സൂര്യയെയും വിജയ്‍‌യെയും ചിമ്പുവിനെയും മിമിക്രി ചെയ്ത് കാളിദാസ്; ജയറാമും അമ്പരന്നു

താരങ്ങളും താരപുത്രൻമാരും മാറ്റുരയ്ക്കുന്ന വേദി കൂടിയായിരുന്നു അമ്മ മഴവില്ല് മെഗാ ഷോ. ദുൽഖറും മമ്മൂട്ടിയും അരങ്ങ് നിറഞ്ഞപ്പോൾ പ്രേക്ഷകർ ആകംക്ഷയോടെ കാത്തിരുന്നത് മറ്റൊരു ഒത്തുചേരലിന് കൂടിയാണ്. മിമിക്രി എന്ന കലാരൂപമാണ് ജയറാമിന് സിനിമയിലേക്ക് വഴിതുറന്നതെങ്കിൽ മകൻ കാളിദാസ് ജയറാമിനും കാലം കാത്തുവച്ചത് ആ നിയോഗമായിരുന്നു. ബാലതാരമായി മുൻപ് തന്നെ കാളിദാസൻ മലയാളിക്ക് പ്രിയങ്കരനായ കണ്ണനായിരുന്നു. എന്നാൽ ഒരു വേദിയിൽ കാളിദാസൻ മിമിക്രി പ്രകടനം കണ്ണനെ തമിഴിലേക്കും മലയാളത്തിലേക്കും നായകപരിവേഷത്തോടെ സ്വാഗതം ചെയ്തു. അമ്മ മഴവില്ല് ഷോയിൽ കാത്തുവച്ചിരുന്ന ഏറ്റവും വലിയ സമ്മാനവും ആ ഒത്തുചേരലായിരുന്നു. ജയറാമും കാളിദാസും ഒരെ വേദിയിൽ മിമിക്രിയുമായി എത്തിയാൽ എങ്ങനെയുണ്ടാകും. 

സൂര്യയുടെ ശബ്ദം മിമിക്രിയിലൂടെ അവതരിപ്പിച്ചപ്പോൾ ചിമ്പുവിന്റെയും വിജയ്‌യുടെയും ശബ്ദം സ്പോട്ട് ഡബ്ബിങിലൂടെയാണ് കാളിദാസ് എടുത്തത്. വിജയ്‍യുടെ തെറി സിനിമയിലെ ഡയലോഗിന് കാളിദാസ് ശബ്ദം നൽകിയപ്പോൾ ആരാധകർ അമ്പരന്നുപോയി.

പഴയ മിമിക്സ് പരേഡിനെ ഒാർമപ്പെടുത്തി ജയറാം സുരാജ് വെഞ്ഞാറമൂട്, ടിനി ടോം തുടങ്ങിയവർ മിമിക്രിയുടെ ചിരിവെട്ടത്തിന് അരങ്ങിട്ടുകൊടുത്തു. പിന്നാലെ പുതുതലമുറക്കാരിലേക്ക്. ഒപ്പം ജയറാമും . അങ്ങനെ കാളിദാസും ജയറാമും ഒരെ വേദിയിൽ മിമിക്രിയുമായി എത്തി. ഒപ്പം പ്രിയനടന്‍ സൈനുദ്ദീന്‍റെ മകന്‍ സിനില്‍ സൈനുദ്ദീനും ശബ്ദ–ആകാര അനുകരണത്തിന്‍റെ ഗംഭീര സദ്യയൊരുക്കി. അച്ഛന്റെ ഇഷ്ടതാരം കമൽഹാസനെയും കാളിദാസ് അവതരിപ്പിച്ചു. 

മലയാളത്തിന്റെ സിനിമാ ചരിത്രത്തിൽ പുതിയതലമായി മാറി മിമിക്രിയിലെ ഇൗ അച്ഛൻ മകൻ ഇഴപ്പൊരുത്തം. ചിരിയും കളിയും നൃത്തവുമായി കണ്ണൻ വിസ്മയങ്ങളുടെ പൂമരമൊരുക്കി അമ്മ മഴവില്ലിൽ. ടെലിവിഷൻ കാഴ്ചക്കാർക്ക് പുത്തൻ വിരുന്നൊരുക്കിയ അമ്മ മഴവില്ല് മെഗാഷോ ഇനി നിങ്ങളുടെ വിരൽത്തുമ്പിലും. മെഗാഷോയുടെ കാഴ്ചകൾ യൂ ട്യൂബിൽ റിലീസ് ചെയ്തു. ‌മെഗാഷോ നാല് ഭാഗങ്ങളായിട്ടാണ് മഴവില്‍ മനോരമയുടെ യൂ ട്യൂബ് ചാനലില്‍ എത്തിയത്.  

പതിനായിരങ്ങൾ ഒഴുകിയെത്തിയ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന അമ്മ മഴവില്ല് മെഗാഷോ കഴിഞ്ഞ ദിവസങ്ങളിൽ മഴവിൽ മനോരമയിലൂടെ സംപ്രേക്ഷണം ചെയ്തിരുന്നു. മലയാള സിനിമയിലെ വമ്പൻതാരങ്ങളെല്ലാം അരങ്ങിലെത്തിയ ഷോ മലയാളിക്ക് സമ്മാനിച്ചത് പുതുപുത്തൻ അനുഭവം. മമ്മൂട്ടിയും മോഹൻലാലും ദുൽഖറും ജയറാമും ജയസൂര്യയും ടൊവീനോയും എല്ലാം അരങ്ങ് വാണ താരപൂരം തുടങ്ങിയത് തന്നെ ഗുരുക്കൻമാരെ ആദരിച്ചുകൊണ്ടായിരുന്നു.