സെലക്ടീവ് അല്ല, ഇടവേളയ്ക്ക് കാരണം മടി ; ഫഹദ് അഭിമുഖം

യുവനടന്മാര്‍ക്കിടയിൽ സ്വാഭാവിക അഭിനയത്തിന്റെ ആഴംകൊണ്ട് ശ്രദ്ധനേടിയ നടനാണ് ഫഹദ് ഫാസിൽ. കണ്ണുകളിലെ തിളക്കം പോലെ മനോഹരമായ അഭിനയശൈലി. എന്നാൽ സിനിമയുടെ ആഘോഷങ്ങളിലോ അതിന്റെ തിരക്കിട്ട യാത്രകളിലോ ഒന്നും ഫഹദ് എന്ന നടനില്ല. മഹേഷിന്റെ പ്രതികാരം പുറത്തിറങ്ങി ഏകദേശം ഒരുവർഷം പിന്നിട്ടിട്ടാണ് അടുത്ത ചിത്രവുമായി ഫഹദ് എത്തിയത്. സിനിമയുടെ പാതിയിലെത്തിയിട്ടും കൈയടി നേടി ഈ നടൻ. ടേക്ക് ഓഫിന് ശേഷമുള്ള ഫഹദിനൊപ്പം കുറച്ചുനേരം....

∙ താടി വളർത്തി ടേക്ക് ഓഫിലെത്തി

ടേക്ക് ഓഫിന്റെ അവസാനത്തെ സ്റ്റേജിൽ ഭാഗമായാണ് ആളാണ് ഞാൻ. ഈ സിനിമയുടെ പ്രാരംഭചർച്ചകൾ നടക്കുമ്പോഴോ കഥ എഴുതുമ്പോഴോ ഞാനില്ല. ഞാനും സംവിധായകൻ മഹേഷും വേറൊരു സിനിമയുടെ ചർച്ചയില്‍ ഇരിക്കുമ്പോഴാണ് ഈ ചിത്രത്തെക്കുറിച്ച് പറയുന്നത്. ‘രാജേഷേട്ടന്റെ പ്രൊഡക്ഷൻസില്‍ ആന്റോ ചേട്ടനുമായി ചേർന്ന് പാർവതിയെയും ചാക്കോച്ചനെയും നായകനാക്കി ചെറിയൊരു പടം ചെയ്യുന്നു. അതിന്റെ കഥ വെറുതെ കേൾക്കുമോ എന്നു ചോദിച്ചു.’

അപ്പോൾ അതിന്റെ കഥാപാത്രങ്ങൾ പോലുമായിട്ടില്ല. പത്തൊമ്പത് നഴ്സുമാരുടെ പേപ്പർ കട്ടിങ് ആണ് ആദ്യം കാണിച്ചുതന്നത്. നഴ്സുമാരുടെ നേതൃത്വം നിർവഹിച്ച മറീനയെക്കുറിച്ചും പറഞ്ഞു. ഇവരുടെ കഥ കുറച്ച് ഫിക്ഷൻ കലർത്തി സിനിമയാക്കിയാൽ എങ്ങനെയുണ്ടാകും എന്നുചോദിച്ചു. എന്നെ സംബന്ധിച്ചടത്തോളം നടന്ന സംഭവങ്ങൾ സിനിമയാക്കുക ഇഷ്ടമുള്ള കാര്യമാണ്.

പിന്നീട് ആറേഴ് മാസങ്ങൾ കഴിഞ്ഞാണ് മുഴുവൻ കഥ പറയുന്നത്. അങ്ങനെ ഇന്ത്യൻ അംബാസഡറിന്റെ ക്യാരക്ടർ പറഞ്ഞു. ആദ്യം തന്നെ ഞാൻ ചോദിച്ചു. ഇന്ത്യൻ അംബാസഡറാകാൻ മിനിമം 42 വയസ് വേണം. എന്നെ വച്ച് അതെങ്ങനെ ശരിയാകും. കുറച്ച് കൂടി പ്രായമുള്ള ആളെ നോക്കിക്കൂടെ. അപ്പോൾ മഹേഷ് പറഞ്ഞു. റിയൽ ലൈഫിൽ അജയ് കുമാർ( കഥാപാത്രത്തിന് പ്രചോദനമായ ആൾ) എന്ന ആ വ്യക്തിക്ക് 40 വയസ് ഉണ്ടായിരുന്നു. 

അതൊക്കെ ശരിയാക്കാം, താടി വളർത്തിക്കോളൂ എന്നു പറഞ്ഞു. അങ്ങനെയാണ് ആ കഥാപാത്രമായി മാറുന്നത്. 

∙ ഒരുവർഷത്തെ ഇടവേള

ഞാനൊരു മടിയനാണ്. വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ വരെ മടി. വിവാഹമൊക്കെ കഴിഞ്ഞ് കുറച്ച് ബ്രേക്ക് എടുക്കണമെന്ന് തോന്നി. അങ്ങനെ സംഭവിച്ചതാണ്. ഒരിക്കലും സെലക്ടീവ് ആയതല്ല.

പണ്ടൊക്കെ കളിപ്പാട്ടം വേണമെന്ന് പറഞ്ഞ് വാശിപിടിക്കും. അത് കിട്ടികഴിഞ്ഞ് രണ്ട് ദിവസം കഴിയുമ്പോൾ അതിനോടുള്ള താൽപര്യം കുറയും. എല്ലാക്കാര്യങ്ങളും പെട്ടന്ന് ബോറടിക്കുന്ന ആളാണ് ഞാൻ. കാണാൻ പറ്റാതിരുന്ന സിനിമകൾ കാണുക, കുറച്ച് യാത്ര ചെയ്യുക അങ്ങനെ എന്റെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് വേണ്ടിയായിരുന്നു ഈ ഇടവേള. 

∙ പത്തൊമ്പത് സ്ത്രീകൾ

നഴ്സുമാർ എന്നതിലുപരി പത്തൊമ്പത് സ്ത്രീകൾ. ഭാഷ പോലും സംസാരിക്കാൻ പറ്റാതെ യുദ്ധമേഖലയിൽ പെട്ടുപോകുക. പറഞ്ഞറിയിക്കാൻ പറ്റാത്ത അവസ്ഥ. കഷ്ടപ്പാടിന്റെ കഥ പെട്ടന്നു നമുക്ക് മനസ്സിലാക്കിയെടുക്കാൻ സാധിക്കും. ജനങ്ങൾ അറിയേണ്ട കാര്യമാണിത്. അത് സിനിമയിലൂടെ തന്നെ അറിയണമായിരുന്നു.

∙ ചാക്കോച്ചനും പാർവതിയും

ചാക്കോച്ചൻ കളിക്കൂട്ടുകാരനാണ്. വ്യക്തിപരമായി ചാക്കോച്ചനെ കാണാനിഷ്ടം ട്രാഫിക്, ഹരികൃഷ്ണൻസ് തുടങ്ങിയ കഥാപാത്രങ്ങളിലൂടെ കാണാനാണ്. ചെറിയ വേഷമാണെങ്കിൽ പോലും അദ്ദേഹം അത് വളരെ മനോഹരമാക്കും. കോംപ്ലക്സ് ക്യാരക്ടറുകളെ അദ്ദേഹം ഗംഭീരമായി െചയ്യും. ടേക്ക് ഓഫിലെ ഏക ആശ്വാസം ചാക്കോച്ചന്റെ ഷഹീദ് എന്ന കഥാപാത്രമാണ്.

എന്നു നിന്റെ മൊയ്തീൻ, ചാർലി, ബാംഗ്ലൂർ െഡയ്സ് എന്നീ കഥാപാത്രങ്ങളിൽ നിന്നൊക്കെ തീർത്തും വ്യത്യസ്തമായ കഥാപാത്രമാണ് സമീറ. പാർവതി അതിഗംഭീര നടിയാണ്.

∙ കൈ എത്തും ദൂരത്തു നിന്ന് ടേക്ക് ഓഫ് വരെ

ഞാനൊരിക്കലും എന്റെ ജീവിതത്തെ ചോദ്യം ചെയ്യാറില്ല. അഭിനയം പഠിക്കാൻ എവിടെയും പോയിട്ടില്ലായിരുന്നു. ആ സമയത്ത് 18 വയസ്സാണ് പ്രായം. ആ ഒരു അറിവിൽ മഹേഷിന്റെ പ്രതികാരം ചെയ്താലും വളരെ മോശമായി പോയേനെ. കൈ എത്തും ദൂരത്തു കഴിഞ്ഞ് പഠനവുമായി ബന്ധപ്പെട്ട് അമേരിക്കയിൽ പോയി. 

ആ യാത്രയായിരിക്കാം എന്നെ മാറ്റിമറിച്ചത്. എട്ടുവർഷം ഒറ്റയ്ക്ക് ‌, വേറൊരു രാജ്യത്ത്. അതൊരു അനുഭവമായിരുന്നു. ചിലപ്പോൾ കൈ എത്തും ദൂരത്തിൽ നിങ്ങളെക്കൊണ്ട് മോശം പറയിപ്പിച്ച ഞാൻ പിൽക്കാലത്ത് അത് വീണ്ടും ആവർത്തിച്ചേക്കാം. ഇതൊരു ജീവിതയാത്രയാണ്. 

∙ ഇന്നത്തെ തലമുറ

ഇപ്പോഴത്തെ യുവതലമുറയിലെ പലതാരങ്ങളും സ്വന്തമായ അഭിനയശൈലിയുള്ള അഭിനേതാക്കളാണ്. അത് അവർക്കുമാത്രം ചെയ്യാൻ പറ്റുന്ന ഒന്നാണ്. അത് വളരെ വലിയ കാര്യമാണ്. 

∙ സിനിമാപാരമ്പര്യമുള്ളവർക്ക് മാത്രമാണോ അഭിനയം

ഞാൻ മൂന്നുവർഷം കഷ്ടപ്പെട്ടിട്ടാണ് ചാപ്പാകുരിശ് ചെയ്തത്. ഇന്നുവരെയും അച്ഛന്റെ മേൽവിലാസം സിനിമയ്ക്കായി ഉപയോഗിച്ചിട്ടില്ല, ഇനി ഉപയോഗിക്കുകയുമില്ല. സിനിമ അതിനെ ഇഷ്ടപ്പെടുന്നവർക്കുള്ളതാണ്. സത്യസന്ധമായി ഈ കലയെ സ്നേഹിക്കുന്ന ആർക്കും സിനിമയിലെത്താം. 

∙ സ്വാഭാവികമായ അഭിനയം 

കിസ്മത്തിൽ ഷെയ്ൻ ഒക്കെ സ്വാഭാവികമായ അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്. നടൻ അങ്ങനെയായിരിക്കണം. ജനങ്ങൾ അത് മനസ്സിലാക്കാന്‍ തുടങ്ങി. 

∙ മഹേഷ് ഒരു വിഷ്വൽ എഡിറ്ററാണ് പക്ഷേ ഡയറക്ഷനിൽ പുതിയ ആളാണ്. എത്രത്തോളം ഇത് വിജയിക്കും എന്ന സംശയം തോന്നിയിരുന്നോ?

മഹേഷിന്റെ കാര്യത്തിൽ ഒരു സംശയവുമില്ലായിരുന്നു. മഹേഷിനെ വർഷങ്ങളായിട്ട് അറിയാം. ചാപ്പാക്കുരിശ് ചെയ്യുന്നതിന് മുന്നേ അറിയാം. വാപ്പ എപ്പോഴും പറയും നമ്മൾ എത്ര കഷ്ടപ്പെട്ട് ഷൂട്ട് ചെയ്ത സീനാണെങ്കിലും എഡിറ്റിങ് ടേബിളിൽ അത് വർക്ക് ആകുന്നില്ല എന്ന് തോന്നിയാൽ അത് കട്ട് ചെയ്ത് കളയണം. എഡിറ്റിങ് ടേബിൾ ഒരു പുതിയ സിനിമ ഉണ്ടാക്കാം. എഡിറ്റിങ് ഒരു പ്രോസസ്സാണ്. ആ കാര്യത്തിൽ മഹേഷിന് ഭയങ്കര ക്ലാരിറ്റിയാണ്. 

ജനങ്ങളെ കാണിക്കാൻ ഇരിക്കുന്ന സിനിമ നമുക്ക് ആദ്യം കാണണമല്ലോ.ആ സിനിമ മനോഹരമായിട്ട് കാണാൻ പറ്റുന്ന ഫിലിം മേക്കറാണ് മഹേഷ്. ഇതുവരെ ആ സിനിമയുടെ സ്ക്രിപ്റ്റ് ഞാൻ വായിച്ചിട്ടില്ല. ഒരു സിനിമയുടെയും സ്ക്രിപ്റ്റ് വായിച്ചിട്ടില്ല.സ്ക്രിപ്റ്റ് വായിച്ച് അഭിനയിക്കുന്നത് ഓരോരുത്തരുടേയും  രീതിയാണ്. ഫോറിൻ സെക്രട്ടറി ആയി അഭിനയിച്ച പ്രകാശ് ബൽവാഡി  മഹേഷിന്റെ അടുത്ത കൂട്ടുകാരനാണ്. അദ്ദേഹം ഫോണിലൂടെ ചെയ്യേണ്ട റോൾ എന്താണെന്ന് ചോദിക്കും അത് മാത്രം അദ്ദേഹത്തിന് അറിഞ്ഞാൽ മതി വേറൊന്നും അറിയണ്ട. മലയാളത്തിലാണ് അദ്ദേഹം ഡയലോഗ് പറഞ്ഞത്. ഷോട്ടിന് അഞ്ച് മിനിറ്റ് മുമ്പ് നോക്കി വായിച്ചിട്ട് പഠിച്ച് പറഞ്ഞു. ഓരോരുത്തരുടേയും രീതിയാണ്. 

∙ മഹേഷിന്റെ പ്രതികാരം സ്റ്റേറ്റ് അവാർഡിന് പരിഗണിക്കപ്പെട്ടോ എന്ന് അഭിപ്രായം ഫഹദിനുണ്ടോ?

അവാർഡുകളേക്കാൾ വലുതായിട്ട് ഞാൻ കാണുന്നത്  ആ സിനിമ നന്നായി ഓടി എന്നുള്ളതിലാണ്.  അവാർഡ് കിട്ടിയാൽ വാങ്ങിക്കും . അവാർഡ് കിട്ടാത്തത് തെറ്റാണെന്ന് തോന്നിയിട്ടില്ല. കാരണം ഞാൻ ഒരു ഷോട്ട് കഴിഞ്ഞാൽ ഡയറക്ടറിനെ നോക്കും അദ്ദേഹം ചിരിച്ചുകൊണ്ട് ഇരിക്കുന്നതെങ്കിൽ അപ്പോൾ കിട്ടുന്ന സന്തോഷം പടം റിലീസായി തിയറ്ററിൽ ഉണ്ടാകുന്ന സന്തോഷത്തേക്കാളുപരിയാണ്. 

മഹേഷിന്റെ പ്രതികാരം വിനായകനെ വച്ച് ചെയ്തിരുന്നെങ്കിൽ ഞാൻ ചെയ്തപോലത്തെ സിനിമ ആകില്ലായിരുന്നു. അത് വേറൊരു സിനിമയായിരിക്കും. എന്നാൽ അത് നല്ല സിനിമയുമായിരിക്കും. അതിന് വേറൊരു സ്വഭാവവും വേറൊരു സംസ്കാരവുമൊക്കെ ഉണ്ടാകും.  പക്ഷേ പത്ത് ഫഹദ് ഫാസിലിന് കമ്മട്ടിപ്പാടത്തിലെ വിനായകൻ ചെയ്ത റോൾ ചെയ്യാൻ പറ്റില്ല. വിനായകൻ അസലായി ആ പടത്തിൽ അഭിനയിച്ചു. 2016ലെ സിനിമയിൽ പലർക്കും മഹേഷിന്റെ പ്രതികാരമാണ് ഇഷ്ടപ്പെട്ടത്. എന്റെ വാപ്പയ്ക്കും കഴിഞ്ഞ​ വർഷത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ മഹേഷിന്റെ പ്രതികാരമാണ്. വാപ്പ അവാർഡ് പ്രതീക്ഷിച്ചിരുന്നോ എന്നും അറിയില്ല. 

∙ ഇന്ത്യൻ അംബാസിഡർ റോൾ മറ്റൊരാൾ ചെയ്തിരുന്നെങ്കിൽ?

അത് ആര് ചെയ്താലും നന്നാകും എന്റെ മാത്രം റോളല്ല. യഥാർഥ രീതിയിൽ ആരുചെയ്താലും നന്നാകും. എനിക്കെപ്പോഴും നന്ദി എന്റെ സിനിമകൾ ചെയ്യുന്നില്ലാ എന്നു പറയുന്ന മറ്റു നടന്മാരോടാണ്.  എല്ലാ ആക്ടേഴ്സിനും ചെയ്യാൻ പറ്റുന്ന റോളാണ്. 

∙ കാലാമൂല്യത്തിൽ ടേക്ക് ഓഫ് ഹിറ്റാണോ?

തിയറ്ററിൽ  ഹിറ്റാണെന്നു പറയുന്നതാണ് വളരെ സന്തോഷം.