ആ വാർത്തയിൽ വാസ്തവമില്ല; ഗൗതമി മനസ്സ് തുറക്കുന്നു

ഗൗതമി മകള്‍ക്കൊപ്പം

കൊയ്ത്തുകഴിഞ്ഞു വരണ്ടു കിടക്കുന്ന പായിപ്പാട്ടെ പാടത്തിനരുകിൽ മുല്ലപ്പൂമണമുള്ള മലയാളിപ്പെണ്ണായി നിൽക്കുകയായിരുന്നു ഗൗതമി. പതിനഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്കു വീണ്ടുമെത്തുമ്പോൾ സിനിമ പഴയ മലയാള സിനിമയല്ലെന്നു ഗൗതമിക്കറിയാം. പക്ഷേ, ഗൗതമി പഴയ ഗൗതമി തന്നെയാണ്. ചിരിയിലും വേഷത്തിലുംവരെ ഹിസ് ഹൈനസ് അബ്ദുള്ളയിലെ രാധികയെയും ധ്രുവത്തിലെ മൈഥിലിയെയുമൊക്കെ ഓർമിപ്പിക്കുന്നു ഗൗതമി. ഗൗതമിക്ക് ഇതു സിനിമാപ്രവേശത്തിന്റെ മുപ്പതാം വാർഷികമാണ്.

"മുപ്പതു വർഷം മുൻപ് എനിക്കു സിനിമയിൽ അവസരം ലഭിച്ചപ്പോൾ മുതൽ മലയാളവുമായി അടുത്ത ഹൃദയബന്ധമുണ്ട്. മലയാളത്തിൽ സൂപ്പർഹിറ്റായ ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ് എന്ന സിനിമയുടെ തെലുങ്ക് റീമേക്കിലൂടെയാണ് അഭിനയം തുടങ്ങിയത്. അതിനുശേഷം ഹിസ് ഹൈനസ് അബ്ദുള്ള. കുറേക്കാലം മാറിനിന്നശേഷം വീണ്ടും അഭിനയിച്ചത് ദൃശ്യം എന്ന സിനിമയുടെ തമിഴ് പതിപ്പിൽ. കഴിഞ്ഞ വർഷം വിസ്മയം എന്ന സിനിമയിൽ മോഹൻലാലിനൊപ്പം. ഇപ്പോൾ വീണ്ടും മലയാള സിനിമയിലൂടെ അഭിനയത്തിൽ സജീവമാകുന്നു. അഭിനയത്തിൽ മുപ്പതു വർഷമായെന്ന് ഓർക്കുന്നതുതന്നെ ഇപ്പോഴാണ്.

നാടൻ പെണ്ണ്

നവാഗതനായ കെ.ഹരികുമാറിന്റെ തിരക്കഥയിൽ കുക്കു സുരേന്ദ്രൻ സംവിധാനം ചെയ്യുന്ന 'ഇ' എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലെത്തുമ്പോൾ വേഷത്തിൽ പഴയ ഗൗതമിയെ ഓർമിപ്പിക്കുമെങ്കിലും കഥാപാത്രം തികച്ചും വ്യത്യസ്തമാണെന്നു ഗൗതമി പറയുന്നു.

‘‘ഒരു സാധാരണ മലയാളി സ്ത്രീ. പക്ഷേ, ചെറിയ വ്യത്യാസങ്ങളുണ്ട്. പ്രത്യേക സ്വഭാവമുള്ള കഥാപാത്രമാണ്. ആദ്യമായാണ് സൂപ്പർനാച്ചുറൽ ത്രില്ലർ സിനിമയിൽ അഭിനയിക്കുന്നത്’’- ഗൗതമി പറയുന്നു. മലയാളത്തിലെ ഓരോ സിനിമയും ഗൗതമിക്ക് ഇഷ്ടസിനിമയാണ്.

പുതിയ സിനിമയുടെ നിർമാതാക്കളിലൊരാൾ സംവിധായകൻ സംഗീത് ശിവനാണ്. സംഗീത് ശിവന്റെ നാടായ ഹരിപ്പാടിനടുത്ത് പായിപ്പാട്ട് വരണ്ട വയലേലകൾക്കു നടുവിലായിരുന്നു ഷൂട്ടിങ്. എല്ലാവരും വിയർത്തൊലിക്കുമ്പോഴും ഗൗതമി പറഞ്ഞു- ‘‘കേരളത്തിൽ ഷൂട്ടിങ് എന്നു പറഞ്ഞാലേ സന്തോഷമാണ്. ഇവിടെ എല്ലാവരും പറയുന്നതു വളരെ ചൂടാണ്, വെയിലാണ് എന്നൊക്കെ. പക്ഷേ, എനിക്ക് അങ്ങനെ തോന്നുന്നില്ല. ഇവിടം വളരെ ശാന്തമായ അന്തരീക്ഷമാണ്.’’

നല്ല അമ്മ

മകളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കാനാണു നടൻ കമൽഹാസനുമായുള്ള ബന്ധം പിരിഞ്ഞതെങ്കിലും മകളെ സിനിമയിലേക്ക് ഉടൻ കൊണ്ടുവരുന്നില്ലെന്ന് ഗൗതമി വ്യക്തമാക്കി. ‘‘മകൾ സിനിമയിലേക്കു വരുന്നുവെന്ന വാർത്തകളൊന്നും വാസ്തവമല്ല. അവൾ പഠിക്കുകയാണ്. വാർത്തകളെഴുതുന്നവർ അവരുടെ ഭാവനയനുസരിച്ച് എഴുതി വിടുകയാണ്. സിനിമയിൽ അഭിനയിക്കണമെന്ന് അവൾക്കു തോന്നുകയാണെങ്കിൽ അഭിനയിക്കട്ടെ’’- ഇതാണു ഗൗതമിയുടെ നയം.

കഥയാണ് സിനിമ തിരഞ്ഞെടുക്കുന്നതിനു മാനദണ്ഡം. 

‘‘പുതിയ സിനിമകളൊന്നും തീരുമാനിച്ചിട്ടില്ല. മലയാളത്തിൽ ഇനിയും സിനിമകൾ ചെയ്യും. നല്ല കഥ ഒത്തുവന്നാൽ മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം വീണ്ടും അഭിനയിക്കും. പുതിയ താരങ്ങളോടൊപ്പം അഭിനയിക്കുന്നതു നല്ല അനുഭവമാണ്. മലയാളത്തിൽ കൂടുതൽ ശ്രദ്ധകൊടുക്കാൻ ആഗ്രഹമുണ്ട്. തുറന്ന മനസ്സോടെയാണ് സിനിമയെ സമീപിക്കുന്നത്. വീണ്ടും അഭിനയിക്കാനെത്തുന്നുവെന്നറിഞ്ഞു സിനിമാ സെറ്റിൽപ്പോലും പലരുമെത്തി ആശംസയർപ്പിക്കുന്നുണ്ട്’’- ഗൗതമി പറഞ്ഞു. സംവിധായികയുടെ കുപ്പായത്തിലേക്കു കയറാൻ താൽപര്യമുണ്ടെങ്കിലും ഉടൻ പ്രതീക്ഷിക്കേണ്ടെന്നും ഗൗതമി പറയുന്നു.