Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റാമ്പിലെ ഹന്ന, സിനിമയിലെ ഭാര്യ, വീട്ടിലെ ഡോക്ടർ

hannah

റാംപിലൊന്നും വലിയ കാമ്പില്ലെന്ന് ഹന്നയ്ക്ക് ഇപ്പോൾ തോന്നിയിട്ടുണ്ടാകണം. പച്ചപ്പരിഷ്കാരിയായി റാംപിൽ ക്യാറ്റ് വാക്ക് ചെയ്ത പെൺകുട്ടിയാണ് ബിജുമേനോന്റെ ഭാര്യയായി അടുക്കളയിൽ കറിക്കരിഞ്ഞത്. നരച്ച കോട്ടൻ സാരി എടുത്തുകുത്തി മുറ്റമടിച്ചത്. ലുക്കിൽ വലിയ കാര്യമൊന്നുമില്ല മോഡേണാകാനും നാടനാകാനും ഒരു സിനിമ മതിയെന്നാണ് ഡോക്ടർ കൂടിയായ ഹന്നയുടെ പക്ഷം. 

‘രക്ഷാധികാരി ബൈജു’വിൽ ബിജുമേനോന്റെ ഭാര്യയായി വേഷമിട്ട ഹന്ന റെജി ഒരു സിനിമ തനിക്കു നൽകിയ മാറ്റത്തിൽ അത്ഭുതപ്പെട്ടു നിൽക്കുകയാണ്. അഭിനയിച്ച രണ്ടു ചിത്രങ്ങളിലും പ്രായത്തിൽ മുതിർന്ന കഥാപാത്രങ്ങളെയാണ് ഹന്ന അവതരിപ്പിച്ചത്. പൃഥ്വിരാജ് നായകനായ ഡാർവിന്റെ പരിണാമമായിരുന്നു ആദ്യ സിനിമ.

രക്ഷാധികാരി ബൈജു ഇറങ്ങിയ ശേഷം ലുലു ഫാഷൻ വീക്കിൽ ഹന്ന പങ്കെടുത്തിരുന്നു. ഷോ കഴിഞ്ഞു രണ്ടു ചേച്ചിമാർ പരിചയപ്പെടാനെത്തി.  ബൈജുവിൽ അഭിനയിച്ചിട്ടുണ്ടെന്നു പറഞ്ഞപ്പോൾ ഏതാണു വേഷമെന്നായി ചോദ്യം. ബിജു മേനോന്റെ ഭാര്യയുടെ വേഷമാണെന്നു  പറഞ്ഞപ്പോൾ അവരുടെ മുഖത്തുണ്ടായ അന്ധാളിപ്പു കണ്ടു ശരിക്കും ഞെട്ടി.  നേരിട്ടു കണ്ടാൽ തിരിച്ചറിയാത്ത മേക്ക് ഓവറാണു ഹന്നയുടെ പ്രത്യേകത.

hannah-1

ബൈജുവിലെ അജിത

നാട്ടിൻപുറത്തുകാരിയാണ് അജിത. അൽപം പൊട്ടത്തരമുണ്ട്. എപ്പോഴും ഭർത്താവു കൂടെ വേണമെന്ന് ആഗ്രഹിക്കുന്ന സ്വഭാവം. ഇതിനു വിപിരീതമാണു ബിജുച്ചേട്ടന്റെ ക്യാരക്ടർ. വിവാഹിതനെങ്കിലും കുട്ടിക്കളി മാറിയിട്ടില്ല. നാട്ടിലെ കാര്യങ്ങളുമായി നടക്കുകയാണ്. ശരിക്കും നാട്ടുകാരുടെ രക്ഷാധികാരി. വീട്ടമ്മ വേഷങ്ങൾ ചെയ്യാൻ ഏറെ ഹോം വർക്ക് ചെയ്യുന്നുണ്ട്. എന്നേക്കാൾ പ്രായം കൂടിയ കഥാപാത്രങ്ങളെയാണു രണ്ടു സിനിമയിലും അവതരിപ്പിച്ചത്.  ജീവിതത്തിൽ ജീൻസും ടോപ്പുമണിഞ്ഞു നടക്കാനിഷ്ടപ്പെടുന്ന ഒരാളാണു ഞാൻ. 

baiju-2

.

സിനിമയിലേക്ക്

ആറാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ റാംപിൽ നടക്കണമെന്നായിരുന്നു ആഗ്രഹം. മോഡലിങ്ങിനു പോകണമെന്നു പറയുമ്പോൾ, നീ ആദ്യം ജോലിക്കുള്ള വഴി കണ്ടുപിടിച്ചിട്ട് ഇഷ്ടമുള്ളതു ചെയ്യാനായിരുന്നു  മാതാപിതാക്കളുടെ ഉപദേശം. ഷിമോഗയിൽ നിന്നു ബിഡിഎസ് എടുത്ത ശേഷം അവിടെത്തന്നെ ഒരു വർഷം ജോലി ചെയ്തു. ഇടയ്ക്കു മോഡലിങ് രംഗത്തു സജീവമായി. ഒട്ടേറെ പരസ്യ ചിത്രങ്ങളും െചയ്തു. മിസ് ക്വീൻ സൗത്ത് ഇന്ത്യ മൽ‍സരത്തിൽ ഫൈനലിസ്റ്റായിരുന്നു.