നിവിൻ ചിത്രത്തിൽ സഹസംവിധായകനായി അജു

അഞ്ചുവർഷം. അൻപതോളം സിനിമ. ഒട്ടേറെ ഹിറ്റ്. പുതിയ തലമുറയിലെ താരങ്ങൾക്കൊന്നും ലഭിക്കാത്ത സൗഭാഗ്യമാണ് അജു വർഗീസിന്റേത്. പക്ഷേ, ലൊക്കേഷനിൽ നിന്നു ലൊക്കേഷനിലേയ്ക്കുള്ള ഓട്ടത്തിനിടെ ഒന്നു വഴിമാറി നടക്കാനാണ് അജുവിന്റെ പ്ലാൻ. സഹസംവിധായകന്റെ കുപ്പായത്തിലേയ്ക്കാണു കൂടുമാറ്റം. അതും പ്രിയപ്പെട്ട സുഹൃത്തും ഗുരുവുമായ വിനീത് ശ്രീനിവാസന്റെ കൂടെ. വിനീത് സംവിധാനം ചെയ്തു നിവിൻ പോളി നായകനായി അഭിനയിക്കുന്ന സിനിമയുടെ സഹസംവിധായകരുടെ പേരിനൊപ്പമുണ്ടാകും ഇനി അജു വർഗീസ്.

∙സംവിധാനം ഒരു മോഹം

വിനീതിനൊപ്പം ചെന്നൈയിൽ എൻജിനീയറിങ്ങിനു പഠിക്കുമ്പോഴും അഭിനയം മനസിലുണ്ടായിരുന്നില്ല. സംവിധാനമായിരുന്നു മോഹം. പക്ഷേ, വിനീത് മലർവാടിയിൽ എന്നെക്കൊണ്ട് ആ കടുംകൈ ചെയ്യിച്ചു. ഞാൻ ഒരിക്കലും സ്വപ്നം കാണാത്തിടത്താണ് എത്തിപ്പെട്ടത്. പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടതുകൊണ്ടാകണം പരുക്കില്ലാതെ മുന്നോട്ടുപോകുന്നു. അഭിനയരംഗത്തെത്തിയപ്പോൾ മോഹം നമ്മളൊക്കെ ആരാധിച്ചിരുന്ന നടന്മാർക്കൊപ്പം ക്യാമറയ്ക്കു മുന്നിൽനിൽക്കണമെന്നായി. മമ്മൂക്കയും ലാലേട്ടനും ഉൾപ്പെടെയുള്ളവരുടെ കൂടെ അഭിനയിച്ചു. സുരേഷ് ഗോപിക്കൊപ്പം മാത്രം ഇതുവരെ അഭിനയിക്കാനായിട്ടില്ല.

∙സംവിധായകരാണ് എല്ലാം

എന്റെ അഭിനയം എങ്ങനെയാണെന്ന് എനിക്കു കാര്യമായി പിടിയില്ല. സംവിധായകർ നിർദേശിക്കുന്ന രീതിയിൽ പെരുമാറുന്ന ഒരാളാണു ഞാൻ. അങ്ങനെയുള്ള പെരുമാറ്റങ്ങളാണ് എനിക്കു കിട്ടുന്ന കഥാപാത്രങ്ങൾ ആവശ്യപ്പെടുന്നതും. സിനിമ കാണുന്നവർ അജു നന്നായി എന്നു പറയുമ്പോഴാണു സംഭവം തരക്കേടില്ല എന്നു സ്വയം തോന്നുന്നത്.

∙പുതുതലമുറയെ ചിരിപ്പിക്കാൻ പാട്

മലയാളികളെ ചിരിപ്പിക്കുന്നതു ചെറിയ കാര്യമല്ല. ബുദ്ധിയുള്ള തിരക്കഥാകൃത്തുക്കൾ എഴുതുന്ന കാര്യങ്ങൾ നമ്മുടേതായ രീതിയിൽ അവതരിപ്പിക്കുന്നു എന്നു മാത്രമേയുള്ളൂ. മലയാളസിനിമയിലെ ഹാസ്യം എത്ര പഴകിയാലും രസാവഹമാകുന്നത് അഭിനേതാക്കളുടെ ഇംപ്രൊവൈസേഷൻ കൊണ്ടുകൂടിയാണ്. ജഗതിയും നെടുമുടിയും ഉൾപ്പെടെയുള്ള പ്രതിഭകളാണ് ഇക്കാര്യത്തിൽ ഞങ്ങൾക്കു വഴികാട്ടി. പുതിയ തലമുറയിൽ ചെമ്പൻ വിനോദാണ് ഇങ്ങനെ കയ്യിൽ നിന്നു നമ്പരുകളിറക്കാൻ മിടുക്കൻ.

∙ഇനി സൂക്ഷിച്ച്

തിരക്കഥ വായിച്ച് അഭിനയിക്കാമെന്നു തീരുമാനിക്കുന്ന പതിവ് ഇതുവരെയില്ലായിരുന്നു. കഥയും കഥാപാത്രങ്ങളും എന്താണെന്നു സംവിധായകരോ തിരക്കഥാകൃത്തുക്കളോ പറയുന്നതുകേട്ട് അഭിനയിക്കുകയായിരുന്നു. അത് അവരോടുള്ള വിശ്വാസം കൊണ്ടുകൂടിയാണ്. അതു കാര്യമായി പിഴച്ചിട്ടുമില്ല. പക്ഷേ, ഇനി കുറച്ചൊക്കെ ശ്രദ്ധിച്ചുതുടങ്ങണം. മറിയംമുക്ക് പോലുള്ള സിനിമകളിൽ വേറിട്ട വേഷങ്ങൾ ചെയ്യാനുള്ള ശ്രമം തുടങ്ങിയിരുന്നു. ഇനി ഇറങ്ങാനിരിക്കുന്ന സുധിവാത്മീകത്തിലും ടു കൺട്രീസിലും പതിവു വേഷമല്ല. അതേസമയം, അടി കപ്യാരെ കൂട്ടമണി ചിരിപ്പടമാണ്.

∙ചില വീണ്ടുവിചാരങ്ങൾ

സിനിമയിലെ സന്ദർഭങ്ങൾക്കനുസരിച്ച രംഗങ്ങളിലാണു നമ്മൾ അഭിനയിക്കുന്നതെങ്കിലും ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത വേണമെന്ന തിരിച്ചറിവുണ്ടായത് അടുത്തയിടെയാണ്. സിനിമയെ സിനിമയായി മാത്രം കാണണമെന്നൊക്കെ പറയുമെങ്കിലും നമ്മൾ പ്രതീക്ഷിക്കാത്ത ചില കാര്യങ്ങൾ തെറ്റായ രീതിയിലാണു പകർത്തപ്പെടുന്നത്. സ്കൂൾ വിദ്യാർഥികൾ പോലും ലഹരി ഉപയോഗിക്കുന്നതിനു പിന്നിലുള്ള സ്വാധീനം സിനിമകളാണെന്നു പറയുമ്പോൾ അതിനെ ഗൗരവത്തോടെ കാണണം.

∙സഹസംവിധാനം

വിനീതാണു ഗുരു. സംവിധാനം മോഹവും. പുതിയ സിനിമയിൽ സംവിധായകന്റെ കൂടെ നിന്നോട്ടെ എന്നു ചോദിച്ചപ്പോൾ വിനീത് സമ്മതിച്ചിട്ടുണ്ട്. ഞങ്ങളുടെ കൂടെ പഠിച്ച നോബിളാണു സിനിമ നിർമിക്കുന്നത്. അതിന്റെ ഒരു സ്വാതന്ത്ര്യം കൂടിയുണ്ട്. പിന്നെ സിനിമയിൽ എനിക്കു പറ്റിയ കഥാപാത്രമൊന്നും ഇതുവരെ ഉണ്ടായിട്ടുമില്ല. സിനിമയെക്കുറിച്ചു കൂടുതൽ പഠിക്കാനാകുമെന്ന ആവേശമാണ് ഈ തീരുമാനത്തിനു പിന്നിൽ. ബാക്കിയെല്ലാം വിനീതിന്റെ കയ്യിലാണ്.