ക്യാപ്റ്റൻ ലക്ഷ്മിയായി മൃദുല

രാഗ്ദേശിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുകയാണു ‘അയാൾ ‍ഞാനല്ല’ എന്ന ഫഹദ് ഫാസിൽ ചിത്രത്തിലൂടെ ശ്രദ്ധേയയായ മൃദുല മുരളി. പാൻ സിങ് തൊമർ, സാഹിബ് ബീവി ഒൗർ ഗാങ്സ്റ്റർ എന്നിവ ഒരുക്കിയ തിഗ്‌മൻഷു ദൂലിയയാണു ചിത്രത്തിന്റെ സംവിധായകൻ. പുതിയ ചിത്രത്തിന്റെ പ്രചാരണ തിരക്കിനിടയിൽ മൃദുല ബോളിവുഡ് പ്രവേശനത്തെക്കുറിച്ചു സംസാരിക്കുന്നു. 

രാഗ് ദേശ്

നേതാജി സുഭാഷ്ചന്ദ്ര ബോസിന്റെ നേതൃത്വത്തിൽ ഇന്ത്യൻ നാഷനൽ ആർമി (ഐഎൻഎ) രൂപീകരണവും സ്വാതന്ത്ര്യ സമര ചരിത്രത്തിലെ നിർണായകമായ ഏടുകളിലൊന്നായ 1945ലെ ഐഎൻഎ വിചാരണയുമാണു ചിത്രത്തിന്റെ പ്രമേയം. കുനാൽ കപൂർ, മോഹിത് മർവ, അമിത് സാദ് തുടങ്ങിയവരാണു മറ്റു താരങ്ങൾ. 

ക്യാപ്റ്റൻ ലക്ഷ്മി 

ചിത്രത്തിൽ ക്യാപ്റ്റൻ ലക്ഷ്മിയെയാണു ഞാൻ അവതരിപ്പിക്കുന്നത്. ഐഎൻഎയിലൂടെ സ്വാതന്ത്ര്യ സമരത്തിന്റെ മുന്നണിപ്പോരാളിയായ മലയാളിയാണു ക്യാപ്റ്റൻ ലക്ഷ്മി എന്ന ലക്ഷ്മി സെയ്ഗാൾ. ചിത്രത്തിനായി ക്യാപ്റ്റൻ ലക്ഷ്മിയുടെ ബന്ധുക്കളെയും അയൽക്കാരെയും നേരിൽ കണ്ടു. ഇംഗ്ലിഷിലും മലയാളത്തിലും ലഭ്യമായ ഒട്ടേറെ ലേഖനങ്ങളും പുസ്തകങ്ങളും വായിച്ചു. രാജ്യസഭ ടിവി നിർമിക്കുന്ന സിനിമയുടെ ആദ്യ പ്രദർശനം മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്കു വേണ്ടി പാർലമെന്റ് മന്ദിരത്തിലായിരുന്നു. ഏറെ അഭിമാനം തോന്നിയ നിമിഷമായിരുന്നു അത്. 

 

ഹിന്ദിയിലേക്കുള്ള വഴി 

ചിത്രത്തിന്റെ കാസ്റ്റിങ് ടീമിലുള്ളവരാണു ഇൻസ്റ്റാഗ്രാമിലെ ചിത്രം കണ്ടു ഒഡിഷനിൽ പങ്കെടുപ്പിച്ചത്. സംവിധായകനും പിന്നീടു വിളിച്ചു സംസാരിച്ചിരുന്നു. കഥാപാത്രം എങ്ങനെയാണ് എന്ത് ചെയ്യണമെന്നൊക്കെ അദ്ദേഹം വിശദീകരിച്ചിരുന്നു.

സിനിമകൾ

എറണാകുളം സെന്റ് തെരേസാസ് കോളജിൽ നിന്നു ഡിഗ്രിയും ചെന്നൈ എംഒപി വൈഷ്ണവ കോളജിൽ നിന്നു മീഡിയ സ്റ്റഡീസിൽ പിജിയും കഴിഞ്ഞ ശേഷമാണു അഭിനയ രംഗത്തേക്കു കടന്നത്. തമിഴിൽ അമൈതി പടൈ എന്ന സിനിമ ചെയ്തിരുന്നു. റെഡ് ചില്ലീസാണു മലയാളത്തിലെ ആദ്യം ചിത്രം. വിനീത് കുമാർ സംവിധാനം ചെയ്ത  അയാൾ ഞാനല്ല എന്ന ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ നായിക വേഷമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ചെമ്പൻ വിനോദിനൊപ്പം അഭിനയിച്ച ശിഖാമണിയാണു മലയാളത്തിൽ പിന്നീട് ചെയ്തത്.