നയൻതാരയ്ക്കൊപ്പം തിളങ്ങി സുനുലക്ഷ്മി

സുനു ലക്ഷ്മി, നയൻതാര

നയൻതാരയുടെ അറം കണ്ടവർക്ക് സുമതിയെ മറക്കാനാവില്ല. രണ്ടുകുട്ടികളുടെ പക്വമതിയായ അമ്മ, വീടും കുട്ടികളും ഭർത്താവും പ്രാരാബ്ദങ്ങളുമുള്ള തനിതമിഴ്നാട്ടുകാരി വീട്ടമ്മ. നയൻതാരയുടെ അഭിനയമികവിനെ പുകഴ്ത്തിയ പ്രേക്ഷകർ സുമതിയേയും വാതോരാതെ പുകഴ്ത്തി. എങ്കിലും ഒരു സംശയം, ആരാണ് ഈ സുമതി? സിനിമയിലെ ഗ്രാമത്തിലെ ഏതെങ്കിലും സാധാരണപെൺകുട്ടിയാവും, അല്ലെങ്കിൽ ഇത്രതന്മയത്വത്തോടെ അഭിനയിക്കില്ല. സുമതി തമിഴ്നാട്ടിലെ ഗ്രാമത്തിലെ വീട്ടമ്മയല്ല. കൊച്ചിക്കാരി മലയാളിയായ സുനുലക്ഷ്മിയാണ്. സുമതിയെക്കുറിച്ച് സുനുലക്ഷ്മി മനോരമന്യൂസ് ഓൺലൈനിനോട് സംസാരിക്കുന്നു.

സുനു എങ്ങനെ സുമതിയായി?

രണ്ടായിരത്തി ഒമ്പതുമുതൽ ഞാൻ തമിഴ് സിനിമയിലുണ്ട്. 2012ൽ പുറത്തിറങ്ങിയ സെങ്കാട്ടുഭൂമിയിലെ എന്ന ചിത്രത്തിലെ ജയകൊടി എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇളയരാജ സാറായിരുന്നു ഇതിന്റെ സംഗീത സംവിധാനം. 2015ൽ എസ്.ചന്ദ്രശേഖർ സാർ സംവിധാനം ചെയ്ത ടൂറിങ്ങ് ടാക്സിയിലെ പൂങ്കൊടിയെന്ന കഥാപാത്രം വഴിത്തിരിവായിരുന്നു. നിരവധി നിരുപക പ്രശംസനേടിയ ചിത്രത്തിലെ പൂങ്കൊടിയാണ് അറത്തിലേക്കുള്ള വഴിതുറന്നത്. സിനിമ ഹിറ്റായി, പക്ഷെ ആരും എന്നെ തിരിച്ചറിയുന്നില്ല എന്നൊരു സങ്കടമുണ്ട്. പ്രേക്ഷകർ സുമതി നന്നായിട്ടുണ്ടെന്ന് എന്റെ മുന്നിലൂടെയാണ് പറഞ്ഞുകൊണ്ടുപോകുന്നത്. മേക്കപ്പും വേഷപകർച്ചയും കാരണം ഫ്രീക്കത്തിയായ ഞാനാണ് സുമതിയായതെന്ന് പെട്ടന്ന് ആർക്കും മനസിലാകാറില്ല. 

സുമതിയായി ജീവിക്കുകയായിരുന്നല്ലോ?

സുമതിയാകാൻ എനിക്കാദ്യം താൽപര്യമില്ലായിരുന്നു. രണ്ടുകുട്ടികളുടെ അമ്മവേഷം ഈ പ്രായത്തിൽ സ്വീകരിക്കണോ എന്നുള്ള ചിന്തയുണ്ടായിരുന്നു. പക്ഷെ കഥകേട്ടപ്പോൾ അമ്മ പറഞ്ഞു, അമലാപോളൊക്കെ പത്താംക്ലാസിൽ പഠിക്കുന്ന കുട്ടിയുടെ അമ്മവേഷം ചെയ്തിട്ടുണ്ട്. ഇന്നത്തെകാലത്ത് കഥയ്ക്കും കഥാപാത്രത്തിനുമാണ് പ്രാധാന്യം അല്ലാതെ വയസിനല്ല എന്ന്. അൽപം താൽപര്യക്കുറവോടെയാണ് സുമതിയാകാൻ സമ്മതിച്ചത്. സെറ്റിലെത്തിക്കഴിഞ്ഞതോടെ സുമതിയായി മാറുകയായിരുന്നു. എന്റെ മക്കളായി അഭിനയിക്കുന്ന കുട്ടികളുമായി വേഗം കൂട്ടായി. മകളായി അഭിനയിക്കുന്ന കുട്ടി എപ്പോഴും എന്റെ കൂടെതന്നെയുണ്ടാകും. ഞാൻ ശരിക്കും അവരുടെ അമ്മയായി മാറുകയായിരുന്നു. എന്റെ ഭർത്താവായി അഭിനയിക്കുന്ന രാമചന്ദ്ര ദുരൈരാജ് എന്ന അഭിനേതാവും നല്ല പിന്തുണയാണ് നൽകിയത്. 

സിനിമയിൽ കാണിക്കുന്നത് പോലെ തന്നെ വരൾച്ചബാധിച്ച ഗ്രാമത്തിലായിരുന്നു ഷൂട്ടിങ്. മധുരയ്ക്കടുത്ത് രാമനാഥപുരം. കൊടുംചൂടായിരുന്നു. ചൂടും വെയിലും കൊണ്ട് നന്നായി കറുത്തു. ചെരുപ്പില്ലാതെയൊക്കെയാണ് നടന്നത്. വിഷമുള്ള് കുത്തി കാലൊക്കെ മുറിഞ്ഞു. തിരിച്ചെത്തിയപ്പോഴേക്കും എനിക്ക് പനിയും പിടിച്ചു. പക്ഷെ സിനിമ പുറത്തിറങ്ങി പ്രേക്ഷകപ്രതികരണം കണ്ടതോടെ എല്ലാവേദനയും മാറി. ഓരോ ദിവസും അഭിനന്ദനപ്രവാഹമാണ്.

നയൻതാരയ്ക്കൊപ്പമുള്ള അഭിനയം?

സിനിമയുടെ നിർമാതാവും കൂടിയാണ് നയൻതാര. എന്നെ സിനിമയിലേക്ക് തിരിഞ്ഞെടുത്ത് കഴിഞ്ഞതിന് ശേഷമാണ് നയൻതാര കാണുന്നത്. സിനിമയുടെ സംവിധായകൻ ഗോപി സാർ ആറത്തിന്റെ കഥ പറഞ്ഞപ്പോൾ നയൻതാര ഞാൻ ഈ സിനിമ നിർമിക്കാമെന്ന് അങ്ങോട്ട് പറയുകയായിരുന്നു. മലയാളിയാണെന്ന് അറിയില്ലായിരുന്നു. ആണെന്ന് അറിഞ്ഞപ്പോൾ ചോദിച്ചു, ഈ ചെറിയ പ്രായത്തിൽ രണ്ടുകുട്ടികളുടെ അമ്മവേഷം എന്തിനാണ് തിരഞ്ഞെടുത്തതെന്ന്. ഷൂട്ടിങ്ങിലുടനീളം മലയാളിയാണെന്ന പരിഗണനയും സ്നേഹവും എന്നോടുണ്ടായിരുന്നു. നയൻതാരയുടെ ആരാധിക കൂടിയായ എനിക്ക് ശരിക്കും ത്രില്ലായിരുന്നു അവരോടൊപ്പമുള്ള അഭിനയം. 

മാളൂട്ടി സിനിമയുമായി സാമ്യം?

മാളൂട്ടിയിലെ കുട്ടി കുഴൽകിണറിൽ വീഴുന്ന സംഭവമാണ് എല്ലാവരും പറയുന്നത്. പക്ഷെ അതും അറവും തമ്മിൽ ഒരു സാമ്യവുമില്ല. അറം സംസാരിക്കുന്നത് തമിഴ്നാട്ടിലെ രാഷ്ട്രീയമാണ്. കാലങ്ങളായി ജനങ്ങൾ അനുഭവിക്കുന്ന കുടിവെള്ള പ്രശ്നമെന്ന ദുരിതമാണ്. രണ്ടുചിത്രങ്ങളുടെയും കഥയും സാഹചര്യവും വ്യത്യസ്തമാണ്. കുഴൽക്കിണർ രംഗംവച്ചുമാത്രം അറത്തെ മാളൂട്ടിയുമായി താരതമ്യം ചെയ്യരുത്. മാളുട്ടിയല്ല അറം. 

മലയാളത്തിലേക്ക് ?

മലയാളത്തിൽ രണ്ടുചിത്രങ്ങൾ ചെയ്തിട്ടുണ്ട്. തമിഴിലാണ് കൂടൂതൽ അവസരം വരുന്നത്. എവിടെയാണെങ്കിലും നല്ല കഥയും കഥാപാത്രവുമാണെങ്കിൽ തീർച്ചയായും അഭിനയിക്കും.