കോമഡിയുടെ ഉപ്പുമാവ് ; സാൾട്ട് മാംഗോ ട്രീ

ബിജു മേനോനൊപ്പം രാജേഷ് നായർ

ഉപ്പുമാവിന് ഇംഗ്ലീഷിലെന്തു പറയും. ഈ ചോദ്യം ഈ ഭൂലോകത്തെ ആരു ചോദിച്ചാലും പത്ത് കിലോ ഗമയിലങ്ങു പറഞ്ഞേക്കണം സാൾട്ട് മാംഗോ ട്രീ എന്ന്. ഒരു സിനിമയ്ക്ക് ആ പേര് ഇടാമെങ്കിൽ പിന്നെ നമ്മൾ പറ‌യുന്നതാണോ കുറ്റം. മലയാള സിനിമ പണ്ടേ ഇപ്പറച്ചിലിനെ അംഗീകരിച്ചതാണ്. ഇപ്പോഴിതാ ഒരു സിനിമയുടെ തലക്കെട്ടു തന്നെ അങ്ങനാ...രാജേഷ് നായർ ബിജു മേനോനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് സാൾട്ട് മാംഗോ ട്രീ. പേരു പോലെ വികൃതി നിറഞ്ഞതാണോ സിനിമ? സംവിധായകൻ തന്നെ പറയട്ടെ

പേരു പോലല്ല. എന്റെ സിനിമ പാവം സിനിമ

പേരു അൽപം കുസൃതി നിറഞ്ഞതാണെങ്കിലും പിള്ളാരേം കൂട്ടി കുടുംബത്തോടെ പോയി കാണാവുന്ന സാധാരണ സിനിമയാ എന്റേത്. പരീക്ഷണങ്ങളും നിരീക്ഷണങ്ങളും വേർതിരിവുകളുമൊന്നുമില്ലാത്ത സിനിമ. നാട്ടുമ്പുറത്തെ ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെയും അവന്റെ കുടുംബത്തിന്റെയും കഥ പറയുന്ന സിനിമ. ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ അതിജീവിക്കാൻ പാടുപെടുന്ന ഒരു ശരാശരി മലയാള കുടുംബത്തിന്റെ കഥ. ഏച്ചുകെട്ടലുകളും വങ്കത്തരങ്ങളും നിറഞ്ഞ് നിൽക്കുന്ന സമൂഹത്തിൽ എന്തിലും ഏതിലും വിങ്ങലുകൾ അനുഭവിക്കേണ്ടി വരുന്ന ശരാശരി മലയാളിയില്ലേ. അവനാണെന്റെ സിനിമയിലുള്ളത്. പുതുമയല്ല. നൂറു ശതമാനും പഴമയാണ് എന്റെ സിനിമയിലുള്ളത്. ഗ്രാമത്തിന്റെ പറഞ്ഞറിയിക്കാനാകാത്ത നല്ല ഓർമകള്‍ എപ്പോഴും മനസിൽ തങ്ങിനിൽക്കുന്നു. എന്റെ മനസിനുള്ളിൽ കിടക്കുന്ന കുറേ ഓർമകൾ.അത് എന്റെ സിനിമയിൽ നിറഞ്ഞ് നിൽക്കുന്നു.

അതെ പേര് കിട്ടിയത് അവിടന്ന് തന്നെ

മലയാള സിനിമയിൽ തന്നെ ഏറ്റവും ഹിറ്റായ പദപ്രയോഗങ്ങളിലൊന്നാണ് സാൾട്ട് മാംഗോ ട്രീ. ഉപ്പുമാവിനെ വളരെ രസകരമായി തർജ്ജമ ചെയ്യുന്ന മോഹൻലാൽ കഥാപാത്രം. അത് തന്നെയാണ് ഇങ്ങനൊരു പേര് നൽകാൻ പ്രചോദനമായതും. നിർമ്മാതാക്കളിലൊരാള റോഷനുമായുള്ള സംസാരത്തിനിടയിൽ വീണു കിട്ടിയ പേരാണിത്. പിന്നെ സിനിമയുടെ മൊത്തത്തിലുള്ള സ്വഭാവവുമായി പ്രത്യേകിച്ച് ബിജു മേനോന്റെ കഥാപാത്രവുമായി ചേർന്ന് നിൽക്കുന്ന പേരാണത്. അതുകൊണ്ട് അതിട്ടു.

വേറാർക്കും ചെയ്യാൻ കഴിയില്ല ഈ കഥാപാത്രം

വെള്ളിമൂങ്ങയ്ക്കു ശേഷം ബിജു മേനോൻ മുഴുനീള കോമഡി ചെയ്യുന്ന കഥാപാത്രമാണിതിലേത്. പക്ഷേ ഇത്രയും ദിവസത്തെ ഷൂട്ടിങ് അനുഭവങ്ങളിൽ നിന്ന് എനിക്കൊരു കാര്യം ഉറപ്പിച്ച് പറയാനാകും. ഈ കഥാപാത്രം ബിജു മേനോനല്ലാതെ വേറാർക്കും ചെയ്യാനാകില്ല, അത്രയേറെ ഉൾക്കൊണ്ടാണ് അദ്ദേഹം ഈ കഥാപാത്രം അഭിനയിച്ചു തീർ‌ത്തത്. സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പുകൾ മുതൽ എന്റെ മനസിലും അദ്ദേഹം തന്നെയായിരുന്നു.

വളരെ ഫ്രണ്ട്‌ലി ആയ കൂള്‍ ആയ ഒരാളാണ്. ഇത്രേം സീനിയർ ആയിരുന്നിട്ടും എപ്പോൾ വിളിച്ചാലും വരാൻ അദ്ദേഹം റെഡി ആയിരുന്നു. വളരെ നാച്ചുറൽ ആയി അഭിനയിച്ചു മടങ്ങും. വളരെ സീരിയസായ ഒരാളായിട്ട് തോന്നുമെങ്കിലും സെറ്റിലെത്തിയാൽ പൊട്ടിച്ചിരിയാണ്. അദ്ദേഹത്തിന്റെ രീതികൾ ഒത്തിരി പ്രത്യേകതയുള്ളതായിരുന്നു. അത് അഭിനയിക്കുന്നയായാലും യഥാർഥത്തിലാണെങ്കിലും നമ്മളിൽ ചിരി പടർത്തും. പ്രതീക്ഷകൾക്കപ്പുറം അദ്ദേഹം അഭിനയിച്ച് ഫലിപ്പിച്ചു.

204 കുട്ടികളിൽ നിന്ന് തിരഞ്ഞെടുത്ത വർക്കിച്ചൻ

സിനിമയിൽ ബിജു മേനോന്റെ മകനായിട്ട് അഭിനയിക്കുന്ന കുട്ടി. വർക്കിച്ചൻ എന്നാണവന്റെ പേര്. അവന്റെ ആദ്യ സിനിമയാണത്. അവന്റെ അഭിനയം ഞെട്ടിക്കുന്നതായിരുന്നു. ആദ്യമായിട്ട് കാമറയ്ക്ക് മുന്നിൽ നിൽക്കുന്നൊരാൾ അതും ഒരു കുട്ടി ഇത്രയും നന്നായി ചെയ്യുമെന്ന് കരുതിയേ ഇല്ലേ. അറുപതോളം സീനുകളിൽ വർക്കിച്ചനുണ്ട്. വർക്കിച്ചൻ തകർത്തുവെന്നു തന്നെ പറയാം. 204 കുട്ടികളെ ഓഡിഷൻ നടത്തിയതിനു ശേഷമാണ് വർക്കിച്ചനെ തെരഞ്ഞെടുത്തത്.

ആളുകളുടെ മനസറിയട്ടെ

സിനിമയാണ് മനസിൽ അതു മാത്രമേയുള്ളൂ. അടുത്ത സിനിമ ആളുകളുടെ മനസറഞ്ഞിട്ടു മതിയെന്നു തീരുമാനിച്ചു. ഈ സിനിമയെ ആളുകളെങ്ങനെയാണ് സ്വീകരിക്കുന്നത് എന്ന് അറിയട്ടെ.