തമാശയല്ല, അജു മുഖം മാറ്റി

അജു വർഗീസിന്റെ മുഖത്ത് എപ്പോഴും സന്തോഷമാണ്. സ്ക്രീനിൽ അജുവിനെ കാണുന്ന പ്രേക്ഷകരുടെ മുഖത്തും ആ സന്തോഷമാണു തെളിയുക.പതിവ് കോമഡി വേഷങ്ങൾ വിട്ടു കുറച്ചു കൂടി പക്വതയാർന്ന വേഷങ്ങളാണു ഈയിടെ അജുവിനെ തേടിയെത്തുന്നത്. പക്വതയുണ്ടെങ്കിലും കോമഡിക്ക് കുറവൊന്നുമുണ്ടായിട്ടില്ലെന്നു അജു പറയുന്നു.

പുതുവർഷത്തിൽ കൈനിറയെ ചിത്രങ്ങളുമായി വരാനുള്ള തിരക്കിലാണ് അജു. ധ്യാൻ ശ്രീനിവാസനും അജുവും പ്രധാന വേഷങ്ങൾ ചെയ്യുന്ന ഒരേ മുഖം തിയറ്ററുകളിലെത്തുമ്പോൾ പുതിയ വിശേഷങ്ങളുമായി അജു.

ഈ ചിത്രം കോമഡിയില്ല

ഞാനും ധ്യാനും അഭിനയിക്കുന്നതിനാൽ അടി കപ്യാരെ കൂട്ടമണി, കുഞ്ഞിരാമയണം എന്നിവയിലെ പോലെ കോമഡിയാണു ഈ സിനിമയെന്നു പ്രേക്ഷകർ കരുതും. എന്നാൽ ഈ സിനിമ അങ്ങനെ കോമഡി കൈകാര്യം ചെയ്യുന്നില്ല.കോമഡി പ്രതീക്ഷകൾ മാറ്റി വച്ചു വേണം തിയറ്റിറിലേക്കു വരാൻ. ധ്യാൻ അവതരിപ്പിക്കുന്ന സക്കറിയ പോത്തൻ എന്ന കഥാപാത്രത്തിന്റെ കൂട്ടുകാരാനായ ദാസിന്റെ വേഷമാണ് ഞാൻ ചെയ്യുന്നത്.

രണ്ടു കാലഘട്ടങ്ങളിലൂടെയാണു കഥ കടന്നു പോകുന്നത്. ഇമോഷണൽ ത്രില്ലർ വിഭാഗത്തിൽ പെടുത്താൻ കഴിയുന്ന സിനിമയാണു ഒരേ മുഖം. ദീപക് പറമ്പോൽ,അർജുൻ നന്ദകുമാർ പുതുമുഖമായ യാസിർ എന്നിവരാണു മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രയാഗ മാർട്ടിനാണ് നായിക. ഷാജി കൈലാസിന്റെ അസിസ്റ്റന്റായിരുന്ന സജിത്ത് ജഗത് നന്ദനാണ് സംവിധായകൻ. ക്യാംപസ് പശ്ചാത്തലത്തിൽ നാൽവർ സംഘത്തിന്റെ കഥയാണു സിനിമ.മണിയൻപിള്ള രാജു,ചെമ്പൻ വിനോദ് എന്നിവരും ശക്തമായ വേഷങ്ങൾ ചെയ്യുന്നു.

ഇപ്പോൾ ഗ്രേഡ് കൂടിയ കൂട്ടുകാരൻ

ഒരു പണിയുമില്ലാതെ നടന്ന കൂട്ടുകാരനിൽ നിന്ന് എനിക്ക് പ്രമോഷൻ കിട്ടിക്കഴിഞ്ഞു. ഏതു ജോലിയിലും പ്രമോഷൻ സ്വാഭാവികമാണല്ലോ. കുറച്ചു കൂടി പകത്വയുള്ള സുഹൃത്ത് വേഷങ്ങളാണു ഇപ്പോൾ വരുന്നത്. ജോലിയും കുടുംബ പ്രാരാബ്ധങ്ങളുമൊക്കെയുള്ള കഥാപാത്രങ്ങൾ.

ബേസിൽ ജോസഫിന്റെ പുതിയ സിനിമയായ ഗോദയിൽ ടൊവീനോയുടെ, കോളജിൽ ജോലിയുള്ള സഹോദരനായാണു വേഷം. വിനീത് ശ്രീനിവാസൻ നായകനാകുന്ന എബി എന്ന സിനിമയിൽ സ്കൂൾകാലവും കുടുംബ ജീവിതവും ചെയ്യുന്നുണ്ട്.നായകനോ വില്ലനോ ആകണമെന്നൊന്നും ആഗ്രഹമില്ല. ഇങ്ങനെയൊക്കെ ജീവിച്ചു പോകണം അതു മതി.അജു നയം വ്യക്തമാക്കുന്നു.

സന്തോഷം തന്ന വിജയങ്ങൾ

പ്രേതം, ആൻ മരിയ കലിപ്പിലാണ്,ഒപ്പം എന്നിവയാണു ഈ വർഷം ശ്രദ്ധിക്കപ്പെട്ടത്. കുഞ്ഞിരാമായണത്തിലെ പോലെ ഒരു നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായിരുന്നു ചെറുതായിരുന്നെങ്കിലും ഒപ്പത്തിലേത്. ആൻ മരിയ തെലുങ്കിലും നല്ല അഭിപ്രായം നേടി.

പുതുവർഷ ചിത്രങ്ങൾ

വ്യത്യസ്തങ്ങളായ ഒരുപിടി ചിത്രങ്ങളാണു റിലീസിനൊരുങ്ങുന്നത്.ബിജു മേനോനൊപ്പം ചെയ്യുന്ന രക്ഷാധികാരി ബൈജു ഒപ്പ് എന്ന ചിത്രം നഗരവൽക്കരണത്തിൽ കൈമോശം വന്ന ഗ്രാമീണ നൻമകളെ കുറിച്ചുള്ള കഥയാണ്. വെള്ളിമൂങ്ങ പോലെ ത്രൂ ഒൗട്ട് കോമഡി അല്ലെങ്കിലും നല്ലൊരു സിനിമയായിരിക്കുമെന്നാണ് പ്രതീക്ഷ. രഞ്ജൻ പ്രമോദാണ് തിരക്കഥയൊരുക്കുന്നത്.

ആസിഫ് അലി, ഉണ്ണി മുകുന്ദൻ എന്നിവർ മുഖ്യവേഷം ചെയ്യുന്ന അവരുടെ രാവുകളിൽ അഭിനയം പഠിക്കാൻ ചെല്ലുന്ന വിദ്യാർഥിയാണ്. എന്റെ അവസ്ഥയായതു കൊണ്ടു ചെയ്യാൻ എളുപ്പമാണ്. ആസിഫ് അലിയുടെ മറ്റൊരു ചിത്രമായ അഡ്വഞ്ചേഴ്സ് ഒാഫ് ഒാമനക്കുട്ടനിലും അഭിനയിക്കുന്നുണ്ട്.

അലമാര എന്ന ചെറിയ ഒരു സിനിമയും കൂട്ടത്തിലുണ്ട്.ഒരു വിവാഹവും അലമാരയും ബന്ധപ്പെടുത്തിയുള്ള ചെറിയ കഥയാണു മിഥുൻ മാനുവൽ തോമസ് സിനിമയിലൂടെ പറയുന്നത്. ശ്രീകാന്ത് മുരളി സംവിധാനം ചെയ്യുന്ന എബിയിലും നല്ല പ്രതീക്ഷയുണ്ട്. നീരജ് മാധവ് തിരക്കഥയെഴുതുന്ന സിനിമയും അടുത്ത കൊല്ലമുണ്ടാകും.