Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫ്രഞ്ചും, സ്പാനിഷും ഈസിയാ പക്ഷേ മലയാളം: ഹുമ ഖുറേഷി

mammootty-huma

ഗാങ്സ് ഓഫ് വാസിപൂർ എന്ന അനുരാഗ് കശ്യപ് ചിത്രത്തിലൂടെയാണു ഹുമ ഖുറേഷി സിനിമാലോകത്തെത്തിയത്. നാലു വർഷത്തിനുള്ളിൽ പെരുമ നേടിയ ഒരു പിടി ചിത്രങ്ങൾ. മികച്ച നടിയെന്നു പേരെടുത്തു. ഗാങ്സ് ഓഫ് വാസിപൂർ-2, ഡി ഡെ, ഹൈവേ, ദേഖ് ഇഷ്കിയ തുടങ്ങി പ്രേക്ഷക അംഗീകാരം നേടിയ ചിത്രങ്ങളിൽ ഭാഗമായി. ഒടുവിൽ മലയാളത്തിലും മുഖം കാട്ടുകയാണു ഹുമ ഖുറേഷി. മമ്മൂട്ടി നായകനാകുന്ന വൈറ്റ് എന്ന സിനിമയിലൂടെയാണു മലയാളത്തിലെത്തുന്നത്. ‘മനസ്സിലായി’, ‘പക്ഷെ’, ‘അയ്യോ’ തുടങ്ങിയ മലയാളം വാക്കുകൾ പഠിച്ചുവെന്നു ചിരിയോടെ പറയുന്ന ഹുമ കൊട്ടകയോടു സംസാരിക്കുന്നു.

മലയാളം പ്രയാസമുള്ള ഭാഷ

മലയാളം മനോഹരമായ ഭാഷയാണ്. പക്ഷേ, പഠിച്ചെടുക്കാൻ അൽപം ബുദ്ധിമുട്ടും. ഉച്ചാരണമാണ് ഏറെ പ്രയാസം. പല വാക്കുകളും നിങ്ങളെങ്ങനെ പറയുന്നുവെന്ന് ആലോചിച്ചിട്ടുണ്ട്. പെട്ടെന്നു പഠിച്ചെടുക്കുമെന്നാണ് ആദ്യം കരുതിയത്. കാരണം, ഫ്രഞ്ചും, സ്പാനിഷുമെല്ലാം വളരെപ്പെട്ടെന്നു ഞാൻ പഠിച്ചിരുന്നു. പക്ഷേ, മലയാളം ഞാൻ പ്രതീക്ഷിച്ചതിലുമേറെയാണ്. വൈറ്റ് എന്ന സിനിമയ്ക്കു വേണ്ടി സ്വന്തമായി ഡബ്ബ് ചെയ്യാമെന്നു കരുതിയിരുന്നെങ്കിലും ഭാഷ തടസ്സമായി. പക്ഷേ, വീണ്ടും മലയാളത്തിലെത്തിയാൽ സ്വന്തമായി ഡബ് ചെയ്യുമെന്നു തീർച്ച. കുറച്ചു വാക്കുകളും ഇതിനോടകം പഠിച്ചു.

mamootty-huma

ഹൃദയം കവർന്ന മമ്മൂട്ടി

മലയാളത്തിലെ ആദ്യ ചിത്രം രാജ്യത്തെ ഏറ്റവും മികച്ച നടന്മാരിലൊരാളായ മമ്മൂട്ടിക്കൊപ്പം ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ട്. അഭിനയത്തിൽ ഒരു പുസ്തകമാണ് അദ്ദേഹം. വളരെ ഗൗരവക്കാരനായിരിക്കുമെന്നാണ് ആദ്യം കരുതിയത്. പക്ഷേ, സെറ്റുകളിൽ അദ്ദേഹം തമാശകൾ പറഞ്ഞ് എല്ലാവരുടെയും ഹൃദയം കവരുന്ന കാഴ്ചയാണു കണ്ടത്. ലണ്ടനിലെ ഷൂട്ടിങ് ദിനങ്ങളും മനോഹരമായിരുന്നു. ചില മലയാളം സിനിമകൾ മാത്രമാണു കാണാൻ സാധിച്ചിട്ടുള്ളത്. മമ്മൂട്ടി ഉൾപ്പെടെയുള്ള നടൻമാർക്കൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹിച്ചിരുന്നു.

നാടകത്തിലൂടെ സിനിമയിലേക്ക്

ഡൽഹിയിലാണു ജനിച്ചതും വളർന്നതും. ഗാർഗി കോളജിലെ പഠനകാലത്താണു തിയറ്റർ സംഘത്തിന്റെ ഭാഗമായത്. പിന്നീടു ചില എൻജിഒകളിലും ഡോക്യുമെന്ററികളിലും പ്രവർത്തിച്ചു. സിനിമാ മോഹവുമായി മുംബൈയിൽ എത്തിയതു 2008–ൽ. നാടകവും തിയറ്ററുമാണു സിനിമയിലേക്കുള്ള കരുത്ത്. മുംബൈയിലെത്തിയ ആദ്യ നാളുകളിൽ ജീവിതം മുന്നോട്ടു പോയിരുന്നതു പരസ്യങ്ങളിൽ അഭിനയിച്ചാണ്. പല സിനിമകൾക്കും ഓഡിഷനും മറ്റും പോയെങ്കിലും പല കാരണങ്ങളാലും തടസ്സപ്പെട്ടു. തമിഴിൽ ബില്ല-2 എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു. പക്ഷേ, സിനിമ വൈകിയതോടെ ആ പ്രേ‌ാജക്ട് ഉപേക്ഷിക്കേണ്ടി വന്നു. അനുരാഗ് കശ്യപിന്റെ ഗാങ്സ് ഓഫ് വാസിപൂർ എന്ന സിനിമയാണു ബ്രേക്ക് തന്നത്. അതിന്റെ രണ്ടു ഭാഗങ്ങളും അഭിനയിക്കാൻ സാധിച്ചു. അനുരാഗിനെപ്പോലൊരു സംവിധായകൻ, നവാസുദ്ദീൻ സിദ്ധിഖി ഉൾപ്പെടെയുള്ള മികച്ച അഭിനേതാക്കൾ. ആദ്യ സിനിമ തന്ന കരുത്തു ചെറുതല്ല.

huma

പ്രണയത്തിന്റെ നിറവുമായി വൈറ്റ്

ഉദയ് അനന്തനാണു വൈറ്റിന്റെ കഥ ആദ്യം പറഞ്ഞത്. കേട്ടപ്പോൾ തന്നെ സമ്മതം മൂളി. മലയാളത്തിൽ അഭിനയിക്കാനുള്ള അവസരം, മമ്മൂട്ടിയെപ്പോലുള്ള മികച്ച അഭിനേതാക്കളുടെ സാന്നിധ്യം ഇങ്ങനെ പല ഘടകങ്ങളും പിന്തുണയേകി. ലണ്ടനിലാണു ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത്. റോഷ്നി മേനോൻ എന്ന സോഫ്റ്റ്‌വെയർ എൻജിനീയറുടെ വേഷമാണ്. ഒരു പ്രേ‌ാജക്ടിന്റെ ഭാഗമായി ലണ്ടനിലെത്തുന്ന റോഷ്നിയുടെ ജീവിതത്തിലേക്കു അവിചാരിതമായി കടന്നുവരുന്ന പ്രകാശ് റോയ് എന്ന കോടീശ്വരനായാണു മമ്മൂട്ടി ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. മനോഹരമായ ഒരു പ്രണയ ചിത്രമാണിത്.

Huma-Qureshi

കഥയിൽ കരുത്തുള്ള മലയാളം

ഹിന്ദിയെ അപേക്ഷിച്ചു മലയാളത്തിൽ മുടക്കുമുതൽ വളരെ കുറവാണ്. അതിന്റേതായ പരിമിതികളുണ്ട്. പക്ഷേ, കഥയുടെയും സിനിമ തയാറാക്കുന്നതിന്റെയും മികവിലാണു മലയാളം കരുത്തുകാട്ടുന്നത്. മികച്ച കഥയും സന്ദർഭങ്ങളുമാണു മലയാളം സിനിമകളുടെ പ്രത്യേകത. മികച്ച സാങ്കേതിക പ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ കരുത്തുമുണ്ട്.

വൈറ്റ് വൈകാതെ റിലീസ് ചെയ്യുന്നതോടെ മലയാളത്തിലും തെന്നിന്ത്യയിലും കൂടുതൽ അവസരം ലഭിക്കുമെന്നാണു പ്രതീക്ഷയെന്നും ഹുമ ഖുറേഷി പറയുന്നു. ദുൽഖർ സൽമാൻ ഉൾപ്പെടെയുള്ള മലയാളത്തിലെ യുവതാരങ്ങൾക്കൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും ചിരിയോടെ ഇവരുടെ വാക്കുകൾ. ജോളി എൽഎൽഎൽ രണ്ടാം ഭാഗം ഉൾപ്പെടെയുള്ള ഹിന്ദി ചിത്രങ്ങളും ഹുമ ഖുറേഷിയുടേതായി വൈകാതെ പുറത്തെത്തും.  

Your Rating: