പ്രേമം തലയ്ക്കുപിടിച്ചു, സ്വർഗരാജ്യത്തിലേക്കുള്ള വാതിൽ തുറന്നു

റീബ മോണിക്ക ജോൺ, നിവിൻ പോളി

മഴവിൽ മനോരമയുടെ മിടുക്കി എന്ന റിയാലിറ്റി ഷോയിലൂടെത്തന്നെ മിടുമിടുക്കിയാണെന്ന് തെളിയിച്ച പെൺകുട്ടിയാണ് റീബ മോണിക്ക ജോൺ. റീബയുടെ ഈ മിടുക്ക് കണ്ട വിനീത്ശ്രീനിവാസൻ പിന്നെ താമസിച്ചില്ല നേരെ ജേക്കബിന്റെ സ്വർഗരാജ്യത്തിലെ നായികയാവാൻ ക്ഷണിച്ചു. സ്വർഗരാജ്യത്തിൽ ചെന്നതിൽ പിന്നെയുള്ള വിശേഷങ്ങൾ റീബ മനോരമ ഓൺലൈനുമായി പങ്കുവെക്കുന്നു.

ജേക്കബിന്റെ സ്വർഗരാജ്യത്തിലെ എത്തിയതിന് ശേഷമുള്ള വിശേഷങ്ങൾ?

സിനിമയിലേക്ക് എത്തിച്ചേരുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നതെയില്ല. അപ്രതീക്ഷിതമായി കിട്ടിയ ഈ ക്ഷണം ശരിക്കും എനിക്ക് സ്വർഗരാജ്യത്തിലേക്കുള്ള വാതിൽ തന്നെയായിരുന്നു. വിനീതേട്ടൻ വിളിച്ചിട്ട്, ഇതൊരു കുടുംബചിത്രമാണ് ചെയ്യാൻ റെഡിയല്ലേ എന്ന് ചോദിച്ചു. കഥയും കഥാപാത്രവും കേട്ടുകഴിഞ്ഞപ്പോൾ പിന്നെ കൂടുതലൊന്നും ആലോചിക്കാതെ യെസ് പറഞ്ഞു. മിടുക്കിക്ക് ശേഷം പല സിനിമകളിലേക്കും അഭിനയിക്കാൻ ക്ഷണം വന്നിരുന്നു.

പക്ഷെ ക്ലാസ് നഷ്ടമാകുമെന്നുള്ളതുകൊണ്ട് പലതും ഉപേക്ഷിച്ചു. ഇത് പക്ഷെ എന്റെ സമയത്തിന് അനുകൂലമായി വന്ന സിനിമയാണ്. പത്ത് പതിനഞ്ച് ദിവസത്തെ ഷൂട്ടിങ്ങ് മാത്രമെ ഉണ്ടായിരുന്നുള്ളൂ. പിന്നെ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന നിവിൻപോളി നായകനാകുന്ന സിനിമയുടെ ഭാഗമാകാൻ പറ്റുന്നതും ഒരു ഭാഗ്യമല്ലേ.

നായകൻ നിവിനാണെന്ന് അറിഞ്ഞപ്പോൾ?

നിവിൻപോളിയാണ് നായകനെന്ന് അറിഞ്ഞപ്പോൾ തോന്നിയ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. തുള്ളിച്ചാടാൻ തോന്നി. പ്രേമം ഇറങ്ങിയ സമയത്തായിരുന്നു ഇതിലേക്കുള്ള ക്ഷണം. പ്രേമം തലയ്ക്ക് പിടിച്ചിരിക്കുന്ന സമയമായിരുന്നു. ആദ്യമായിട്ടാണ് നിവിനെക്കാണുന്നത്. നിവിനെ കണ്ടപ്പോൾ തന്നെ എന്റെ ആരാധന അറിയിച്ചു. പക്ഷെ ഷൂട്ടിങ്ങ് തുടങ്ങിയപ്പോഴാണ് പ്രശ്നമായത്. ആദ്യം തന്നെ കോംബിനേഷൻ സീനായിരുന്നു.

നമുക്ക് ഇഷ്ടമുള്ള നടൻ തൊട്ടടുത്ത് വന്നു നിന്നപ്പോൾ ആകെ ടെൻഷനായി. എനിക്ക് കുറച്ച് സമയം വേണം എന്ന് പറഞ്ഞു. അതിനെന്താ ഒട്ടും പരിഭ്രമിക്കേണ്ട സാവകാശം ചെയ്താൽ മതി എല്ലാം ശരിയാകുമെന്ന് പറഞ്ഞ് സപ്പോർട്ട് ചെയ്തു. വളരെ സിംപിളായ സപ്പോർട്ടീവായ ആളാണ് നിവിനെന്ന് എനിക്ക് മനസ്സിലായി.

വിനീത് ശ്രീനിവാസൻ എന്ന സംവിധായകനെക്കുറിച്ച്?

വീനിതേട്ടൻ വളരെ കൂളാണ്. എന്ത് പ്രതിസന്ധിയുണ്ടെങ്കിലും വളരെ ലാഘവത്തോടെ സാഹചര്യങ്ങൾ കൈകാര്യം ചെയ്യും. ചിപ്പി എന്ന കഥാപാത്രമാകാൻ എല്ലാ പിന്തുണയും തന്നത് വിനീതേട്ടനാണ്. വളരെ കൃത്യമായി നമ്മുടെ കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ തരും. യാതൊരു ടെൻഷനുമില്ലാതെ ആദ്യം ചിത്രം അഭിനയിക്കാൻ വിനീതേട്ടൻ തന്ന പിന്തുണ വളരെ വലുതാണ്.

ചിപ്പി എന്ന കഥാപാത്രത്തെക്കുറിച്ച്?

നിവിൻപോളി അവതരിപ്പിക്കുന്ന ജെറി എന്ന കഥാപാത്രത്തിന്റെ കാമുകിയാണ് ചിപ്പി. ദുബായിൽ ജനിച്ചു വളർന്ന പെൺകുട്ടിയാണ്. ഇടയ്ക്ക് പഠനത്തിന് വേണ്ടി നാട്ടിലേക്ക് എത്തുന്നതാണ്. ചിപ്പിയും ജെറിയും തമ്മിലുള്ളത് ഒരു ലോങ്ങ് ഡിസ്റ്റൻസ് പ്രണയമാണ്. ഞാൻ ജനിച്ചുവളർന്നതും ബാംഗ്ലൂരായത് കൊണ്ട് മലയാളം ഉച്ചാരണങ്ങളൊന്നും അത്ര നന്നായി വഴങ്ങില്ല. സാധാരണ അതിന്റെ പേരിൽ എല്ലാവരും കളിയാക്കാറാണ് പതിവ്. എന്നാൽ മലയാളം അധികം അറിയാത്തത് ചിപ്പി എന്ന കഥാപാത്രത്തിന്റെ ഡയലോഗുകൾ പറയുമ്പോൾ സഹായകമായി. ഞാൻ എങ്ങനെയാണോ സംസാരിക്കുന്നത് അതുപോലെ തന്നെയാണ് ചിപ്പിയും.

കുടുംബം

അച്ഛന്റെ വീട് മൂവാറ്റുപുഴയാണ്. അമ്മയും അനിയനും അനിയത്തിയുമുണ്ട്.