സ്പീൽബർഗ് ഫോബ്സ് താരപ്പട്ടികയിലെ താരം

സ്റ്റീവൻ സ്പീൽബർഗ്

ഏറ്റവും സ്വാധീനശക്തിയുള്ള സെലിബ്രിറ്റിയായി സംവിധായകൻ സ്റ്റീവൻ സ്പീൽബർഗിനെ(67) ഫോബ്സ് മാസിക തിരഞ്ഞെടുത്തു. പിന്നിട്ട വർഷം പട്ടികയിൽ ഒന്നാമതായിരുന്ന ടിവി ശൃംഖല ഉടമ ഓപ്ര വിൻഫ്രിയെ പിന്തള്ളാൻ അടുത്തിടെ സംവിധാനം ചെയ്ത ലിങ്കൺഎന്ന ചിത്രത്തിലൂടെ ലഭിച്ച മേൽക്കൈയാണ് സ്പീൽബർഗിന് തുണയായതെന്നാണ് വിലയിരുത്തൽ.

12 ഓസ്കർ നോമിനേഷനുകൾ നേടിയ ലിങ്കൺ ചിത്രം 275 ദശലക്ഷം ഡോളറാണ് ആഗോളതലത്തിൽ ബോക്സ് ഓഫിസിൽ കൊയ്തത്. ടിവി, പത്രം, സോഷ്യൽ മീഡിയ എന്നീ മേഖലകളിൽ ഒരു വ്യക്തിക്കു ചെലുത്താനായ സ്വാധീനമാണ് സെലിബ്രിറ്റി പട്ടിക തയ്യാറാക്കാൻ പ്രധാനമായും ഫോബ്സ് മാനദണ്ഡമാക്കുന്നത്.

പിന്നിട്ട വർഷത്തെ സെലിബ്രിറ്റി താരം ടിവി ശൃംഖല ഉടമ ഓപ്ര വിൻഫ്രിയെ പിന്തള്ളിയാണ് സ്പീൽബർഗിന്റെ നേട്ടം. ഫോബ്സിന്റെ സെലിബ്രിറ്റി സർവേയിൽ പങ്കെടുത്ത 47 % പേർ സ്പീൽബർഗിനെ തുണച്ചു. വിൻഫ്രിക്ക് 45 % പിന്തുണ നേടാനേ കഴിഞ്ഞുള്ളു. ഫോബ്സ് 1999ൽ ഇൗ പട്ടിക തയാറാക്കിത്തുടങ്ങിയ കാലം മുതൽ ഓപ്ര ലിസ്റ്റിലുണ്ട്. അഞ്ചുതവണ അവർ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു. സംവിധായകനും സ്റ്റാർവാർസ് ചിത്രത്തിന്റെ സ്രഷ്ടാവുമായ ജോർജ് ലൂക്കാസാണ് മൂന്നാം സ്ഥാനത്ത്.