നിവിൻ പറഞ്ഞ സിക്സ് പായ്ക്കുള്ള ഇംതിയാസ്

ആൻ മരിയ കലിപ്പിലാകാൻ കാരണമായ പിടി മാഷ് യഥാർഥ ജീവിതത്തിൽ ആളു വെറും പാവമാണ്. പടം കണ്ടിറങ്ങുന്നവർക്കു രണ്ടെണ്ണം തരാൻ തോന്നുന്നതാണ് ആ കഥാപാത്രത്തിന്റെ വിജയമെന്നു ഡേവിഡിനെ അവതരിപ്പിച്ച ജോൺ കൈപ്പള്ളിൽ പറയുന്നു. സിനിമ എന്ന ലക്ഷ്യത്തിനായി കൊച്ചിയിൽ വാസമുറപ്പിച്ച ജോണിന്റെ മൂന്നാമത്തെ ചിത്രമാണ് ആൻമരിയ. തട്ടത്തിൻ മറയത്തിലെ ഇംതിയാസും തമിഴിൽ അജിത്ത് നായകനായ യെന്നൈ അറിന്താലിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുള്ള ജോൺ സംസാരിക്കുന്നു.

തുടക്കം ?

സിനിമയിൽ നേരത്തെ താൽപര്യമുണ്ട്. എംെടക്കിനു ശേഷം കൊച്ചി ഷിപ്പ്‌യാഡിൽ മെയിന്റനന്റ്സ് എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു. ആറു വർഷമായി നഗരത്തിലുണ്ട്. സിനിമയ്ക്കായി ജോലി ഉപേക്ഷിച്ചു വൈറ്റിലയിൽ വീടെടുത്തു താമസിക്കുകയാണ്. സിനിമയിൽ ആരെയും അറിയാത്തതിനാൽ മോഡലിങ് രംഗത്തു സജീവമായി. ഒട്ടേറെ ഒഡിഷനുകളിൽ പങ്കെടുത്തു. മോഡലിങ്ങിനൊപ്പം പരസ്യചിത്രങ്ങളിലും അഭിനയിച്ചു.

ഡേവിഡ്

ഓം ശാന്തി എഴുതുന്ന സമയം മുതൽ മിഥുനെ അറിയാം. ആൻമരിയയുടെ അണിയറ ജോലികൾ നടക്കുമ്പോൾ താടി വളർത്തി ഒഡിഷനു പങ്കെടുക്കാൻ വരാൻ പറഞ്ഞു. ആ വില്ലൻ വേഷം എനിക്കു തന്നെ തന്നു.

ത്രൂ ഒൗട്ട് വില്ലൻ

തട്ടത്തിൻ മറയത്തിൽ വില്ലൻ ടച്ചുണ്ടെങ്കിലും സിക്സ് പായ്ക്കുള്ള ഇംതിയാസ് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മലയാളികൾക്കെന്തിനാ സിക്സ് പായ്ക്കെന്ന നിവിൻ പോളിയുടെ ഡയലോഗും ഹിറ്റായി. യെന്നൈ അറിന്താലിൽ അജിത്തിനൊപ്പമുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമായിരുന്നു. ഇനി വരാനിരിക്കുന്ന ചിത്രങ്ങളിൽ പേ‌ാസിറ്റീവ് വേഷങ്ങളാണ്. ഗൗതം മേനോൻ ചിത്രത്തിൽ അഭിനയിച്ചതു വലിയ നേട്ടമായി. വൈകാതെ തമിഴിൽ ഒരു വേഷം ചെയ്യാനുള്ള ഒരുക്കത്തിലാണ്. പത്തനംതിട്ട മലയാലപ്പുഴ സ്വദേശിയായ ജോൺ പറയുന്നു.