Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുഞ്ഞിരാമായണത്തിൽ റിമിയെ മറച്ചു വച്ചതെന്തിന്?

basin-rimi

ഒാണ ചിത്രങ്ങളിൽ ശ്രദ്ധേയമായ കുഞ്ഞിരാമയണം കണ്ടിറങ്ങിയ പ്രേക്ഷകർക്ക് പറയാനുണ്ടായിരുന്നത് ചിത്രത്തിലെ തമാശയെക്കുറിച്ചോ കഥയെക്കുറിച്ചോ ഒന്നുമായിരുന്നില്ല, നടി റിമി ടോമിയെക്കുറിച്ചായിരുന്നു. റിമി ഇൗ ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്ന് ആരും ഒരു സൂചനയും നൽകിയില്ല. റിമിയും ഇത് പുറത്തു വിട്ടില്ല. എന്തുകൊണ്ട് റിമിയെ മറച്ചു വച്ചു എന്ന ചോദ്യത്തിന് സംവിധായകൻ ബേസിൽ ജോസഫ് തന്നെ മറുപടി പറയുന്നു.

എന്തിനായിരുന്നു റിമിയെ മറച്ചുവച്ചത്.?

പ്രേക്ഷകർ പ്രതീക്ഷിക്കാത്ത ഒരു നായികയെയായിരുന്നു ഞങ്ങൾക്കാവശ്യം. ഇൗ ചിത്രത്തിനു വേണ്ടി റിമിയെ വിളിക്കുമ്പോൾ റിമി തിങ്കൾ മുതൽ വെള്ളി വരെ എന്ന ചിത്രത്തിലെ നായികാ വേഷം ഏറ്റെടുത്തിരുന്നില്ല. ഇതായിരുന്നു ആദ്യ ചിത്രം. പിന്നെ, സിനിമയ്ക്കാവശ്യം കിലുക്കത്തിലെ രേവതിയെ പോലെയൊരു കഥാപാത്രമായിരുന്നു. റിമിയുടെ മാനറിസം വച്ചാണ് എടുത്തത്. കഥയിലെ സസ്പെൻസ് മുഴുവൻ ഇൗ നായകയിലാണ്. അതുകൊണ്ടു തന്നെ റിമിയോടും പറഞ്ഞിരുന്നു ഇൗ കഥാപാത്രത്തക്കുറിച്ച് പുറത്തു പറയരുതെന്ന്. സിനിമയുടെ കഥ തന്നെ അത്തരത്തിൽ ഒന്നായിരുന്നു. നായികയെ ആദ്യം കാണിച്ചാൽ കഥ തന്നെ ഇല്ലാതാകും.

മറ്റുനായികമാർ ഇത് അംഗീകരിച്ചിരുന്നോ?

സ്രിന്റ, സ്നേഹ, ആര്യ എന്നിങ്ങനെ മൂന്നു നായികമാർ കൂടി ചിത്രത്തിലുണ്ട്. കോമഡി കലർന്ന നായിക എന്നു പറഞ്ഞപ്പോഴെ വന്നത് സ്രിന്റയുടെ മുഖമായിരുന്നു. സജിത എന്ന വേഷമാണ് സ്രിന്റെ ചെയ്തത്. എല്ലാവരോടും റിമിയുടെ കാര്യം നേരത്തെ പറഞ്ഞിരുന്നു.

Manorama Online | I Me Myself | Rimi Tomy

കുഞ്ഞിരാമായണം എന്ന പേരിനെ ഭയന്നില്ലേ?

കേരളത്തിലെ ജനങ്ങൾ അത്ര സെൻസിറ്റീവ് അല്ല എന്നറിയാമായിരുന്നു. എങ്കിലും തമാശയ്ക്ക് ഞങ്ങൾ പറയുമായിരുന്നു. പണി കിട്ടും എന്ന്. കുഞ്ഞിരാമൻ നായകനായ കഥയായതു കൊണ്ടാണ് കുഞ്ഞിരാമായണം എന്ന പേരിട്ടത്. അതുമാത്രമല്ല, ഒരു മുത്തശിക്കഥപോലെ , ചിത്രകഥ പോലെ മുന്നോട്ടു പോകുന്ന ഒരു കഥയാണ് സിനിമയിലേത്. അതിന് ഇതിലും നല്ലൊരു പേരിടാനില്ല.

വിനീത് ശ്രീനിവാസനാണ് നായകനെന്ന് തീരുമാനിച്ചിരുന്നോ?

തീർച്ചയായും വിനീതേട്ടൻ തന്നെ വേണമെന്ന് തീരുമാനിച്ചിരുന്നു. ശ്രീനിയേട്ടന്റെ കുറച്ച് മാനറിസങ്ങൾ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. ധ്യാൻ ലാലുഎന്ന കഥാപാത്രം ഭംഗിയായി ചെയ്തിട്ടുണ്ട്. തിരയിൽ ധ്യാൻ ആംഗ്രി യങ് മാൻ ആയിരുന്നെങ്കിൽ ജീവിതത്തിൽ തികച്ചും കോമഡി മാനാണ്. അതാണ് ഇൗചിത്രത്തിൽ കൊണ്ടുവന്നത്.‌

basil-vishnu

സീമ ജി നായർ പറഞ്ഞു സംവിധായകനെ കണ്ടിട്ട് മനസിലായില്ല, നിക്കറിട്ട ഒരു പയ്യനെയാണ് കണ്ടെതെന്ന്?

സിനിമയിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരുമെല്ലാം ഭൂരിഭാഗവും ചെറുപ്പക്കാരായിരുന്നു. അഭിനയിക്കുന്നവരും ക്യാമറാമാനും അങ്ങനെയെല്ലാവരും ഒരേ പ്രായക്കാർ. ശരിക്കും ഒരു സ്കൂളിൽ പോകുന്ന ഫീലിങ്ങായിരുന്നു. വിനീത്, ധ്യാൻ ,അജു, നീരജ് മാധവ് എല്ലാരും ചെറുപ്പക്കാർ. അതുകൊണ്ട് തന്നെ ടെൻഷൻ ഫ്രീയായിരുന്നു. എല്ലാവരും കൂട്ടുകാരായിരുന്നതിനാൽ ഫുൾ ഫ്രീഡം ഉണ്ടായിരുന്നു.

സീമജിനായർ, മാമുക്കോയ, ഇന്ദ്രൻസ് തുടങ്ങിയ മുതിൽന്ന താരങ്ങൾ. സംവിധായകൻ മകന്റെ പ്രായം, എങ്ങനെ അഡ്ജസ്റ്റ് ചെയ്തു?

സത്യത്തിൽ ഭയമുണ്ടായിരുന്നു, മുതിർന്ന താരങ്ങളുടെ പെരുമാറ്റം എങ്ങനെയാവുമെന്നൊരു ഭയം. നമ്മളെല്ലാം കുട്ടികൾ. റീ ടേക്ക് എടുക്കേണ്ടിവന്നാൽ ദേഷ്യം തോന്നുമോ എന്നൊക്കെ പേടിച്ചിരുന്നു. എന്നാൽ അവർ വളരെ നന്നായി സഹകരിച്ചു. മക്കളോടെന്ന പോലെ പെരുമാറി. എല്ലാവരുടേയും സഹകരണം കൊണ്ട് 45 ദിവസം ഷെഡ്യൂൾ ചെയ്തിരുന്ന സിനിമ 35 ദിവസം കൊണ്ട് തീർന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.