അനുപമേ.. അഴകേ... എവിടാ?

അനുപമ പരമേശ്വരൻ

ചുരുളൻ തലമുടി ഒരു വശത്തേക്ക് പാറിച്ച് പ്രണയ കഥയിലെ നായികയുടെ ചന്തത്തിന് മറ്റൊരു മുഖം നൽകിയ കഥാപാത്രമായിരുന്നു മേരി. പ്രേമമെന്ന ചിത്രത്തിലെ ചിത്രശലഭത്തിന്റെ ചേലുള്ള മലരിനെ പോലെ സെലിന്റെ ചിരി പോലെ മേരിയുടെ തലമുടിച്ചുരുളുകളും ആ നോട്ടവും മലയാളി ഏറെ ഇഷ്ടപ്പെടുന്നു. അൽഫോൺസ് പുത്രൻ ചിത്രം തന്ന ഈ പുതുനായിക, അനുപമ പരമേശ്വരൻ, മലയാള ചലച്ചിത്രത്തിൽ നിന്ന് നേരെ പോയത് തെലുങ്ക് സിനിമകളുടെ ലോകത്തേക്കാണ്. തെലുങ്ക് സിനിമാ ലോകം നൽകിയ പുതു അനുഭവങ്ങളെന്തെല്ലാമാണ്. അനുപമയോട് ചോദിക്കാം.

ഇത് വലിയ ലോകം

നല്ല അവസരങ്ങളാണ് തേടിവന്നത്. എല്ലാത്തിനും ദൈവത്തിനു നന്ദി. എല്ലാം ഭാഗ്യമായി കരുതുന്നു. സന്തോഷം. തെലുങ്ക് സിനിമകളിലേക്ക് വരുമ്പോൾ പേടിയും ആകാംഷയും ഒരുപാടുണ്ടായിരുന്നു. വലിയ ഇൻഡസ്ട്രിയാണല്ലോ തെലുങ്ക്. മലയാള ചലച്ചിത്ര രംഗം നമ്മളുടെ വീടു പോലെയാണ്. എനിക്ക് എല്ലാം കൗതുകമാണ്. ഇപ്പോഴും ആ എക്സൈറ്റ്മെന്റ് മാറിയിട്ടില്ല. ഇവിടെയെല്ലാവരും വലിയ സ്നേഹമാണ്. ഷൂട്ടിങ് ലൊക്കേഷനിലൊക്കെ നമുക്കത് അനുഭവിക്കാം. ബഹുമാനം നിറഞ്ഞ ആദരവ് അവരിൽ നിന്നേറെയാണ്.

വസ്ത്രത്തിനല്ല, പ്രാധാന്യം അഭിനയത്തിന്

തെലുങ്കിൽ പോയാൽ ഗ്ലാമറസ് ആകുമോയെന്ന് ചോദ്യത്തോട് എനിക്ക് പറയാനുള്ളതെന്താണെന്ന് വച്ചാൽ, ഗ്ലാമർ എന്നത് ഓരോരുത്തർക്കും ഓരോ തലത്തിലാണ്. ചിലര്‍ക്ക് സ്ലീവ്‍‌ലെസ് ഇട്ടാൽ പോലും അശ്ലീലമായി തോന്നാം. എനിക്കങ്ങനെയില്ല. എനിക്ക് കംഫർട്ടബിൾ ആണെങ്കിൽ ഞാനാ വസ്ത്രം ഇടുക തന്നെ ചെയ്യും. പിന്നെ സിനിമയിൽ നമ്മൾ ചെയ്യുന്ന കഥാപാത്രത്തിന്റെ സ്വഭാവമനുസരിച്ചുള്ള വേഷങ്ങൾ നമ്മളണിഞ്ഞേ മതിയാകൂ. എന്നെ സംബന്ധിച്ച് വേഷത്തിനല്ല അഭിനയത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത്. കഥാപാത്രത്തിന്റെ പൂർണതയ്ക്കനുസരിച്ചുള്ള വസ്ത്രങ്ങളണിയാൻ ഒരു നടിയെന്ന നിലയിലെനിക്ക് ബാധ്യതയുണ്ട്.

സോഷ്യൽ മീഡിയ അതിന്റെ വഴിക്ക്

സോഷ്യൽ മീഡിയ വളരെ സൂക്ഷിച്ചാണ് ഞാൻ കൈകാര്യം ചെയ്യുന്നത്. കമന്‍റുകളൊക്കെ ശ്രദ്ധിക്കാറുണ്ട്. നെഗറ്റീവ് കമൻറ്സ് ആണ് വരുന്നതെങ്കിൽ എന്തുകൊണ്ട് അങ്ങനെ വന്നുവെന്ന് ചിന്തിക്കാറുണ്ട്. പിന്നെ മനപൂർവം ചിലരങ്ങനെ പറയാറുണ്ട്. ഞാനതിനെ അതിന്റെ വഴിക്ക് വിട്ടുകളയും. അത്രേയുള്ളൂ. ഇടയ്ക്കൊരു വിരുതൻ ഞാനൊരു ലെഗിങ്സും ടോപ്പും ഇട്ട് ഒരു പരിപാടിയിൽ നിൽക്കുന്ന ഫോട്ടോയെടുത്ത് ഫേസ്ബുക്കിലിട്ട് വലിയ ആളായില്ലേ. ആ ഫോട്ടോ കണ്ടവര്‍ക്കറിയാം മനപൂർവം വാദമുണ്ടാക്കാനെടുത്ത ഫോട്ടോയാണെന്ന്. അത്തരത്തിലുള്ളതൊന്നും ഞാൻ ശ്രദ്ധിക്കാറില്ല. എന്നെയത് ബാധിക്കാറുമില്ല.

തെലുങ്കിലെ ചിത്രങ്ങൾ

തെലുങ്കിൽ എനിക്ക് ഇതുവരെ കിട്ടിയത് മൂന്ന് ചിത്രങ്ങളാണ്. 'അ ആ', 'യെവടോ ഒക്കടു', 'മജ്നു'. 'അ ആ'യുടെ ഷൂട്ടിങ് മാത്രമാണ് കഴിഞ്ഞത്. 'യെവടോ ഒക്കടു'വിന്റെ ഷൂട്ടിങ് ഈ മാസം അവസാനമോ ഫെബ്രുവരി ആദ്യമോ ആരംഭിക്കുകയുള്ളൂ. അ..ആ. എന്ന ത്രിവിക്രം ശ്രീനിവാസന്റെ ചിത്രമാണ്. യെവടോ ഒക്കടു രവി തേജ ചിത്രവും മജ്നു നാഗചൈതന്യക്കൊപ്പവും ചെയ്യുന്ന ചിത്രമാണ്. എന്നെ പോലൊരു തീരെ ചെറിയ ഒരു കലാകാരിക്ക് കിട്ടാവുന്ന വലിയ സ്കൂളാണ് ഈ ചിത്രങ്ങളെല്ലാം.

പ്രതീക്ഷകളോട്...

പ്രതിഭയറിയിച്ച സംവിധായകർക്കൊപ്പമാണ് തെലുങ്കിൽ പ്രവർത്തിച്ചത്. അവരുടെ ചിത്രങ്ങളെ ആളുകൾ ഒരുപാട് പ്രതീക്ഷയോടെയാണ് നോക്കുന്നത്. ആ ചിത്രങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞതു തന്നെ ഭാഗ്യം. ഞാനെൻറെ കഴിവിന്റെ നൂറ് ശതമാനവും അർപ്പിച്ച് തന്നെയാണ് വേഷങ്ങൾ ചെയ്യുന്നത്. പ്രേക്ഷകർ അതെങ്ങനെ സ്വീകരിക്കുമെന്ന് എനിക്കറിയില്ല.

മജ്നു മാർച്ചിൽ

മജ്നുവിന്റെ ഷൂട്ടിങ് മാർച്ചിലാണ് തുടങ്ങുന്നത്. ശ്രുതി ഹാസനെ ചിത്രം തീരുമാനിച്ചതിൽ പിന്നെ കണ്ടിട്ടില്ല. അതിനു മുൻപ് പരിചയപ്പെട്ടിട്ടുണ്ട്. പൂജയ്ക്കും ചില പരിപാടികൾക്കിടയിലും വച്ച്. നാഗചൈതന്യയാണ് നായകൻ. രണ്ടു പേരും വലിയ താരങ്ങൾ. ഞാനാകെ എക്സൈറ്റഡ് ആണ്. വേറൊന്നും ഇപ്പോൾ പറയാനില്ല. എല്ലാം സ്വപ്നം പോലെ തോന്നുന്നു.

ബോള്‍ഡ് ആയത് ചെയ്യാനാണ്

ഏത് കഥാപാത്രമാണ് ചെയ്യാനേറ്റവുമിഷ്ടമെന്നു ചോദിച്ചാൽ അങ്ങനെയൊന്നില്ല എന്നേ പറയാനാകൂ. കാരണം അഭിനയം എനിക്ക് പാഷനാണ്. ഒരു സിനിമ ചെയ്താൽ അടുത്തത് അതിൽ നിന്നേറെ വ്യത്യസ്തമാകണം എന്നാണ് എന്റെ ആഗ്രഹം. ഒരുപാട് വ്യത്യസ്തമായ ചിത്രങ്ങളുള്ള ഒരു കരിയറാണ് ആഗ്രഹിക്കുന്നത്. കണ്ടിറങ്ങുന്നവരുടെ മനസിലൊരു ഇഫക്ട് ഉണ്ടാക്കുന്ന കഥാപാത്രമാകണം. എനിക്ക് പഠിക്കാനും എന്തെങ്കിലുമുണ്ടാകണം.

പ്രേമം തന്ന പാഠം

പ്രേമം എന്റെ ജീവിതത്തിലെ വഴിത്തിരിവാണ്. അതിനെ കുറിച്ചെത്ര പറഞ്ഞാലും എനിക്ക് മതിയാകില്ല. പ്രേമത്തിന്റെ ഓഡിഷന് വന്നപ്പോൾ സെലക്ട് എന്ന് അല്‍ഫോൺസ് പുത്രനിൽ നിന്ന് കേട്ട നിമിഷമാണ് എന്റെ ജീവിതത്തിലെ ഏറ്റവും അമൂല്യമായതിലൊന്ന്. അൽഫോൺസ് പുത്രനെന്ന സംവിധായകനിൽ നിന്ന് പഠിച്ചത് ഒരുപാട് പാഠങ്ങളാണ്. നിനക്ക് നിന്നെ കുറിച്ച് വ്യക്തമായ ബോധ്യമുണ്ടാകണമെന്നാണ് എപ്പോഴും എന്നോടദ്ദേഹം പറയാറ്. ആ വാചകങ്ങള്‍ എനിക്ക് തന്ന പ്രചോദനം വളരെ വലുതാണ്. എനിക്കിതുവരെ വന്ന എല്ലാ സിനിമകളെ കുറിച്ചും ഞാൻ അദ്ദേഹത്തോട് ചർച്ച ചെയ്തിട്ടുണ്ട്. അതുകഴിഞ്ഞേ തീരുമാനമെടുത്തിട്ടുള്ളൂ. എന്റെ അച്ഛനോടും അമ്മയോടുമെന്ന പോലെ.

മലരും സെലിനും

പ്രേമം ഞാനോരോ നിമിഷവും ഓർക്കുന്ന ചിത്രമാണ്. അതിന്റെ ഷൂട്ടിങ് ഒക്കെ അത്രയേറെ രസകരമായിരുന്നു. മഡോണ ചേച്ചിയും സായ് പല്ലവി ചേച്ചിയും നല്ല സുഹൃത്തുക്കളാ. എങ്കിലും മഡോണ ചേച്ചിയുമായാണ് കൂടുതൽ കമ്പനി. സായ് പല്ലവി ചേച്ചിയിപ്പോൾ നല്ല തിരക്കാണ്. പഠനമൊക്കെയായിട്ട്. ഇടയ്ക്ക് ചാറ്റ് ചെയ്യാറുണ്ട്.

കോളെജ് ഉപേക്ഷിച്ചേക്കും

സിഎംഎസിൽ ഡിഗ്രി ചെയ്യുകയായിരുന്നു. മൂന്നാം സെമസ്റ്റർ തുടങ്ങിയപ്പോൾ തെലുങ്ക് സിനിമയിലേക്ക് വരേണ്ടി വന്നു. അറ്റൻഡൻസ് ഒക്കെ ഒത്തിരി പോയി. കോളെജ് വിട്ടാലോ എന്ന ആലോചനയിലാണ്. പ്രൈവറ്റായി പരീക്ഷയെഴുതും. സ്ഥിരം ക്ലാസിൽ പോകാൻ കഴിയാത്തതുകൊണ്ടാണിത്. ഇനിയും ചിത്രങ്ങളുടെ തിരക്കിലേക്ക് കടക്കേണ്ടി വരുമല്ലോ.

മലയാളത്തിലേക്ക്...

മലയാളത്തിൽ നിന്ന് ഒരുപാട് ഓഫറുകൾ വന്നിരുന്നു. ഇതുവരെയൊന്നും തീരുമാനിച്ചിട്ടില്ല.