ആരെയും വേദനിപ്പിക്കാതെ ചെറുചിരിയോടെ സു...സു വരുന്നു

സു...സു... സുധി വാൽമീകം, പേരു പോലെ തന്നെ വ്യത്യസ്തമായ ചിത്രവുമായി രഞ്ജിത്ത് ശങ്കർ എത്തുകയാണ്. പുണ്യളന്റെ വിജയത്തിന് ശേഷം രഞ്ജിത്ത് ശങ്കർ ജയസൂര്യ കൂട്ടുകെട്ടിൽ പുതിയൊരു ചിത്രം. ഇതിലും എന്തുകൊണ്ട് കേന്ദ്രകഥാപാത്രമായി ജയസൂര്യയെ തിരഞ്ഞെടുത്തു, സംവിധായകൻ രഞ്ജിത് ശങ്കർ പറയുന്നു.

സു സു സുധി വാൽമീകം, പേരു തന്നെ വ്യത്യസ്തമാ‌ണല്ലോ?

സുധി എന്നൊരാളുടെ ജീവിത കഥയാണ് ഇതിലൂടെ പറയുന്നത്. അദ്ദേഹത്തിന്റെ വീട്ടുപേരാണ് വാൽമീകം. സുധിക്ക് സ്വൽപം വിക്കുണ്ട്. അദ്ദേഹം വീട്ടു പേരു പറയുമ്പോൾ അത് സുസു സുധി വാൽമീകം എന്നാവും.

വിക്കുള്ള നായകനെ ജനങ്ങൾ അംഗീകരിക്കുമോ?

എന്താ സംശയം, ആൾക്ക് ലേശം വിക്കുണ്ടെന്നേ ഉള്ളൂ. പക്ഷേ വിദ്യാസമ്പന്നനാണ്. ജീവിതത്തെ പോസിറ്റീവായി കാണാനറിയാം. ഇത് ശരിക്കും ഒരു ഇൻസ്പിരേഷണൽ മൂവി ആണ്. തന്റെ കുറവിനെ സുധി എങ്ങനെ പോസിറ്റീവായി എടുത്ത് ജീവിതവിജയം നേടുന്നു എന്നതാണ് സിനിമ പറയുന്നത്. എല്ലാ മനുഷ്യർക്കും എന്തെങ്കിലും കുറവുകളുണ്ടാവും. ചിലത് പ്രകടമായിരിക്കും. ചിലത് മറഞ്ഞിരിക്കും എന്നേ ഉള്ളൂ. എന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്തിന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ചെയ്യുന്ന ചിത്രമാണിത്. അവൻ എന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. അതുമാത്രമല്ല ഇങ്ങനെയൊരു ചിത്രം ചെയ്യുമ്പോൾ അത് മറ്റുള്ളവരെ വേദനിപ്പിക്കാതെ‌ ചെയ്യണമെന്നുണ്ട്. അതിന് കഴിവതും ശ്രമിച്ചിട്ടുണ്ട്.

പുണ്യാളന്റെ വിജയമാണോ ജയസൂര്യയെ വീണ്ടും തിരഞ്ഞെടുക്കാൻ കാരണം?

ജയസൂര്യ എന്റെ സുഹൃത്താണ്. പുണ്യാളന്റെ വിജയം കൊണ്ടൊന്നുമല്ല ജയസൂര്യയെ തിരഞ്ഞെടുത്തത്. ഒാരോ കഥയും എഴുതുമ്പോൾ നമുക്ക് ക്ലിക്ക് ചെയ്യും ഇന്നയാൾ ചെയ്താൽ നന്നാവുമെന്ന്. അങ്ങനെയാണ് ജയനിലെത്തുന്നത്. സ്വാഭാവികമായി തന്നെ ജയൻ സുധിയെെ അവതരിപ്പിച്ചിട്ടുണ്ട്. പുണ്യാളന്റെ കഥയിലെ നായകനും എന്നെ സ്വാധീനിച്ച സുഹൃത്തിന്റെ ജീവിതമാണ്. തൃശൂർ പൂരമൊക്കെ കണ്ട് നടക്കുന്ന ജീവിതത്തെ അത്ര സീരിയസായൊന്നും കാണാത്ത ജോയ് താക്കോല്‍ക്കാരന്‍ എന്ന കഥാപാത്രമാണ് പുണ്യാളനിൽ ജയൻ അവതരിപ്പിച്ചത്.

സിനിമയിൽ രണ്ടു നായികമാരുണ്ടല്ലോ?

സുധിയുടെ ജീവിതത്തിൽ രണ്ട് വ്യത്യസ്ത സമയങ്ങളിൽ കടന്നു വരുന്ന സ്ത്രീകളാണ് ഈ രണ്ടു നായകമാർ. ഒരാൾ ഡോക്ടർ സ്വാതി, പുതുമുഖമാണ്. മറ്റൊന്ന് ശിവദ. ശിവദ ചില ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സ്ത്രീകൾക്കും പ്രാധാന്യമുള്ള ചിത്രമാണിത്.

യഥാര്‍ഥ സുധി സിനിമയ്ക്കായി ക്ളാപ് അടിച്ചപ്പോള്‍

സിനിമയെക്കുറിച്ച് താങ്കൾ എന്തുപറയും?

ഇത് എന്റെ ആറാമത്തെ സിനിമയാണ്. ഇതിൽ ഒരുപാട് കോമഡി ഇല്ല. ഇതൊരു ത്രില്ലറുമല്ല. ഒരു ചെറുചിരിയോടെ കണ്ടിരിക്കാവുന്ന ചിത്രമാണിത്. സുധിയുടെ ജീവിതത്തിലെ നാല് മുതൽ നാൽപത് വയസുവരെയുള്ള കഥയാണ് ചിത്രത്തിൽ കാണിക്കുന്നത്. ഒരു സാധാരണക്കാരൻ തന്റെ ജീവിത്തിലെ പ്രതിസന്ധികളെ തരണം ചെയ്ത് എങ്ങനെ മുന്നോട്ടു പോകുന്നു എന്നാണ് ചിത്രം കാണിക്കുന്നത്.

വർഷത്തിനു ശേഷമുള്ള ചിത്രം ടെൻഷനുണ്ടോ?

വർഷം കുറച്ച് സെന്റിമെന്റൽ സ്റ്റോറിയായിരുന്നു. സുധി വാൽമീകം തികച്ചും വ്യത്യസ്തമാണ്, ഓരോ ചിത്രവും പ്രേക്ഷകർ എങ്ങനെ സ്വീകരിക്കും എന്നറിയാൻ ആകാംഷയുണ്ട്. ടെൻഷൻ കുറച്ചുണ്ട്.