കറുത്ത കുപ്പായം ഇനി അഫ്ളെക്കിന്

ബെൻ അഫ്ളെക്ക്

അങ്ങനെ അതിനൊരു തീരുമാനമായി. ബാറ്റ്മാനും സൂപ്പർമാനും ഒരു ചിത്രത്തിലൊന്നിക്കുന്നു എന്ന വാർത്ത കേട്ടപ്പോൾ തുടങ്ങിയ ആകാംക്ഷയാണ് ആര് ബാറ്റ്മാനാകും എന്നത്. മൈക്കൽ കീറ്റൺ, വാൽ കിൽമെർ, ജോർജ് ക്ലൂണി, ക്രിസ്റ്റ്യൻ ബെയ്ൽ എന്നിവർ അനശ്വരമാക്കിയ ബാറ്റ്മാന്റെ കറുത്ത കുപ്പായം ഇനി അണിയുന്നത് നടനും സംവിധായകനുമായ ബെൻ അഫ്ളെക്കാണ്.

നോളൻ ചിത്രങ്ങളിലെ ബാറ്റ്മാനായി തകർത്താടിയ ക്രിസ്റ്റ്യൻ ബേൽ ഈ വേഷത്തിൽ നിന്നും പിന്മാറിയതിനെ തുടർന്നാണ് വാർണർ ബ്രദേഴ്സ് പുതിയ ബാറ്റ്മാനെ തിരഞ്ഞു തുടങ്ങിയത്. ജോഷ് ബ്രോളിൻ, ജോയ് മൻഗാനിയെല്ലോ, റിച്ചാർഡ് അർമിറ്റാജ് എന്നിവരെയായിരുന്നു പരിഗണിച്ചിരുന്നത്. അവസാനം നറുക്ക് വീണത് ബെന്നിനും.

ഈ വർഷം പുറത്തിറങ്ങിയ മാൻ ഓഫ് സ്റ്റീൽ എന്ന ചിത്രത്തിന്റെ തുടർഭാഗത്തിലായിരിക്കും ലോകോത്തര സൂപ്പർഹീറോകൾ ഒരുമിച്ചെത്തുക. മാൻ ഓഫ് സ്റ്റീൽ സംവിധാനം ചെയ്ത സാക്ക് സ്നൈഡർ തന്നെയാണ് ഈ ചിത്രവും ഒരുക്കുന്നത്. ഹെൻറി കാവിൽ തന്നെ ആയിരിക്കും രണ്ടാം ഭാഗത്തിലും സൂപ്പർമാൻ. 2015ൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ആദ്യ ലോഗോ ഈയിടെ വെളിപ്പെടുത്തിയിരുന്നു. ജൂലൈ 17 2015 ആണ് റിലീസ് തിയതി.

ബാറ്റ്മാനെങ്കിൽ അത് ബെയ്ൽ തന്നെ...

ജോർജ് ക്ലൂണിയിലൂടെ കണ്ടുതുടങ്ങിയ ബാറ്റ്മാൻ ജനപ്രിയമാകുന്നത് നോളൻ ചിത്രങ്ങളിലൂടെയാണ്. ബാറ്റ്മാൻ ബിഗിൻസിൽ ആരംഭിച്ച ജൈത്രയാത്രയിൽ ക്രിസ്റ്റ്യൻ ബെയ്ൽ എന്ന നടൻ ബാറ്റ്മാനെ അനശ്വരമാക്കി. നോളൻ ഇഫക്ടും ഹീത്ത് ലൈഡ്ജറിന്റെ ജോക്കർ പ്രകടനവുമൊക്കെ കൂടിയപ്പോൾ ചിത്രത്തിനൊപ്പം ബാറ്റ്മാൻ കഥാപാത്രവും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായി. ഈ സീരിസിലെ അവസാന ചിത്രം ദ ഡാർക്ക് നൈറ്റ് റൈസസ് ആയിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചതും.

ക്രിസ്റ്റ്യൻ ബെയ്ൽ അല്ലാതെ ബ്രൂസ് വെയ്നായി (ബാറ്റ്മാൻ) മറ്റൊരു നടനെ സങ്കൽപ്പിക്കാൻ ആരാധകർക്കാകുമോ എന്ന കാര്യം സംശയമാണ്. കാരണം അത്രയ്ക്ക് വലുതാണ് പ്രേക്ഷകമനസ്സുകളിൽ നോളനും ബെയ്ലും ചേർന്ന് സൃഷ്ടിച്ച വവ്വാൽ മനുഷ്യന്റെ സ്ഥാനം.

ഇനി ബാറ്റ്—അഫ്ളെക്ക്...

നാൽപ്പത്തിയൊന്നുകാരനായ ബെൻ ചില്ലറക്കാരനല്ല. അദേഹം തന്നെ സംവിധാനം ചെയ്ത് പ്രധാന വേഷത്തിലെത്തിയ ആർഗോ എന്ന ചിത്രമായിരുന്നു 2012 ലെ ഓസ്കാർ പുരസ്കാരത്തിൽ മികച്ച ചിത്രമായി തെരഞ്ഞെടുത്തത്. മൂന്ന് പുരസ്കാരങ്ങൾ ചിത്രത്തിന് ലഭിക്കുകയുണ്ടായി.

മാത്രമല്ല സൂപ്പർഹീറോ പരിവേഷം ബെന്നിന് എത്തുന്നത് ഇതാദ്യമല്ല. 2003ൽ പുറത്തിറങ്ങിയ ഡെയർഡെവിൾ എന്ന ചിത്രത്തിൽ അദേഹം സൂപ്പർഹീറോ ആയി എത്തിയിരുന്നു. ദ ടൗൺ, ഗുഡ്വിൽ ഹണ്ടിങ് എന്നിവയാണ് പ്രധാന ചിത്രങ്ങൾ.

ബെൻ അഫ്ളെക്കിനെ ബാറ്റ്മാനാക്കിയതിൽ പലരും അനിഷ്ടം പ്രകടിപ്പിച്ച് കഴിഞ്ഞു. സോഷ്യൽ മീഡിയാ സൈറ്റുകളിൽ വലിയ ചർച്ച തന്നെയാണ് നടക്കുന്നത്. ബെയ്ൽ ബാറ്റ്മാനല്ലാത്ത ചിത്രം കാണില്ലെന്ന് പറയുന്നവർ ഏറെ.

വാൽക്കഷ്ണം: ണ്ട‘ണ്ഡ nഗ്നന്ധ ക്കക്ഷത്സന്റദ്ധ,്ര ണ്ട‘ണ്ഡ ക്കnദ്ദത്സത്ന