ഭാവന സ്റ്റുഡിയോ, പ്രകാശ് സിറ്റി

മറ്റുള്ള നാട്ടുകാരെല്ലാം മുക്ക്, പടി, കുഴി, കോട് തുടങ്ങിയ വാക്കുകൾ മാറ്റിയും മറിച്ചുമിട്ടു സ്ഥലങ്ങൾക്കു പേരിടുമ്പോൾ ഇടുക്കിക്കാർ മനുഷ്യരുടെ പേരുകൾ തന്നെ സ്ഥലനാമമാക്കും. അതിന് ഏറ്റവും മികച്ച ഉദാഹരണമാണു ഹൈറേഞ്ചിലെ മലയോരഗ്രാമമായ പ്രകാശ്. ഇന്നു പ്രകാശ് സിറ്റി കേരളത്തിലാകെ അറിയപ്പെടുന്ന കവലയാണ്. ആദ്യമൊക്കെ, പ്രകാശ് എന്ന പേരിലും സ്ഥലമോ എന്ന് അന്തംവിട്ടിരുന്നവർ ഇപ്പോൾ ചോദിക്കുന്നു: ‘‘തങ്കമണിക്കടുത്തുള്ള പ്രകാശീന്നാണോ? അറിയാമല്ലോ...നമ്മുടെ മഹേഷിന്റെ ഭാവനാ സ്റ്റുഡിയോയും ബേബിച്ചേട്ടന്റെ ബേബി ആർട്സും ഇരിക്കുന്ന ടൗണല്ലേ?’’

കലാസംവിധായകന്റെ ഭാവന

ദൃശ്യത്തിലൂടെ രാജാക്കാടും ലൗഡ്സ്പീക്കറിലൂടെ മൈക്ക് സിറ്റിയും കഥ പറയുമ്പോൾ എന്ന സിനിമയിലൂടെ മേലുകാവുമെല്ലാം പ്രസിദ്ധമായതുപോലെയാണു മഹേഷിന്റെ പ്രതികാരത്തിലൂടെ പ്രകാശ് സിറ്റിയും നാലാളറിയുന്ന സ്ഥലമായത്. സിനിമയ്ക്കു വേണ്ടി പ്രകാശിൽ വലിയ മാറ്റമൊന്നും വരുത്തിയിരുന്നില്ല കലാസംവിധായകൻ അജയൻ ചാലിശേരി. സിനിമയ്ക്കു വേണ്ടതെല്ലാം പ്രകാശിലുണ്ടായിരുന്നു. മഹേഷിന്റെ ഭാവനാ സ്റ്റുഡിയോയും ബേബിച്ചേട്ടന്റെ ബേബി ആർട്സും മാത്രമാണു സെറ്റ് ഇട്ടത്.

പ്രകാശിൽനിന്നു കട്ടപ്പനയ്ക്കു തിരിയുന്ന കവലയിലുള്ള ചെറിയ ഷോപ്പിങ് കോംപ്ലക്സിന്റെ രണ്ടാം നിലയിലാണു ഭാവനാ സ്റ്റുഡിയോ പണിതത്. കെട്ടിടത്തിൽ രണ്ടാം നില പണിയാനായി ടെറസ് ഒഴിച്ചിട്ടിരിക്കുകയായിരുന്നു. അതിന്റെ മുൻപിലുണ്ടായിരുന്ന ഷീറ്റ് അഴിച്ചുമാറ്റുകയാണ് അജയനും സംഘവും ആദ്യം ചെയ്തത്. പിന്നീട് മുകളിലേക്കു കയറാൻ പലകയടിച്ചു ഗോവണിയുണ്ടാക്കി. കോൺക്രീറ്റിന്റെ ഫിനിഷിങ്ങും വരുത്തി.

ദൂരെനിന്നു നോക്കുമ്പോൾ കാണാവുന്ന തരത്തിൽ കടമുറികൾക്കു പുറകിൽ വലിയൊരു ഹോർഡിങ് സ്ഥാപിച്ചു. ടെറസിൽ ഭാവനാ സ്റ്റുഡിയോയും ബേബി ആർട്സും ഉണ്ടാക്കി. സ്റ്റുഡിയോയുടെ ഉൾഭാഗമെല്ലാം പൂർണമായും കലാസംവിധായകന്റെ ഭാവനയിൽ വിരിഞ്ഞതാണ്.സ്റ്റുഡിയോയുടെ താഴെയുള്ള ബേക്കറിയും സ്റ്റേഷനറി കടയും ഹോട്ടലുമെല്ലാം അതേപടി നിലനിർത്തി.

കുമ്പിളപ്പവും അപ്പൂപ്പൻതാടിയും

തന്റെ പ്രതികാരം പൂർത്തിയാക്കിയ ശേഷം ചെരിപ്പ് വാങ്ങാനായി മഹേഷ് വരുന്ന കടയും പ്രകാശിൽ തന്നെ അജയൻ ചാലിശേരി സെറ്റിട്ടു.ഒഴിഞ്ഞുകിടക്കുകയായിരുന്ന പഴയൊരു കടമുറി പുതിയ ബോർഡ് വച്ചു ലുക്കൊന്നു മാറ്റിയെടുത്തു. ‘വനിത’യിൽ കൊടുക്കാനുള്ള ജിംസിയുടെ ഫോട്ടോയുടെ ഇഫക്ട് കൂട്ടാൻ ക്രിസ്പിൻ വാരിയെറിയുന്ന അപ്പൂപ്പൻതാടികളും അജയൻ ഉണ്ടാക്കിയതാണ്. ഒട്ടകപ്പക്ഷിയുടെ തൂവലുകൾ മുംബൈയിൽനിന്നു വരുത്തി 1000 അപ്പൂപ്പൻതാടികൾ ഉണ്ടാക്കി. ആ കൃത്രിമ അപ്പൂപ്പൻതാടികളാണു ജിംസിയുടെ മുഖത്തു തട്ടിത്തഴുകി താഴേക്കു വീഴുന്നത്.

സണ്ണിപാപ്പന്റെ വീടിനു പുറകിൽവച്ച് രാത്രിയിൽ സൗമ്യയ്ക്കു മഹേഷ് കൊടുക്കുന്ന കുമ്പിളപ്പം സംഘടിപ്പിച്ചതും അജയൻ ചാലിശേരി തന്നെ. ലൊക്കേഷനടുത്തുള്ള വീട്ടുകാരുമായി നേരത്തേ തന്നെ സൗഹൃദമുണ്ടാക്കിയിരുന്നു അജയൻ. ഒരു സീനിൽ ഉപയോഗിക്കാൻ കുമ്പിളപ്പം വേണമെന്നറിയിച്ചപ്പോൾ അടുത്ത വീട്ടിൽനിന്നു തന്നെയാണ് കുമ്പിളപ്പം ഉണ്ടാക്കിക്കൊണ്ടു വന്നത്.

ഓർമയുണ്ടോ ആ കഞ്ചാവ് തോട്ടം?

ഇടുക്കി ഗോൾഡ്, ഗ്യാങ്സ്റ്റർ, അപ്പവും വീഞ്ഞും, ടമാർ പടാർ തുടങ്ങി ഒട്ടേറെ സിനിമകളിൽ കലാസംവിധായകനായിട്ടുണ്ട് അജയൻ ചാലിശേരി. ഇടുക്കി ഗോൾഡിൽ അജയൻ ഉണ്ടാക്കിയ കഞ്ചാവ് തോട്ടം ഏറെ ശ്രദ്ധേയമായിരുന്നു.

ചൈനയിൽനിന്ന് ഇറക്കുമതി ചെയ്ത കൃത്രിമ കഞ്ചാവ് ചെടികൾ ഉപയോഗിച്ചാണു തോട്ടം നിർമിച്ചത്. നേരത്തേ കഞ്ചാവ് കൃഷി ചെയ്തതിനു പൊലീസ് പിടിച്ചവരെ നേരിട്ടു കണ്ട് കൃഷിരീതികൾ മനസ്സിലാക്കിയശേഷമാണ് ഡ്യൂപ്ലിക്കേറ്റ് കഞ്ചാവ് തോട്ടം സെറ്റിട്ടത്.

''നൈസില് അങ്ങ് ഒഴിവാക്കിയല്ലേ''

എന്റെ പൊന്നെടാവേ... നീ എന്നാടാ ഈ പറയണെ?– ഇടുക്കിക്കാരൻ സംസാരിച്ചു തുടങ്ങുകയാണ്. കോട്ടയം, എറണാകുളം ഭാഷാശൈലിയുടെ മിശ്രിതമാണ് ഇടുക്കിക്കാരുടേത്. ഉടുമ്പൻചോല, ദേവികുളം, മൂന്നാർ ഭാഗങ്ങളിൽ തമിഴ്ച്ചുവ കലർന്ന മലയാളവും. കേരളത്തിലെ ഏതു സ്ലാങ്ങും സ്വാഭാവികമായി സംസാരിക്കുന്ന മമ്മൂട്ടിയിലൂടെ തന്നെയാണ് ഇടുക്കി ശൈലിയും സിനിമയിലെത്തിയത്. ലൗഡ്സ്പീക്കറിലെ മൈക്കും പളുങ്കിലെ മോനിച്ചനുമെല്ലാം ഇടുക്കി ഭാഷയുടെ സൗന്ദര്യം നിറച്ച കഥാപാത്രങ്ങൾ.

ദൃശ്യത്തിൽ മോഹൻലാലും എൽസമ്മ എന്ന ആൺകുട്ടിയിൽ കുഞ്ചാക്കോ ബോബനും ജനപ്രിയനിൽ ജയസൂര്യയും ഇടുക്കി ഭാഷ പറഞ്ഞു. ഈ ലിസ്റ്റിലാണ് മഹേഷും ക്രിസ്പിനും ബേബിച്ചേട്ടനുമെല്ലാം ഇടംപിടിച്ചിരിക്കുന്നത്. ‘നീയും സോണിയയുമായി എന്നതാടാ ഡിങ്കോൽഫി?’ ബേബിച്ചേട്ടൻ ക്രിസ്പിനോട് ചോദിച്ചതിങ്ങനെ... പൈങ്കിളി പ്രേമത്തിന് ഡിങ്കോൽഫി എന്നും പറയാമെന്നു കണ്ടുപിടിച്ചവരാണു ഹൈറേഞ്ചുകാർ. പ്രേമം തകർന്നാൽ കാമുകിയോട് ''നീ എന്നെ വഞ്ചിച്ചുവല്ലോടീ സാമദ്രോഹീ'' എന്നൊക്കെ പറഞ്ഞു നിലവിളിക്കില്ല അവർ. വളരെ സിംപിളായി ഇങ്ങനെ ചോദിക്കും: ‘നൈസില് അങ്ങ് ഒഴിവാക്കിയല്ലേ...?