ഇതുവരെ കണ്ടിട്ടില്ലാത്ത ആദിലും പേളിയും

കാപ്പിരിത്തുരുത്ത് എന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്ത് ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ് അവതാരകൻ കൂടിയായ ആദിൽ ഇബ്രാഹിം. മഴവിൽ മനോരമയിലെ ഡിഫോർ ഡാൻസിലെ പ്രിയ അവതാരകനായ ആദിൽ തന്റെ ചിത്രത്തിലെ ആദ്യ നായകവേഷത്തിന്റെ വിശേഷങ്ങൾ മനോരമ ഒാൺലൈനുമായി പങ്കുവയ്ക്കുന്നു.

എന്താണ് കാപ്പിരിത്തുരുത്ത് എന്ന സിനിമ?

1970 കളിലെ കഥപറയുന്ന ചിത്രമാണ് കാപ്പിരിത്തുരുത്ത്. കൊച്ചിയുടെ സംസ്കാരവുമായി ബന്ധപ്പെട്ടു കിടക്കുന്ന സംഗീതവും നൃത്തവുമെല്ലാം ചേർന്ന സിനിമയാണിത്. കൊച്ചിയുടെ കഥപറയുമ്പോൾ ഒഴിച്ചു കൂടാനാവാത്ത പേരാണ് സംഗിതജ്ഞനായ മെഹബൂബിന്റേത്. അദ്ദേഹത്തിന്റെ ശിഷ്യനായ സദാശിവന്റെ വേഷമാണ് ഞാൻ ചെയ്യുന്നത്. ഗായകനാണ് സദാശിവൻ. ഞാൻ പലഗെറ്റപ്പുകളിൽ ഇൗ ചിത്രത്തിൽ എത്തുന്നുണ്ട്, ഇരുപത് വയസ്, 45 വയസ് , പിന്നെ അറുപതു വയസുകാരനായും എത്തുന്നു.

എങ്ങനെ ഇൗ ചിത്രത്തിലെത്തി?

അവതാരകൻ ആകുന്നുതിനു മുമ്പ് ഞാൻ സിനിമകൾ ചെയ്തിട്ടുണ്ട്. നിർണായകം എന്ന വികെപി ചിത്രത്തിൽ ഞാൻ അഭിനയച്ചിട്ടുണ്ട്. എന്നാൽ മഴവിൽ മനോരമയിലെ ഡിഫോർ ഡാൻസിൽ അവതാരകനായത് കണ്ടിട്ടാണ് ഇൗ ചിത്രത്തിലേക്ക് വിളിക്കുന്നത്. എനിക്കും പേളിക്കും ഒരേ സമയത്താണ് വിളി വരുന്നത്. ഒരുപാട് അഭിനയ സാധ്യതയുള്ള വേഷമായിരുന്നു. ഇതിൽ 65 കാരന്റെ വേഷം ചെയ്യാനായി മൊട്ടയടിക്കേണ്ടി വന്നിട്ടുണ്ട്, മൊട്ടയടിച്ച് ഞാൻ ഡി ഫോർഡാൻസിൽ അവതാരകനായെത്തിയിട്ടുണ്ട്. ഷഹീർ അലിയാണ് ചിത്രത്തിന്റെ സംവിധായകൻ. അദ്ദേഹത്തിന്റെ ആദ്യ ചിത്രമാണിത്.

പേളിയോടൊപ്പം സിനിമയിലും?

യാമി എന്നാണ് പേളിയുടെ കഥാപാത്രത്തിന്റെ പേര്. അവൾ ഒരു ജൂത പെൺകുട്ടിയാണ്. അവളെ സദാശിവൻ വിവാഹം കഴിക്കുന്നതും ചുറ്റിപ്പറ്റിയുണ്ടാകുന്ന പ്രശ്നങ്ങളുമൊക്കെ സിനിമയിൽ കാണാം. എന്തായാലും ‍ഞങ്ങളുടെ ഇമേജ് ബ്രേക്ക് ചെയ്യുന്ന ചിത്രമാണിത്. ഞങ്ങളെക്കുറിച്ച് ആളുകൾക്ക് ഒരു മുൻവിധിയുണ്ട്. നിങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത ആദിലും പേളിയുമാണ് ചിത്രത്തിലുള്ളത്. പക്ഷേ സംവിധായകന്റേയും നിർമാതാവിന്റേയും വിശ്വാസം നമ്മളെ രക്ഷിച്ചു. ഇപ്പോൾ പ്രേക്ഷകർ സിനിമ കണ്ടിട്ട് നന്നായി ചെയ്തു എന്നു പറഞ്ഞ് വിളിക്കുമ്പോൾ സന്തോഷം തോന്നുന്നു.

സിനിമയ്ക്കായി തയ്യാറെടുപ്പുകൾ?

ആദ്യം ചിത്രത്തിലേക്കു വിളിച്ചപ്പോൾ നമുക്ക് പറ്റിയ വേഷമാണോ എന്ന് സംശയം തോന്നിയിരുന്നു. പിന്നെ ഡിഫോർഡാൻസ് പരിപാടിയിൽ ഒരു കുസൃതി നിറഞ്ഞ ലുക്കാണെങ്കിലും ഞാൻ ശരിക്കും എംഎസ് ബാബുരാജിന്റെ പാട്ടുകളുടെ ആരാധകനാണ്. വിക്കെൻഡ് എനിക്ക് ഗസലുകൾ ആസ്വദിക്കാനുള്ള ദിവസങ്ങളാണ്. ഞാൻ പാട്ട് പാടില്ലെങ്കിലും കേൾക്കാൻ ഒരുപാട് ഇഷ്ടമാണ്.

പുതിയ ചിത്രങ്ങൾ?

അച്ചായൻസാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിൽ ജയറാമേട്ടൻ, അമലാപോൾ, പ്രകാശ് രാജ് തുടങ്ങിയ താരങ്ങൾ ഉണ്ട്, ജയറാമേട്ടനും ഞ‍ാനും ഉണ്ണിയുമാണ് തോട്ടത്തിൽ തറവാട്ടിലെ സഹോദരങ്ങൾ, കണ്ണൻതാമരക്കുളമാണ് സംവിധായകൻ. ഇതിനുശേഷം നായകവേഷത്തിലത്തുന്ന അടുത്ത ചിത്രം ഉടനുണ്ടാകും.

എന്താണ് ആഗ്രഹം?

സിനിമതന്നെയാണ് ആഗ്രഹം. പണ്ട് ഒരുപാട് നാടകങ്ങളൊക്കെ ചെയ്തിട്ടുണ്ട്. ദുബായിലാണ് കുടുംബം, അവിടെ ഞാൻ ഒരു ബിസിനസ് ചെയ്യുന്നുണ്ട്. ഇപ്പോൾ സിനിമയുടെ ആവശ്യത്തിനായി കൊച്ചിയിലാണ് കൂടുതൽ സമയവും. അഞ്ച് മക്കളാണ് ഞങ്ങൾ. മൂന്നാമത്തെയാളാണ് ‍ഞാൻ.

വിവാഹം?

ഇപ്പോൾ സിനിമയിലാണ് ശ്രദ്ധ, ഇപ്പോൾ ഞാൻ സിനിമയുമായി റിലേഷൻഷിപ്പിലാണ്.