Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമകൾക്ക് നിലവാരം പോര; ജൂറിയുടെ വിലയിരുത്തൽ

best-films-state

സംസ്ഥാന അവാർഡിന് തിരഞ്ഞെടുക്കപ്പെട്ട സിനിമകളിൽ ഏറിയ പങ്കും സിനിമ എന്ന മാധ്യമത്തെ ഗൗരവമായി കണക്കാക്കാതെ സൃഷ്ടിക്കപ്പെട്ടവയായിരുന്നെന്ന് ജൂറി വിലയിരുത്തൽ. 110 ചിത്രങ്ങളുണ്ടായിട്ടും പൊതുവായുള്ള സിനിമകവുടെ നിലവാരം പുലർത്തിയില്ലെന്നും ഇവർ പറഞ്ഞു.

ജൂറി റിപ്പോർട്ട് വായിക്കാം

ആറ് കുട്ടികളുടെ ചിത്രങ്ങൾ ഉൾപ്പെടെ നൂറ്റിപ്പത്ത് സിനിമകളാണ് അവാർഡ് കമ്മിറ്റിയുടെ മുൻപാകെ പരിഗണനയ്ക്കായി എത്തിയത്. അതിൽ 58 ചിത്രങ്ങൾ പുതുമുഖ സംവിധായകരുടേതായിരുന്നു. ഒരു ചിത്രം മാത്രമാണ് സ്ത്രീ സംവിധായകയുടേത്. 110 ചിത്രങ്ങളുണ്ടായിട്ടും പൊതുവായുള്ള സിനിമകളുടെ നിലവാരം ശുഭോദർക്കമായിരുന്നില്ല. ചിത്രങ്ങളിൽ ഏറിയ പങ്കും സിനിമ എന്ന മാധ്യമത്തെ ഗൗരവമായി കണക്കാക്കാതെ സൃഷ്ടിക്കപ്പെട്ടവയായിരുന്നു. വിധി നിർണയസമിതിയുടെ മുമ്പാകെ വന്ന ചിത്രങ്ങൾ മാത്രം പരിഗണിച്ചാണ് ഈ വിലയിരുത്തൽ.

ഈ വർഷത്തെ അവാർഡിൽ ഏറ്റവും സന്തോഷകരമായ കാര്യം പുരസ്കാര ജേതാക്കളിൽ 78 ശതമാനം കലാകാരന്മാരും ആദ്യമായി സംസ്ഥാനപുരസ്കാരം നേടുന്നവരാണ് എന്നതാണ്. 37ൽ 28 പേരും പുതിയവർ.

ചിത്രങ്ങളുടെ തിരഞ്ഞെടുപ്പ് രണ്ട് കമ്മിറ്റികളുടെ മേൽനോട്ടത്തിലാണ് നടത്തിയത്. ഈ രണ്ട് കമ്മിറ്റികളും തിരഞ്ഞെടുത്ത 23 ചിത്രങ്ങൾ എല്ലാ ജൂറി അംഗങ്ങളും ഒന്നിച്ചിരുന്ന് കാണുകയും അന്തിമവിധിനിർണയത്തിൽ എത്തുകയും ചെയ്തു.

പ്രധാന പുരസ്‌കാരങ്ങള്‍ നേടിയ ഒറ്റമുറി വെളിച്ചം, ഏദന്‍, ഇ.മ.യൗ, ആളൊരുക്കം, സ്വനം, ഭയാനകം തുടങ്ങിയ ചിത്രങ്ങളെല്ലാം മുഖ്യധാരയ്ക്കു പുറത്തുനില്‍ക്കുന്നവയാണ്.‌‌‌

 

സംവിധായകന്‍ ടി.വി ചന്ദ്രനായിരുന്നു പുരസ്‌കാര നിര്‍ണയ സമിതിയുടെ അധ്യക്ഷന്‍. സംവിധായകരായ ഡോ. ബിജു, മനോജ് കാന, സൗണ്ട് എഞ്ചിനീയര്‍ വിവേക് ആനന്ദ്, ഛായാഗ്രാഹകന്‍ സന്തോഷ് തുണ്ടിയില്‍, സംഗീത സംവിധായകന്‍ ജെറി അമല്‍ദേവ്, തിരക്കഥാകൃത്ത് ചെറിയാന്‍ കല്‍പകവാടി, വിമര്‍ശകന്‍ ഡോ. എം.രാജീവ്കുമാര്‍, നടി ജലജ, ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു എന്നിവരായിരുന്നു അവാര്‍ഡ് നിര്‍ണയ സമിതി അംഗങ്ങള്‍.