ടേക്ക് ഒാഫ് കുവൈറ്റിൽ നിരോധിച്ച സിനിമ

ആർട്ട് സിനിമകൾക്കുള്ള വേദിയായിട്ടാണ് ചലച്ചിത്ര മേളകൾ കണക്കാക്കപ്പെടുന്നത്. എന്നാൽ ഇത്തവണത്തെ ഗോവൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ താരമായത് തീയറ്ററിൽ വൻ വിജയമായ ടേക്ക് ഒാഫ് എന്ന മലയാള സനിമ. കേരളത്തിലെ തീയറ്ററുകളിൽ നിറഞ്ഞ സദസ്സിനു മുന്നിൽ പ്രദർശിക്കപ്പെട്ട ചിത്രത്തിന് പ്രത്യേക ജൂറി പുരസ്കാരവും ഒപ്പം അതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള രജതമയൂരം പുരസ്കാരം നടി പാർവതിക്കും ലഭിച്ചു. ഒരു പത്രവാർത്തയിൽ നിന്ന് ലഭിച്ച ആശയം തന്റെ കന്നി ചിത്രത്തിന്റെ കഥയാക്കിയ ടേക്ക് ഒാഫിന്റെ സംവിധായകൻ മഹേഷ് നാരായണൻ സംസാരിക്കുന്നു.

∙ ആപൂർവങ്ങളിൽ അപൂർവമായാണ് ഇന്ത്യൻ സിനിമകൾ ഇത്തരം മേളകളിൽ നേട്ടം കൊയ്യുന്നത്. എങ്ങനെ കാണുന്നു ?

മേളകൾക്കു വേണ്ടിയോ അവാർഡ് മോഹിച്ചോ ഉണ്ടാക്കിയ ചിത്രമല്ല ടേക്ക് ഒാഫ്. ഒരു കഥ സത്യസന്ധമായി അവതരിപ്പിക്കാനുള്ള ശ്രമമായിരുന്നു ഇൗ ചിത്രം. അത്യാവശ്യം നല്ല ബജറ്റിൽ ഒരു സ്ത്രീയെ പ്രധാനകഥാപാത്രമാക്കി എടുത്ത സിനിമ. തീയറ്ററുകളിൽ ഇൗ ചിത്രം വിജമായിരുന്നു. നിർമാതാക്കൾക്ക് ലാഭമുണ്ടാക്കി കൊടുത്ത ചിത്രത്തിന് അവാർഡും കൂടി ലഭിച്ചപ്പോൾ എല്ലാ പ്ലാറ്റ്ഫോമുകളിലും സിനിമ വിജയിച്ചുവെന്ന സന്തോഷമുണ്ട്. അങ്ങനെ സംഭവിക്കുന്നത് വല്ലപ്പോഴും മാത്രമാണല്ലോ. 

∙ എന്താവാം താങ്കളുടെ അഭിപ്രായത്തിൽ പുരസ്കാര നേട്ടത്തിന് ടേക്ക് ഒാഫിനെ അർഹമാക്കിയത് ? 

ജൂറി അംഗങ്ങളോട് സംസാരിച്ച അറിവിൽ പറഞ്ഞാൽ അതിജീവനത്തിന്റെ കഥ സത്യസന്ധമായി പറ‍ഞ്ഞതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ മികവായി എല്ലാവരും എടുത്ത് കാട്ടിയത്. വികാര തീവ്രമായ രംഗങ്ങളെ അതേ അളവിൽ ആസ്വാദകനിലേക്കെത്തിക്കാൻ സാധിച്ചുവെന്നും ചില ജൂറി അംഗങ്ങൾ അഭിപ്രായപ്പെട്ടു. മറാഠിയിൽ നിന്നൊക്കെ വളരെ മികച്ച സിനിമകൾ പല വിഭാഗങ്ങളിലുമുണ്ടായിരുന്നു. അവർക്കൊക്കെ ലഭിക്കാഞ്ഞ പുരസ്കാരം ടേക്ക് ഒാഫിന് ലഭിച്ചെങ്കിൽ മറ്റെന്തെങ്കിലുമൊക്കെ മികവ് ജൂറി കണ്ടിട്ടുണ്ടാവണം. 

∙ മറ്റേതെങ്കിലും ഭാഷയിലായിരുന്നെങ്കിൽ ചിത്രം കൂടുതൽ ശ്രദ്ധിക്കപ്പെടുമായിരുന്നെന്ന് തോന്നുന്നുണ്ടോ ?

മലയാളത്തിലായതു കൊണ്ട് മാത്രമാണ് ടേക്ക് ഒാഫിനെ ഇങ്ങനെ ഒരുക്കാൻ സാധിച്ചത്. പുറമെ നിന്ന് കാണുന്നവർക്ക് അത് 46 നഴ്സുമാരുടെ അതിജീവനത്തിന്റെ കഥ മാത്രമാണ്. എന്നാൽ ഞാൻ ടേക്ക് ഒാഫിനെ കാണുന്നത് മറ്റൊരു രീതിയിലാണ്. ഒരു സാധാരണ കൺസർവേറ്റീവ് മുസ്ലിം സമുദായത്തിൽ നിന്നുള്ള പെൺകുട്ടി. അവൾ പല വെല്ലുവിളികളെയും അതിജീവിച്ച് സമൂഹത്തിൽ ജീവിക്കാൻ ശ്രമിക്കുകയാണ്. അതത്ര നിസാരമല്ല. മലയാളത്തിലായതു കൊണ്ട് മാത്രമാണ് ഇൗ ഒരു രീതിയിൽ എനിക്ക് ആ സിനിമയെ സമീപിക്കാൻ സാധിച്ചത്. ഇത്ര സ്വാതന്ത്ര്യമുണ്ടായത്. ഹിന്ദിയിലൊ മറ്റൊ ആയിരുന്നെങ്കിൽ നായക കേന്ദ്രീകൃതമായി ചിത്രം മാറ്റേണ്ടി വന്നേനെ.

∙ ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച നടിമാരുടെ കൂട്ടത്തിലേക്ക് പാർവതി ഉയർന്നു കഴിഞ്ഞു. എങ്ങനെ കാണുന്നു അവരുടെ നേട്ടത്തെ ?

വളരെ വലിയ നേട്ടമാണ് പാർവതിയുടേത്. 30 വയസ്സിനകത്ത് കരിയറിൽ ഇത്ര വലിയ ഉയരത്തിൽ എത്തിച്ചേരാനായത് ഭാഗ്യമാണ്. സമീറ എന്ന കഥാപാത്രമോ അവരുടെ ജോലിയോ ഒക്കെ തീരുമാനിക്കുന്നതിനു മുമ്പ് തന്നെ പാർവതി ഇൗ ചിത്രത്തോടൊപ്പമുണ്ട്. കഥാപാത്രത്തിന്റെ വളർച്ചയിലും സിനിമയുടെ മുന്നോട്ടു പോക്കിലുമൊക്കെ കൂടെയുള്ളതിനാലാവാം പാർവതിക്ക് വളരെ അനായാസമായി സമീറയെ അവതരിപ്പിക്കാനായതും. ചിത്രം ആലോചിച്ച ഘട്ടം മുതൽ തന്നെ പാർവതിയല്ലാതെ മറ്റാരെയും ആ റോളിലേക്ക് സങ്കൽപിക്കാൻ പോലുമായിട്ടില്ല. നായിക കേന്ദ്രീകൃതമായ സിനിമയുടെ ഒരു ഘട്ടത്തിൽ പോലും നായകന്മാർ സമീറയുടെ കഥാപാത്രത്തെ കവച്ചു വയ്ക്കുന്നില്ല. സിനിമയെ മുന്നോട്ട് കൊണ്ടു പോകുന്നതിന്റെ പ്രധാന ഉത്തരവാദിത്തം പാർവതിയുടെ കഥാപാത്രത്തിനായിരുന്നു.

∙ എസ്. ദുർഗ എന്ന മലയാള സിനിമ കോടതി ഉത്തരവുണ്ടായിട്ടും മേളയിൽ പ്രദർശിപ്പിച്ചില്ല. പത്മാവതി, മെർസൽ അങ്ങനെ പല സിനിമകൾക്കുമെതിരെ ലഹളകൾ നടക്കുന്നു. കലാകാരന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിൽ ഉണ്ടാവുന്ന കൈകടത്തലുകൾ അധികമല്ലേ ഇക്കാലത്ത് ?

സനലിന്റെ എസ്. ദുർഗ മേളയിൽ പ്രദർശിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു, ആ ചിത്രം കാണണമെന്ന് ആഗ്രഹിച്ചിരുന്നു. ടൈറ്റിലിൽ പ്രശ്നമുണ്ട് എന്നു പറഞ്ഞാണ് സിനിമ വിലക്കിയിരിക്കുന്നത്. ടൈറ്റിൽ അല്ല സിനിമയാണ് വലുതെന്ന് ഞാൻ വിശ്വസിക്കുന്നു. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിലെ കൈകടത്തലുകൾ എല്ലായിടത്തുമുണ്ട്. താരതമ്യേന കുറവ് ഇന്ത്യയിലാണെന്നു തോന്നുന്നു. ടേക്ക് ഒാഫ് കുവൈറ്റിൽ നിരോധിച്ച സിനിമയാണ്. സൗദി ടേക്ക് ഒാഫിന്റെ പേരിൽ എനിക്കെതിരെ ഫത്‌വ പുറപ്പെടുവിച്ചിട്ടുണ്ട്. ദുബായിൽ 10 മിനിറ്റ് വെട്ടിക്കളഞ്ഞിട്ടാണ് ടേക്ക് ഒാഫ് പ്രദർശിപ്പിച്ചത്. ചിത്രം പുറത്തിറങ്ങിയതിനു ശേഷം നിരവധി ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നുമുണ്ട്. 

നിർമാല്യം പോലുള്ള സിനിമകൾ ഇറങ്ങിയ നാടാണ് നമ്മുടേത്. പ്രകോപനപരമായ രംഗങ്ങൾ ഒഴിവാക്കി കാണിക്കേണ്ടത് കാണിക്കണം എന്നതാണ് എന്റെ അഭിപ്രായം.

∙ മേളയിൽ താങ്കൾക്ക് ഇഷ്ടപ്പെട്ട മറ്റു സിനിമകൾ ?

ഒരുപാട് സിനിമകളൊന്നും കാണാൻ സാധിച്ചില്ല. മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ബീറ്റ്സ് പെർ മിനിറ്റ് കണ്ടു. എത്ര മികവോടെയാണ് അത് ഒരുക്കിയിരിക്കുന്നത്. അതിൽ അഭിനയിച്ചവരിൽ മിക്കവരും പുതുമുഖങ്ങളായിരുന്നിട്ടു കൂടി എത്ര മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. 

∙ ടേക്ക് ഒാഫ് മറ്റു മേളകളിലേക്ക് അയയ്ക്കുമോ ? അവിടുത്തെ സാധ്യതകൾ എന്തൊക്കെയാണ് ? 

ഐഎഫ്എഫ്ഐയിലും ഐഎഫ്എഫ്കെയിലും സിനിമകൾ അയയ്ക്കുന്ന പതിവുള്ളതു കൊണ്ട് അയച്ചതാണ്. പുരസ്കാരം നേടുമെന്ന പ്രതീക്ഷയൊന്നും ഇല്ലായിരുന്നു. ഇവിടെ പലരും ഒാർത്തിരുന്നത് ചിത്രം റിലീസായിട്ടില്ലെന്നാണ്. തീയറ്ററുകളിൽ എത്താത്ത ചിത്രങ്ങൾക്കാണ് മേളകളിൽ പ്രാധാന്യമുള്ളത്. ഇനി എന്തായാലും മറ്റു ചില മേളകളിലേക്കു കൂടി അയയ്ക്കാനാണ് തീരുമാനം.