കലക്കൻ വേഷങ്ങളുമായി കൽക്കി

താരഭാവമൊന്നുമില്ല കൽക്കിയുടെ മുഖത്ത്. അടുത്ത സുഹൃത്തിനോടെന്നപോലെ വർത്തമാനം. ഒന്നിൽ നിന്ന് അടുത്തതിലേക്കെന്നപോലെ കഥകളുടെ പ്രവാഹം. ചിരി നിറഞ്ഞ മുഖം. ദേവ് ഡിയിലെ ചന്ദ്രമുഖിയും ദാറ്റ് ഗേൾ ഇൻ എല്ലോ ബൂട്ടിലെ റൂത്തും സിന്ദഗി നാ മിലേഗി ദൊബാരയിലെ നടാഷയും യേ ജവാനി ഹേ ദിവാനിയിലെ അദിഥിയുമെല്ലാം മനസ്സിൽ മിന്നിമായുന്നു. സ്ക്രീനിൽ സുന്ദരമായ അഭിനയത്തിലൂടെ മനസ്സിൽ ഇടംപിടിച്ച കൽക്കി കൊച്‌ലിൻ കൊച്ചിയിലെത്തിയതു പക്ഷേ, അഭിനയിക്കാനല്ല. താൻ സംവിധാനം ചെയ്ത ദ് ലിവിങ് റൂം എന്ന നാടകത്തിന്റെ അവതരണത്തിനാണ്. തൃപ്പൂണിത്തുറ ജെടി പാക് ക്യാംപസിൽ നാടകത്തിന്റെ തിരക്കുകൾക്കിടെ മനോരമയോടു മനസ്സു തുറന്നു.

സംവിധാനം ആദ്യമായാണ്. എങ്ങനെ അനുഭവം?

ഏറെ ആസ്വദിക്കുന്നുണ്ട് സംവിധാനം. കൂടുതൽ സമയം മാറ്റിവയ്ക്കേണ്ടി വരുന്നതാണു വെല്ലുവിളി. ആർട്ടിസ്റ്റ്, സ്റ്റേജ്, ലൈറ്റിങ് ഇങ്ങനെ ഷോ നടക്കുന്ന ദിവസങ്ങളിൽ അനുഭവിക്കുന്ന ടെൻഷൻ വലുതാണ്. മാതാപിതാക്കളെപ്പോലെയാകും നമ്മൾ. ഒപ്പം നിൽക്കുന്ന എല്ലാവരുടെയും എല്ലാകാര്യങ്ങളും അറിയണം. ആദ്യമായി എഴുതിയ സ്കെൽറ്റൻ വുമൻ എന്ന നാടകവും ദ് ലിവിങ് റൂം എന്ന നാടകവും മരണത്തെക്കുറിച്ചാണു പറയുന്നത്. സ്കെൽറ്റൻ വുമനിൽ പ്രണയവും മരണവുമായിരുന്നു വിഷയം. ലിവിങ് റൂമിൽ മരണത്തെ സ്വീകരിക്കുന്നതിനെക്കുറിച്ചാണ്. തമാശ രൂപത്തിലാണു ഇത് അവതരിപ്പിച്ചിരിക്കുന്നത്. കാണികൾക്കിടയിലിരുന്ന് അവരുടെ ഭാവങ്ങൾ മനസ്സിലാക്കി നാടകം കാണുന്നതു രസകരമായ അനുഭവമാണ്.

എന്തിനാണ് എഴുതുന്നത്?

സത്യത്തിൽ അതൊരു തെറപ്പിയാണ്, ഒരുതരം ചികിത്സ. ഉള്ളിലുള്ള വികാരങ്ങളാണ് എന്റെ എഴുത്ത്. എന്റെ ചിന്തകൾ, ലോകത്തോടു വിളിച്ചു പറയാനുള്ള കാര്യങ്ങൾ അതെല്ലാമാണ് എഴുതുന്നത്. അതു നൽകുന്ന ഉൻമേഷം ചെറുതല്ല. 2009–ലാണു സ്കെൽറ്റൻ വുമൻ എന്ന നാടകം എഴുതുന്നത്. പിന്നീടു കളർ ബ്ലൈൻഡ് എന്ന നാടകത്തിന്റെ സഹരചയിതാവായി. ഒറ്റയ്ക്കെഴുതുന്ന രണ്ടാമത്തെ നാടകമാണു ദ് ലിവിങ് റൂം. ഇനി എന്നെഴുതുമെന്നോ, എപ്പോൾ എഴുതുമെന്നോ പറയാൻ പറ്റില്ല. എന്റെ തോന്നലുകൾ ശക്തമാകുമ്പോൾ അതു തീർച്ചയായും സംഭവിക്കും.

നസ്റുദ്ദീൻ ഷായുടെ ഒപ്പം അഭിനയിച്ച വെയ്റ്റിങ്, അതിനു മുൻപെത്തിയ മാർഗരീറ്റ വിത്ത് സ്ട്രോ. രണ്ടു സിനിമകളും കൊമേഴ്സ്യൽ വിജയം നേടിയില്ല?

വളരെ മികച്ച സിനിമകളായിരുന്നു രണ്ടും. എന്തുകൊണ്ടു കൂടുതലാളുകളിലേക്ക് എത്തിയില്ലെന്നതിനു കൃത്യമായ ഉത്തരമില്ല. ഒരുപക്ഷേ, ഡിവിഡികളിലൂടെ കൂടുതൽ ആളുകൾ കാണുമായിരിക്കും. നസ്റുദ്ദീൻ ഷാ മികച്ച അഭിനേതാവാണ്. കൃത്യമായി തയാറായി അഭിനയിക്കുന്ന വ്യക്തി. അദ്ദേഹത്തിനൊപ്പം ഒരു നാടകം ചെയ്യണമെന്ന മോഹമുണ്ട്.

കൊച്ചി എങ്ങനെ?

കൊച്ചിയിലാണു വെയ്റ്റിങ് ചിത്രീകരിച്ചത്. ഒരു മാസത്തോളം ഇവിടെയുണ്ടായിരുന്നു. മലയാളി ബന്ധമുള്ള അനു മേനോനായിരുന്നു സംവിധായിക. ബിനാലെയുടെ സമയത്തായിരുന്നു അത്. കൊച്ചിയുടെ കലാ, സാംസ്കാരിക രംഗത്തെ മികവു മറ്റൊരു നഗരത്തിനും അവകാശപ്പെടാൻ സാധിക്കില്ല. ഷൂട്ടിങ് സമയത്തു നസ്റുദ്ദീൻ ഷായുടെ ഒപ്പം പല നാടൻ രുചികളും പരീക്ഷിച്ചതു രസകരമായ ഓർമ. രജത് കപൂരിന്റെ ഹാംലറ്റ് നാടകവുമായി ബന്ധപ്പെട്ടാണ് ആദ്യം കൊച്ചിയിലെത്തിയത്. അന്നു മുതൽ ഈ നഗരത്തോട് ഒരിഷ്ടമുണ്ട്.

കൽക്കിയൊരു ആക്ടിവിസ്റ്റായും അറിയപ്പെടുന്നുണ്ട്?

അങ്ങനെ തന്നെയാണ്. എന്നെ സംബന്ധിച്ച് അതേറെ പ്രധാനപ്പെട്ടതാണ്. ഒട്ടേറെപ്പേർക്കു കരുത്തു പകരാൻ ചില അഭിപ്രായങ്ങൾക്കും തുറന്നുപറച്ചിലുകൾക്കും സാധിക്കും. ചില വിഷയങ്ങൾ അഭിനേതാക്കൾ പറയുമ്പോൾ അതു ചർച്ചയാകുന്നു. അവയ്ക്കു പരിഹാരം കാണാനുള്ള ശ്രമമുണ്ടാകുന്നു. അതു ഭാവി തലമുറയ്ക്കെങ്കിലും ഗുണം ചെയ്യും. ആർട്ടിസ്റ്റ് എന്ന നിലയിൽ അതു പ്രധാനമാണ്.

അഭിനേതാക്കൾ പല ആളുകളുടെയും ജീവിതമാണു സ്ക്രീനിൽ പങ്കുവയ്ക്കുന്നത്. അതിൽ എല്ലാത്തിലും മനുഷ്യത്വത്തിന്റെ അംശമുണ്ട്. അതു കാണുമ്പോഴാണു സിനിമ കാണുന്നവർ ചിരിക്കുകയും കരയുകയുമെല്ലാം ചെയ്യുന്നത്.

അതിനു പിന്നിലുള്ള മനുഷ്യരെ അവർ കാണുന്നു. അതു വളരെ പ്രധാനപ്പെട്ടതാണ്. അത്തരമൊരു അടുപ്പം സൃഷ്ടിക്കാൻ സാധിക്കുന്ന അഭിനേതാക്കൾക്ക് ഒരു സാമൂഹിക വിഷയത്തിൽ ഏറെ മാറ്റം വരുത്താൻ സാധിക്കും. മനുഷ്യനെ മറ്റു ജീവികളിൽ നിന്നു വ്യത്യസ്തമാക്കുന്നതും അതാണെന്നാണു ഞാൻ കരുതുന്നത്.

സിനിമ, നാടകം, എഴുത്ത്, തിരക്ക്. പലതും നഷ്ടപ്പെടുന്നുണ്ടല്ലേ?

ഏറ്റവുമേറെ നഷ്ടപ്പെടുന്നത് ഉറക്കമാണ്. സംവിധാനത്തിനൊക്കെ ഏറെ നീണ്ട നാൾ മാറ്റിവയ്ക്കേണ്ടി വരും. അതിന്റേതായ ടെൻഷൻ വേറെ. സ്വസ്ഥമായി ഉറങ്ങാൻ സാധിച്ചാൽ അതാണ് ഏറ്റവും സന്തോഷകരമായ കാര്യം. ഫോൺ ഓഫ് ചെയ്തു നീണ്ട യാത്രകൾക്കു പോവുക, സമൂഹ മാധ്യമങ്ങളിൽ നിന്നു മാറി നിൽക്കുക ഇങ്ങനെ പലതുമുണ്ട് മോഹങ്ങളിൽ. ചിലപ്പോഴൊക്കെ അതിനു സാധിക്കുന്നു.

യാത്രകൾ പതിവാണോ?
മേയിൽ മേഘാലയ, സിക്കിം, മണിപ്പൂർ തുടങ്ങിയ സ്ഥലങ്ങളിലൂടെ യാത്ര പോയിരുന്നു. കൂട്ടുകാരായി എന്റെ പിതാവും റോയൽ എൻഫീൽഡിന്റെ പുതിയ ഹിമാലയൻ ബൈക്കും. പതിനഞ്ചു ദിവസം നീണ്ട യാത്ര. ബൈക്ക് കൂടുതൽ ഓടിച്ചതു ഞാനാണ്. എനിക്കേറെ സന്തോഷമുള്ള കാര്യങ്ങളിലൊന്നാണത്. തിരക്കിൽ നിന്നൊഴിവായി ഏറെ ആസ്വദിച്ച ദിവസങ്ങളായിരുന്നു. മണിക്കൂറുകൾ നീണ്ട റൈഡിങ്, രാത്രിയിൽ സ്വസ്ഥമായി വായന, ടെന്റിൽ താമസം– രസകരമായിരുന്നുവത്.

നടി കൊങ്കണാ സെൻ ശർമയുടെ എ ഡെത്ത് ഇൻ ദ് ഗഞ്ച് എന്ന ചിത്രമാണു കൽക്കിയുടേതായി ഇനി പുറത്തെത്താനുള്ളത്. രജത് കപൂർ, രഹാൻ എൻജിനീയർ എന്നിവരുടെ നാടകങ്ങളിലും അഭിനയിക്കുന്നുണ്ട്.