മഹേഷ് ഉഴപ്പാണെന്ന് കരുതി. പക്ഷേ ?

മഹേഷിന്റെ പ്രതികാരത്തിന്റെ ഷൂട്ടിങ്ങ് കണ്ടപ്പോൾ ഇത് ഉഴപ്പാണെന്ന് കരുതിയെന്ന് ചിത്രത്തിലെ നായികയായ ജിംസിയായി അഭിനയിച്ച അപർണ ബാലമുരളി. പിന്നീട് സിനിമ കണ്ടപ്പോൾ താൻ ശരിക്കും അത്ഭുതപ്പെട്ടെന്നും അവർ പറയുന്നു. മനോരമ ഒാൺലൈനിന്റെ ഐമിമൈസെൽഫിലാണ് അപർണ ഇക്കാര്യം വെളിപ്പെടുത്തിയത്. 

മഹേഷിന്റെ പ്രതികാരത്തിന്റെ ഓഡീഷൻസിനു പോകുമ്പോൾ അത്ഭുതപ്പെടുത്തിയ ഒരു കാര്യം ആഷിഖ് അബുവിന്റെ ബാനറിൽ ഒരു മൂവിയായിരുന്നു അത് എന്നാണ്.  ഡയറക്ടർ ദിലീഷ് പോത്തൻ എന്ന്  ആദ്യം പറഞ്ഞപ്പോൾ മനസിലായില്ല. ഗൂഗിൾ സേർച്ച് ചെയ്തപ്പോഴാണ് സാൾട്ട് ആന്റ് പെപ്പറിൽ അഭിനയിച്ച ആളാണെന്ന് മനസ്സിലായത്.

ഓഡീഷനുപോയപ്പോൾ ഏതു റോളാണെങ്കിലും ചെയ്യാൻ തയാറായിരുന്നു, ആ ടീമിന്റെ കൂടെ പ്രവർത്തിക്കാൻ ആഗ്രഹമുണ്ടായിരുന്നു. പോത്തൻ ചേട്ടൻ കുറേ കാര്യങ്ങൾ പറഞ്ഞിരുന്നു. എനിക്ക് ചിരി വരുമ്പോൾ മാത്രം ചിരിച്ചാൽ മതി. എത്ര സമയമെടുത്തിട്ടാണെങ്കിലും എത്ര ടേക്ക് എടുത്തിട്ടാണെങ്കിലും കുഴപ്പമില്ല. അത്രയും റിലാക്സ് ചെയ്തും ആർട്ടിസ്റ്റിന് കംഫർട്ടബിളുമാക്കിയിട്ടുമാണ് ആ മൂവിയുടെ മുഴുവൻ മേക്കിങ് ഉണ്ടായിട്ടുള്ളത്. ചിത്രത്തിന്റെ ഷൂട്ടിന്റെ സമയത്ത് ഒരു ഐഡിയയും ഉണ്ടായിരുന്നില്ല  ഇതിന്റെ ഔട്ട്പുട്ട് എന്തായിരിക്കുമെന്ന്. കഥ പറഞ്ഞപ്പോൾ ചെരുപ്പിനുവേണ്ടി പ്രതികാരം ചെയ്യുന്ന ആള് എന്നൊക്കെ പറഞ്ഞപ്പോൾ ‘എന്തെങ്കിലും ആകട്ടെ ഫഹദ് ഫാസിന്റെ ഹീറോയിൻ ആണല്ലോ എന്നുമാത്രമേ എന്റെ മനസിൽ ഓടിക്കൊണ്ടിരുന്നുള്ളൂ’. 

ഷൂട്ട് തുടങ്ങിയപ്പോൾ എല്ലാവരും അടിച്ചുപൊളിച്ചു ഇരിക്കുന്നുണ്ട്. 11 മണിയായാൽ ഭാവന സ്റ്റുഡിയോയുടെ താഴെ പൊറോട്ടയും ബീഫും കഴിക്കുന്ന സ്ഥലമുണ്ട്. അവിടെപോയി പൊറോട്ടോയും ബീഫും കഴിക്കുക ഇതൊക്കെയായിരുന്നു പണി.  ‘എന്തായിത് ഉഴപ്പാണെല്ലോ എന്നൊക്കെ’ എനിക്ക് തോന്നി. പക്ഷേ പടം പുറത്തേക്ക് വന്നപ്പോഴാണ് ഇത്രയും മാജിക്കലായിട്ടൊരു മേക്കിങ് ആയിരുന്നു എന്ന് മനസിലായത്. ദിലീഷ് പോത്തൻ എന്ന ഡയറക്ടർ മിണ്ടാപ്പൂച്ച കലം ഉടയ്ക്കും എന്നു പറഞ്ഞതുപോലെ പണി പറ്റിച്ചു.

ഒരു ടെൻഷനും ആ സിനിമ റിലീസ് ആയപ്പോൾ ഉണ്ടായിരുന്നില്ല. ഒരു ദിവസത്തെ ഷൂട്ട് കഴിഞ്ഞ് ക്രിക്കറ്റ് കളിച്ച് കാലൊടിച്ച് ആ കാലും വച്ച് ഞൊണ്ടി ഞൊണ്ടി ഷൂട്ട് ചെയ്ത ആളാണ് പോത്തൻ ചേട്ടൻ. അങ്ങനെയുള്ള കുറുമ്പ് എല്ലാം ഉണ്ടായിരുന്നു.  മേക്കിങ്ങിന്റെ കാര്യത്തിൽ ഒന്നു പറയേണ്ട ആവശ്യമില്ല പടം കണ്ട പ്രേക്ഷകർക്കറിയാം. വളരെ നല്ല ഒരു വ്യക്തിയാണ് ദിലീഷ്പോത്തൻ എന്ന ഡയറക്ടർ. അതുകൊണ്ടാണ് വളരെ ഈസിയായി കൊണ്ടുപോകാൻ പറ്റിയത്. അപർണ വ്യക്തമാക്കി.