന പുതിയ ചിത്രത്തിനായാണ് കത്രീന നിർമാതാക്കളുടെ പോക്കറ്റ് കാലിയാക്കിയത്. കത്രീനയ്ക്കായി ലോക്കൽ ഹെയർ സ്റ്റൈലിസ്റ്റിനെ ആയിരുന്നു നിർമാതാക്കൾ ആദ്യം കൊണ്ടുവന്നത്. എന്നാൽ ഇത് തൃപ്തിയാകാതെ വന്നപ്പോൾ ലണ്ടനിലെ വലിയൊരു ഹെയർ സ്റ്റൈലിസ്റ്റിനെ കത്രീന തന്നെ നിർദ്ദേശിക്കുകയായിരുന്നു.

ഇതിനായി എല്ലാ മാസവും കത്രീന ലണ്ടനിലേക്ക് പറന്നുകൊണ്ടിരുന്നു. ഫിത്തൂറിന്റെ ചിത്രീകരണത്തിനായി മാത്രമായിരുന്നു ഈ വിമാനയാത്ര. വിമാനയാത്രയ്ക്കും ഹെയർ സ്റ്റൈലിസ്റ്റിനുമൊക്കെയായി ഈ വകയിൽ നിർമാതാവിന് ചിലവായത് 55 ലക്ഷം രൂപയാണ്.

ആദിത്യ റോയ് കപൂറും കത്രീന കെയ്ഫും നായികനായകന്മാരായി എത്തുന്ന ഫിത്തൂർ സംവിധാനം ചെയ്തിരിക്കുന്നത് അഭിഷേക് കപൂർ ആണ്.ചാൾസ് ഡിക്കെൻസ് എഴുതിയ ‘ദ് ഗ്രേറ്റ് എക്സ്പെക്റ്റേഷൻസ്’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം എടുത്തിരിക്കുന്നത്.