Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്നെ വെറുത്താലും സമീറയെ ആരും വെറുക്കില്ലെന്ന വിശ്വാസമുണ്ട്: പാർവതി

parvathy-state

പുരസ്കാരം രാജേഷ് പിള്ളയ്ക്ക് സമർപ്പിക്കുന്നുവെന്ന് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട പാർവതി പറഞ്ഞു. ടേക്ക് ഓഫ് എന്ന സിനിമയിലെ പ്രകടനത്തിനാണ് പാര്‍വതിക്ക് പുരസ്കാരം .സമീറ എന്ന കഥാപാത്രത്തെ ഞാന്‍ നന്നായി അവതരിപ്പിച്ചിട്ടുണ്ടെങ്കില്‍ അതിന് പിറകില്‍ ഒരുപാട് പേരുടെ കഠിനാദ്ധ്വാനം ഉണ്ടെന്നും പാർവതി പറഞ്ഞു.

‘ഒരു നല്ല ടീം കിട്ടിയാല്‍ മാത്രമേ നല്ല സിനിമ ഇറങ്ങുകയുള്ളൂ. സന്തോഷമുണ്ട്. പാര്‍വതി എന്ന വ്യക്തിയല്ല പാര്‍വതി എന്ന നടി. അതുരണ്ടും രണ്ടാണ്. ഞാന്‍ പാര്‍വതിയായിട്ടല്ല സിനിമയില്‍ അഭിനയിക്കുന്നത്. കഥാപാത്രമായിട്ടാണ്. സമൂഹത്തില്‍ എന്തു നടക്കുന്നു അത് പ്രതിഫലിപ്പിക്കുന്ന ഒരു ടൂള്‍ മാത്രമാണ് ഞാന്‍. പിൻമാറേണ്ടതായിട്ടുള്ള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എന്റെ വ്യക്തിത്വം തെളിയിക്കേണ്ട ഇടമല്ല സിനിമ. എന്റെ പൊളിറ്റിക്ക്‌സും ചിന്തകളുമെല്ലാം വ്യക്തിപരമാണ്. രാജേഷ് പിള്ളയുടെ ഒരു സ്വപ്‌നമായിരുന്നു ടേക്കേ് ഓഫ്. മഹേഷ് നാരായണന്‍, ഷെബിന്‍, മേഘ്‌ന അങ്ങനെ ഒരുപാട് പേരുടെ കഠിനപ്രയത്‌നമാണ് ഈ ചിത്രം. സ്ത്രീകേന്ദ്രീകൃത സിനിമ എന്ന ടാഗ്, ടേക്ക് ഓഫിന് നല്‍കേണ്ടതില്ല.’.–പാർവതി പറഞ്ഞു.

‘അവാര്‍ഡും ആക്രമണങ്ങളും തമ്മില്‍ ഒരു ബന്ധവുമില്ല. പാർവതി എന്ത് ചെയ്യണമെന്നത് ഞാൻ മറ്റൊരു വഴിയിലൂടെ ചെയ്യുന്നുണ്ട്. ഇത് സന്തോഷിക്കാനുളള അവസരമാണ്. എന്നെ ഇഷ്ടമല്ലാത്തവർക്കും സമീറയെ ഇഷ്ടമായിരുന്നു. സമീറയെ ആരും വെറുക്കില്ല. എന്തൊക്കെ പ്രശ്നം ഉണ്ടായാലും പ്രേക്ഷകരുമായുള്ള ആ ബന്ധം അവിടെ തന്നെ ഉണ്ടാകും.

പാര്‍വതി എന്ന വ്യക്തി മറ്റൊരു തലത്തിലാണ്. എന്റെ ചുറ്റുവട്ടത്ത് എത്ര ബഹളം ഉണ്ടായാലും ഓഡിയന്‍സും ഞാനും തമ്മില്‍ ഒരു ബന്ധമുണ്ട്. 2017 ല്‍ എന്നെ സംബന്ധിച്ച് നല്ല വര്‍ഷമാണ്. വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് രൂപീകരിക്കപ്പെട്ടതാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ഒരുപാട് ചിന്തകള്‍ പങ്കുവയ്ക്കാനും സ്ത്രീശാക്തീകരണം എന്താണെന്നും ഡബ്ല്യൂസിസിയിലൂടെ അറിയാന്‍ സാധിച്ചു. എനിക്ക് ലഭിച്ച പുരസ്‌കാരം ഡബ്ല്യൂസിസി അംഗങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു. പാര്‍വതി പറഞ്ഞു.

‘ഡബ്ല്യൂസിസി ഫെയ്‌സ്ബുക്കില്‍ മാത്രമല്ല ഒതുങ്ങുന്നത്. തലമുറകളായിട്ട് നമ്മുടെ സിനിമയില്‍ നടക്കുന്ന ചില കാര്യങ്ങള്‍ തിരുത്തേണ്ടത്. അത് എല്ലാവരും ചേര്‍ന്ന് തിരുത്തേണ്ടതാണ്. സോഷ്യല്‍ മീഡിയ ഡബ്ല്യൂസിസിയുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മാത്രമാണ്. ഞങ്ങള്‍ ചെയ്യുന്നത് കൊട്ടിയാഘോഷിക്കേണ്ട കാര്യമില്ല.’ പാർവതി പറഞ്ഞു.

‘കഥാപാത്രത്തിന്റെ സത്യസന്ധമായ അവതരണമാണ് സമീറയെ പ്രേക്ഷകര്‍ക്ക് ഇഷ്ടമാകാന്‍ കാരണം. സിനിമ തുടങ്ങുന്നതിനും മുന്‍പ് മഹേഷ്, കോസ്റ്റ്യൂം ചെയ്ത ധന്യ, മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജിത്ത് അമ്പാടി എന്നിവരൊക്കെ ചേര്‍ന്ന് സമീറയെ എങ്ങിനെ അവതരിപ്പിക്കണമെന്ന് ചര്‍ച്ച ചെയ്തു. പിന്നെ ക്യാമറ ചെയ്ത സാനു ജോണ്‍ വര്‍ഗീസ് എല്ലാവരോടും നന്ദി പറയുന്നു. ഇന്ദ്രന്‍സിനോടൊപ്പം പുരസ്‌കാരം വാങ്ങാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പാര്‍വതി പറഞ്ഞു.

‘ആദ്യം എനിക്ക് ഇന്ദ്രന്‍സ് ചേട്ടന്റെ സിനിമ കാണണം. ഇത്രയും വിനയത്തോടെ ആളുകളുമായി ഇടപെടുന്ന സിനിമാതാരങ്ങള്‍ കുറവാണ്. അദ്ദേഹത്തെക്കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല. കാരണം അദ്ദേഹം അത്രയും സീനിയറായ നടനാണ്. സംസാരിക്കുന്നതിനേക്കാള്‍ കൂടുതല്‍ ജോലി ചെയ്യുന്ന ഒരുപാട് പേര്‍ സിനിമയിലുണ്ട്. അതില്‍ ഒരാളാണ് ഇന്ദ്രന്‍സ്. അദ്ദേഹത്തിന് പുരസ്‌കാരം കിട്ടിയതില്‍ വളരെ സന്തോഷമുണ്ട്.’–പാർവതി പറഞ്ഞു.

Your Rating: