Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെമ്പൻ പൊളിച്ചൂട്ടാ...

Chemban Vinod ചെമ്പൻ വിനോദ്

ചെമ്പൻ വിനോദ് -പേര് കേട്ടു ഞെട്ടണ്ട. ആളു പാവമൊരു അങ്കമാലിക്കാരനാണ്. മലയാള സിനിമയിലെ പുതിയ കോമഡി തരംഗത്തിനു നേതൃത്വം നൽകുന്നത് ചെമ്പനാണ്. തിരക്കേറിയതോടെ ബാംഗ്ലൂരിലെ ബിസിനസ് മതിയാക്കി നാട്ടിൽ നിലയുറപ്പിച്ചിരിക്കയാണ്. സ്വാഭാവികമായ അഭിനയം കൊണ്ടു ശ്രദ്ധേയനാകുന്ന ചെമ്പൻ വിനോദിന്റെ വിശേഷങ്ങളിലൂടെ...

∙ പേരിന്റെ കഥ

ഞങ്ങളുടെ കുടുംബത്തിലുള്ള എല്ലാവരും ചെമ്പൻമാരെന്നാണ് അറിയപ്പെടുന്നത്. ചെമ്പാന്നാണ് എല്ലാവരും വിളിക്കുക. അങ്കമാലി മാളിയേക്കൽ കുടുംബക്കാരാണു ഞങ്ങൾ. യഥാർഥ പേര് വിനോദ് ജോസെന്നാണ്. ഞാൻ ഏറെക്കാലം ബാംഗ്ലൂരിലായിരുന്നു. ഹായ് ചെമ്പായെന്നാണു അവിടെയുളളവർ വിളിക്കുന്നത്. അവർക്ക് എല്ലാ പേരും ഒരു പോലെയാണ്. നമ്മുടെ ആളുകളാണു ചെമ്പൻ മുടിയുള്ളവൻ, ചെമ്പ് നിറമുള്ളവൻ എന്നൊക്കെ അർഥം കണ്ടുപിടിക്കുന്നത്. എന്നെ സെറ്റുകളിലും ചെമ്പാ എന്നാണു വിളിക്കുന്നത്. അങ്ങനെ ഇതു പേരിനോപ്പം ചേർന്നതാണ്.

∙ആദ്യ സിനിമ

ലിജോ ജോസ് പല്ലിശ്ശേരിയാണു എന്നെ സിനിമയിൽ അവതരിപ്പിച്ചത്. ഞങ്ങൾ പഴയ സുഹൃത്തുക്കളാണ്. ബാംഗ്ലൂരിൽ ഞങ്ങളൊരുമിച്ചുണ്ടായിരുന്നു. നായകൻ എന്ന സിനിമയിൽ പൊലീസ് ഇൻസ്പെക്ടറായാണ് അരങ്ങേറ്റം. ലിജോയാണ് അഭിനയിക്കാൻ ആത്മവിശ്വാസം നൽകിയത്. എന്തെങ്കിലും കലാപാരമ്പര്യമോമിമിക്രിയോ ഒന്നുമില്ലാതെയാണു സിനിമയിലഭിനയിക്കുന്നത്.

∙ ബ്രേക്ക്

ആമേനും സപ്തമശ്രീ തസ്കരയുമാണു ബ്രേക്ക് നൽകിയ വേഷങ്ങൾ. ആമേനിലെ പൈലി, സപ്തമശ്രീയിലെ മാർട്ടി എന്നിവ ശ്രദ്ധിക്കപ്പെട്ടു.

∙ഈ വിജയം പ്രതീക്ഷിച്ചിരുന്നുവോ ?

പടം ഹിറ്റാകുമെന്നുറപ്പുണ്ടായിരുന്നു. എന്റെ വേഷം ഇത്രമാത്രം ശ്രദ്ധിക്കപ്പെടുമെന്നു സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല. ചെറുതും വലുതുമായ വേഷങ്ങളിൽ ഞാൻ ഇരുപതിലധികം സിനിമകൾ ചെയ്തിട്ടുണ്ട്. നോർത്ത് 24 കാതത്തിൽ അഭിനയിക്കുമ്പോൾ അനിൽരാധാകൃഷ്ണ മേനോൻ പുതിയ വേഷത്തെക്കുറിച്ചു പറഞ്ഞിരുന്നു. അങ്കമാലിക്കാരനായതു കൊണ്ടു തൃശൂർ ഭാഷ എനിക്കത്ര പ്രയാസമില്ലായിരുന്നു. തിരക്കഥയിൽ എഴുതിവച്ചിരിക്കുന്നത് അതുപോലെ പകർത്തുകയായിരുന്നു. സാഹചര്യങ്ങളാണ് ആ സിനിമയിൽ തമാശ സൃഷ്്ടിക്കുന്നത്.

∙ ചെയ്തതിൽ ഇഷ്ടപ്പെട്ട വേഷം, കോമഡിയാണോ പഥ്യം ?

അഞ്ചു സുന്ദരികൾ, ആമേൻ, സപ്തമശ്രീ എന്നിവയിലെ വേഷങ്ങളാണ് ഏറെ ഇഷ്ടം. കോമഡി ചെയ്യാൻ എനിക്ക് എളുപ്പമാണ്. എല്ലാത്തരം വേഷങ്ങളും ചെയ്യും. റിലീസാകാനുള്ള ഇയ്യോബിന്റെ പുസ്തകത്തിൽ ക്യാരക്ടർ റോളാണ്. ഡബിൾ ബാരൽ എന്ന സിനിമയിലാണ് ഇപ്പോൾ അഭിനയിക്കുന്നത്.

∙ സലീം കുമാർ, സുരാജ് വെഞ്ഞാറമ്മൂട്... ആ നിരയിലേക്കാണോ നോട്ടം?

അവരുമായി എന്നെ താരതമ്യപ്പെടുത്തരുത്. ഞാൻ തുടങ്ങിയിട്ടല്ലേയുള്ളു. അവരുടെ നിരയിലേക്കെത്താൻ കഴിയുമോന്നറിയില്ല.

∙ അമേരിക്കൻ ജീവിതം വേണ്ടെന്നു വച്ചാണോ സിനിമയിൽ സജീവമാകുന്നത് ?

ഇത്ര കോടി മലയാളികളിൽ വളരെക്കുറച്ചു പേർക്കു കിട്ടുന്ന ഭാഗ്യമല്ലേ സിനിമ. പ്രേക്ഷകർ ഓർത്തിരിക്കുന്ന 250-300 താരങ്ങളല്ലെ ഉണ്ടാകൂ. അമേരിക്കൻ ജീവിതത്തെക്കാൾ വലിയ അനുഗ്രഹം സിനിമയിൽ അഭിനയിക്കുന്നതാണ്. ഭാര്യ സുനിത അമേരിക്കയിൽ ഫിസിയോതെറാപ്പിസ്റ്റാണ്. ഞാനുമതാണു പഠിച്ചത്. പക്ഷേ ഞാൻ തെറാപ്പിസ്റ്റായി ജോലി ചെയ്തിട്ടില്ല. ബാംഗ്ലൂരിൽ ബിസിനസ് ചെയ്യുകയായിരുന്നു. സിനിമയിൽ തിരക്കു കൂടിയതോടെ ബിസിനസ് ഉപേക്ഷിച്ചു. അഞ്ചു വയസ്സുള്ള മകനുണ്ട്, ജോൺ ക്രിസ്. അമ്മയോടൊപ്പം യുഎസിലാണ്.

∙ പുതിയ താരത്തെ അങ്കമാലിക്കാർ എങ്ങനെ കാണുന്നു ?

അവർ ഉള്ള കാര്യം തുറന്നു പറയുന്ന കൂട്ടത്തിലാണ്. പടം നന്നായി... നീ ശരിയായില്ല, നീ നന്നായി... പടംപോരാ എന്നൊക്കെ അവർ പറയും. ടോട്ടാലിറ്റി നോക്കുന്ന കൂട്ടത്തിലാണു നമ്മുടെ നാട്ടുകാർ. സിനിമാ നടനായതു കൊണ്ടു മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ഇപ്പോഴും അങ്കമാലി മാർക്കറ്റിലും കടയിലുമൊക്കെ പഴയ പോലെ പോകാറുണ്ട്.

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Your Rating: