27 വയസ്സിൽ ദുൽഖറിന്റെ അമ്മ

അജ്ഞലി അനീഷിന് 27 വയസേയായിട്ടുള്ളൂ. പക്ഷേ ഇതിനിടെ മാസ്റ്റർ ഗൗരവിന്റെ മുതൽ ദുൽഖർ സൽമാന്റെ വരെ ഒരു ഡസനോളം അമ്മ വേഷങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു അഞ്ജലി. പ്രായത്തെ കീഴടക്കിയുള്ള ആ അമ്മ വേഷ മികവിനാണ് മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന പുരസ്ക്കാരം.

ബെൻ എന്ന സിനിമയിലെ മാസ്റ്റർ ഗൗരവിന്റെ അമ്മയായ ആശയുടെ വേഷമായിരുന്നു അഞ്ജലിക്ക്. മലയാളം മീഡിയത്തിൽ നിന്ന് ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്ക് പറിച്ചു നടപ്പെടുന്ന ബെൻ എന്ന ബാലനെ സമ്മർദങ്ങൾ കൊണ്ടു വീർപ്പുമുട്ടിക്കുന്ന അമ്മ. സുരാജായിരുന്നു ഭർത്താവിന്റെ വേഷത്തിൽ.

വിപിൻ അറ്റ്ലിക്കൊപ്പം

‘സിനിമ തുടങ്ങുന്നതിന്റെ തലേ ദിവസമാണ് സംവിധായകൻ വിപിൻ ആറ്റ്ലി എന്നെ ഈ സിനിമയിലേക്കു വിളിക്കുന്നത്. രാത്രി തന്നെ പോയി സ്ക്രിപ്റ്റ് വായിച്ചു കേട്ട് അടുത്ത ദിവസം ഷൂട്ടിങ് ആരംഭിക്കുകയും ചെയ്തു. പ്രയാസമുള്ള റോൾ ആളെന്ന് പറഞ്ഞിരുന്നു നെഗറ്റീവ് സമീപനമാണ് വേണ്ടതെന്നുമായിരുന്നു നിർദേശം. കെപിഎസി ലളിത, ലെന, അനുശ്രീ എന്നിവർക്കൊപ്പമാണ് പരിഗണിക്കുന്നതെന്നറിഞ്ഞതോടെ എനിക്ക് പ്രതീക്ഷയേ ഉണ്ടായിരുന്നില്ല. നട്ടുച്ചയ്ച്ചക്ക് വഴിയിൽ നിൽക്കുമ്പോഴാണ് അവാർഡ് കിട്ടിയെന്ന് ഒരു സുഹൃത്ത് വിളിച്ചു പറയുന്നത്. ശരിക്കും ഷോക്കായിരുന്നു.

സിനിമയിൽ അഞ്ച് വർഷം പൂർത്തിയാക്കിയ കൊച്ചി സ്വദേശിയായ അഞ്ജലി തമിഴിൽ നായികയായിട്ടാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. നെല്ല്, കോട്ടി, ഉന്നൈ കാതലിപ്പേൻ എന്നീ തമിഴ് ചിത്രങ്ങളിൽ നായികയായ അഞ്ജലി സംവിധായകനും ഫാഷൻ ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസനയുമായുള്ള വിവാഹത്തെ തുടർന്നാണു മലയാള സിനിമയിലേക്കു ചുവടു മാറ്റിയത്. സീനിയേഴ്സിൽ കുഞ്ചാക്കോ ബോബന്റെ സഹോദരിയായി തുടക്കം. അഞ്ച് സുന്ദരികളിൽ സേതുലക്ഷ്മി എന്ന ചിത്രത്തിലെ അമ്മ വേഷത്തിലൂടെയാണ് ശ്രദ്ധേയയാവുന്നത്.

മകള്‍ക്കൊപ്പം അനീഷും അ‍ഞ്ജലിയും

‘ അന്ന് എട്ട് മാസം പ്രായമായിരുന്ന മകൾ ആവണിയും ആ സിനിമയിൽ എന്റെ മകളായി തന്നെ പ്രത്യക്ഷപ്പെടുന്നുണ്ട്. പിന്നീടും മറ്റു വേഷങ്ങൾക്കൊപ്പം അമ്മ വേഷങ്ങളും തേടിയെത്തി. ഇതുവരെ മലയാളത്തിൽ 42 സിനിമകളിൽ അഭിനയിച്ചു. രാജീവ് രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കമ്മട്ടിപ്പാടത്തിൽ ദുൽഖർ സൽമാന്റെ കഥാപാത്രത്തിന്റെ ചെറുപ്പകാലത്തേയും കൗമാരത്തിലേയും യൗവനത്തിൽ ദുൽഖറിന്റെ തന്നേയും അമ്മയായി മൂന്ന് ഗെറ്റപ്പിൽ അഭിനയിച്ചു.

ഗൗരവിനൊപ്പം അഞ്ജലി

പുലി മുരുകനിൽ മോഹൻലാലിന്റെ ചെറുപ്പം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അമ്മ വേഷത്തിലും അഭിനയിക്കുന്നു. ഭർത്താവ് അനീഷ് സംവിധാനം ചെയ്യുന്ന കിന്ററും ജോയും എന്ന സിനിമയിൽ ഒരു മറാഠി യുവതിയുടെ വേഷമാണ്’. അമ്മ വേഷങ്ങൾക്കൊപ്പം ശരത് കുമാറും പി.ബാലചന്ദ്രനും വിജയരാഘവനും തുടങ്ങി ശ്രീനാഥ് ഭാസിയുടെ വരെ ജോഡിയായും അഭിനയിച്ചു.