Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമ്മൂട്ടിക്ക് പുതിയ നായിക; ഫ്രം ഐഐഎന്‍ ഹരിയാന

പേരിലും കഥയുടെ വളർച്ചയിലുമെല്ലാം ഒരു ഉത്തരേന്ത്യൻ ടച്ചുണ്ട് മമ്മൂട്ടിയുടെ ‘ അച്ഛാ ദിൻ എന്ന പുതിയ ചിത്രത്തിന്. കഥ നടക്കുന്നതു കേരളത്തിലാണെങ്കിലും കഥയിലെ നായികയെ കണ്ടെത്തിയതു ജമ്മുവിൽ നിന്നാണ്. ചിത്രത്തിലേക്ക് ഒരു ഉത്തരേന്ത്യൻ മുഖം തേടിയ സംവിധായകൻ മാർത്താണ്ഡൻ ഒരാളെ ഏകദേശം തീരുമാനിച്ചുവെങ്കിലും തൃപ്തി പോരായിരുന്നു.

എന്തുചെയ്യുമെന്ന ചിന്തയിലിരുന്നു മയങ്ങിപ്പോയ മാർത്താണ്ഡൻ ഉണർന്നപ്പോൾ ടിവിയിൽ മൊബൈൽ ഇന്റർനെറ്റ് പരസ്യം. എെ ആം ഫ്രം എഎഎൻെ ഹരിയാന എന്നു പറയുന്ന പെൺകുട്ടിയിൽ മമ്മൂട്ടിയുടെ നായിക കണ്ടെത്തിയാലോ എന്ന ആലോചനയിൽ നിന്നാണു പരസ്യം ചെയ്തു മുംബൈ ടീമിനെ ബന്ധപ്പെടുന്നത്. സംഗതി അവരെ അറിയിച്ചു നടിയുടെ സമ്മതം തിരക്കി. എല്ലാം ഞൊടിയിടയിൽ തീരുമാനമായതോടെ ജമ്മുവിലെ പഞ്ചാബി പെൺകുട്ടി, മാനസി നേരെ കൊച്ചിയിലേക്കു പറന്നു. സംവിധായകനും നായകനുമൊപ്പം ചെറിയൊരു കൂടിക്കാഴ്ച. എല്ലാം റെഡി. മാനസി മമ്മൂട്ടിയുടെ നായികയായി തീരുമാനിക്കപ്പെട്ടു.

∙ ആദ്യ സന്ദർശം എങ്ങനെയുണ്ടായിരുന്നു ? 

ആദ്യമായി കണ്ടപ്പോൾ മമ്മൂട്ടി സാർ ഒറ്റച്ചോദ്യം മാത്രം ചോദിച്ചു. ‘ നിങ്ങൾ നടിയാണോ മോഡലാണോ?. ഞാൻ നടിയെന്നു മറുപടി പറഞ്ഞു. അതുകേട്ടു മമ്മൂട്ടി സാർ ചിരിച്ചു. അതോടെ ഞാൻ മമ്മൂട്ടിയുടെ നായികയിലേക്കു വളർന്നു.

∙ എങ്ങനെയുണ്ട് മലയാളം? 

പറയാനും മനസിലാക്കാനും നല്ല പാടുണ്ട്. എങ്കിലും ഒരാഴ്ച പിന്നിട്ടപ്പോൾ ചിലതൊക്കെ മനസിലാക്കാൻ പറ്റുന്നുണ്ട്. പിന്നെ പരിഭാഷയ്ക്കു കൂട്ടായി ലക്ഷ്മിയുള്ളതിനാൽ സംഗതി എളുപ്പമായി. (ഇൗ ചിത്രത്തിന്റെ പ്രൊഡക്ഷൻ മാനേജരായ ബാംഗ്ലൂർ മലയാളി ലക്ഷ്മിയാണ് മാനസിക്കു മലയാളത്തിലുള്ള ഡയലോഗുകൾ വിശദീകരിച്ചു പഠിപ്പിക്കുന്നത്).

∙ മോഡലിങ്ങോ സിനിമയോ മാനസിക്കിഷ്ടം?

നേവിയിൽ ഓഫിസറാവണമെന്നു കൊതിച്ചു നടന്നയാളാണു ഞാൻ. ജമ്മു സർവകലാശാലയിൽ നിന്ന് എച്ച് ആറിലും ഫിനാൻസിലും എംബിഎ പൂർത്തിയാക്കി. സോഷ്യോളജിയിൽ മാസ്റ്റർ ബിരുദവുമുണ്ട്. എൻസിസിയിൽ എ ഗ്രേഡ് സർട്ടിഫിക്കറ്റ് നേടിയ ഞാൻ ആർമിയിൽ ചേരുമെന്നായിരുന്നു സ്വപ്നം കണ്ടത്. പക്ഷേ, അഭിനയ രംഗത്ത് എത്തിയതോടെ വീട്ടുകാർ നന്നായി പ്രോൽസാഹിപ്പിച്ചു. നാലാളറിയുന്ന നല്ല നടിയാവാനാണ് ഇപ്പോൾ എനിക്കിഷ്ടം.

∙ അഭിനയം തുടങ്ങിയതെങ്ങനെ?

ഡൽഹി എബെിഎം കൺവേർജിസിൽ രണ്ടു വർഷം ജോലി ചെയ്തിരുന്നു. ഇതിനിടെ ജമ്മുവിൽ നടന്ന ടിവി ഓഡിഷനിൽ പങ്കെടുത്തു. അതു നടന്നില്ലെങ്കിലും മഹാഭാരതത്തിലെ അംബാലികയായി ആദ്യാവസരം. ഹിന്ദിയിലെ പ്രമുഖ ചാനലുകളിൽ സീരിയലുകളിൽ പല വേഷങ്ങൾ ചെയ്തു തിരക്കായതോടെ താമസം മുംബൈയിലേക്കു മാറ്റി. ജുഗാദി ഡോട്ട് കോം എന്ന പഞ്ചാബി സിനിമയാണ് ആദ്യചിത്രം. കഴിഞ്ഞ വർഷമായിരുന്നു അത്. മേയ് 15നു റിലീസ് ചെയ്യും. ഒരു ഹിന്ദി ചിത്രത്തിലും അഭിനയിച്ചു. ഇപ്പോൾ മമ്മൂട്ടിക്കൊപ്പം മലയാള സിനിമയും.

∙ ഐ.ഐ.എൻ ഹരിയാന

ആ പരസ്യം ഇന്ത്യ മുഴുവൻ ശ്രദ്ധിച്ചു. ഇതിന്റെ ഓഡിഷനു നൂറോളം പേർ എത്തിയിരുന്നു. പക്ഷേ, എനിക്കായിരുന്നു ഭാഗ്യം. ഇന്ത്യയിൽ പലയിടത്തും എന്നെ തിരിച്ചറിയുന്നത് എഎഎൻെ ഹരിയാന പരസ്യത്തിലൂടെയാണ്. ആ പരസ്യം ചെയ്ത പ്രൊഡക്ഷൻ ഹൗസിൽ നിന്നാണു മലയാള ചിത്രത്തിലേക്ക് അവസരം വരുന്നുണ്ട്. അവർ വിളിക്കും എന്നറിയിച്ചത്. മമ്മൂട്ടിയാണു നായകൻ എന്നറിഞ്ഞതോടെ മറ്റൊന്നും ഓർത്തില്ല. അമ്മയും പറഞ്ഞു, ഇതു നല്ല അവസരമായിരിക്കും എന്ന്.

∙ മലയാള ചിത്രങ്ങൾ കണ്ടിരുന്നുവോ?

മലയാള ചിത്രങ്ങൾ കണ്ടിട്ടില്ല. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് കാണണമെന്നു സംവിധായകൻ മാർത്താണ്ഡൻ പറഞ്ഞിരുന്നു. വരാനുള്ള തിരക്കിനിടയിൽ അതു സാധിച്ചിട്ടില്ല. മമ്മൂട്ടി സാറിനെ പറ്റു കേട്ടിട്ടുണ്ട്. പക്ഷേ, ആദ്യമായി നേരിൽ കാണുകയാണ്. നന്നായി പ്രോൽസാഹിപ്പിക്കുന്ന ഒരു ടീമാണിത്. അതെന്നിൽ ആത്മവിശ്വാസം കൂട്ടുന്നു.

പഞ്ചാബിയായ സുലക്ഷണയാണു മാനസിയുടെ അമ്മ. അച്ഛൻ ജമ്മു സ്വദേശി ദർബാരി ലാൽ ശർമ്മ. എയർഫോഴ്സിലാണദ്ദേഹം. മൂന്നു പെൺമക്കളിൽ നടുക്കുള്ള മാനസിക്ക് ഒരു ഇളയ സഹോദരൻ കൂടിയുണ്ട്. സ്വന്തം വഴിയേതെന്നു തിരഞ്ഞെടുത്തു സധൈര്യം മുന്നോട്ടു പോകാൻ അച്ഛൻ എന്നു പറയും. ഇതാണെന്റെ വഴിയെന്നു തിരിച്ചറിയുന്നു. ഇൗ മേഖല ഇനിയുള്ള കാലം എനിക്കുകൂടിയുള്ളതാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.