ആ മറുപടിയിൽ ദിലീപേട്ടന്റെ ദേഷ്യം മുഴുവൻ അലിഞ്ഞുപോയി: ധർമജൻ

ധർമജൻ. ഒരുകാലത്ത് മലയാള സിനിമയിലെ ഗുണ്ടകളുടെ പേരായിരുന്നത്രേ! ഇന്നിപ്പോൾ, ഗുണ്ടകൾ പോലും പൊട്ടിച്ചിരിക്കും ഈ പേരുകേട്ടാൽ. കാരണക്കാരൻ ഒരേയൊരാളാണ്; കൊച്ചിക്കാരൻ ധർമജൻ ബോൾഗാട്ടി. മിമിക്രിവേദിയിൽനിന്നു സിനിമയിലേക്കു വന്ന ഹാസ്യതാരങ്ങളുടെ നിരയിലെ പുതുമുറക്കാരൻ. കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രത്തിലെ മുഴുനീള ക്യാരക്ടറിലൂടെ ധർമജൻ ബോൾഗാട്ടി മലയാള സിനിമയുടെ ഹാസ്യസമ്രാട്ടുകളുടെ കൂട്ടത്തിലെ തലയെടുപ്പുള്ള ഗജരാജകേസരിയായിക്കഴിഞ്ഞു.

പക്ഷേ, മിക്കവാറും ഹാസ്യനടന്മാരെപ്പോലെയല്ല ധർമജൻ. ചിലർ സ്ക്രീനിനു മുന്നിൽ വൻ തമാശക്കാരായിരിക്കും. പക്ഷേ, ക്യാമറ എടുത്തു മാറ്റിയാൽ മുടിഞ്ഞ സീരിയസ്. എന്നാൽ, ധർമജൻ നേരെ തിരിച്ചാണ്. ക്യാമറയുണ്ടെങ്കിലും ഇല്ലെങ്കിലും ധർമജന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ, ജീവിതം മൊത്തം തമാശയാണ് സഹോ.. കൊടും തമാശ!

∙ പേരിലെ തമാശ

സ്കൂളിൽ പഠിക്കുന്നകാലത്ത് കൂട്ടുകാർക്കെല്ലാം നല്ല ഫാഷൻ പേരുകളായിരുന്നു ഷിബു, ബാബു, സാബു, കൂട്ടത്തിൽ ‘ധർമജൻ ’ എന്ന പുണ്യപുരാതന പേരും ചൂടി ജീവിക്കാൻ അൽപം പാടുപെട്ടു. ടീച്ചർമാർക്കുപോലും ഈ ഘടാഘടിയൻ പേര് വഴങ്ങിയിരുന്നില്ല. പലരും ധർമരാജൻ എന്നായിരുന്നു അന്നു വിളിച്ചിരുന്നത്. അതു കേൾക്കുമ്പോൾ ലോറി ഡ്രൈവർമാരുടെ പേരൊക്കെ എനിക്കിട്ട അച്ഛനോട് അൽപം നീരസം തോന്നിയിരുന്നു. പേരു തന്ന പണി ഇപ്പോഴും തുടരുന്നുമുണ്ട്. ധർമരാജൻ, ധനഞ്ജയൻ, പത്മജൻ അങ്ങനെ പലരും അവർക്കിഷ്ടപ്പെട്ട രീതിയിൽ പേരിനെ വളച്ചൊടിക്കും. ഈയടുത്തിടയ്ക്ക് രമേഷ് പിഷാരടിയോട് ഒരാൾ ചോദിച്ച ചോദ്യമാണ് കൂട്ടത്തിൽ കൊലമാസ്. ‘അതേയ്, നിങ്ങൾടെ കൂടെയുള്ള ആ പയ്യനുണ്ടല്ലോ? എന്താ അവന്റെ പേര്, ങാ..അമൃതാഞ്ജൻ, അവന്റെ വീടെവിടെയാണ്?’ കളഞ്ഞില്ലേ കഞ്ഞിക്കലം?.

∙ കുടുംബതമാശ

മിമിക്രിയിലും സിനിമയിലുമൊക്കെ‌ സജീവമായിക്കഴിഞ്ഞ കാലം. സ്വീകരണങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിൽ ഉണ്ടാകും. എല്ലാ ദിവസവും വീട്ടിലെത്തുമ്പോൾ കയ്യിലൊരു ബൊക്കെയൊക്കെ കാണും. ഒരു ദിവസം അമ്മ മുഖത്തുനോക്കി ചോദിച്ചു: ‘ഡാ, നിനക്ക് ദിവസവും ഈ പൂച്ചെണ്ട് വാങ്ങിച്ചു കളയുന്ന കാശ് കൊണ്ട് വേറെ വല്ല നല്ല സാധനവും വാങ്ങിക്കൂടേ?..’

ചോദ്യം സീരിയസാണെങ്കിലും കേട്ടുനിന്ന മറ്റുള്ളവർക്കു തമാശയായിട്ടാണു തോന്നിയത്. ഇതു കാശ് കൊടുത്തു വാങ്ങിയതല്ലെന്നും സ്നേഹം മൂത്ത് ആളുകൾ ഫ്രീയായി തരുന്നതാണെന്നും അമ്മയെ പറഞ്ഞു മനസ്സിലാക്കാൻ ഏറെ ബുദ്ധിമുട്ടി.

∙ കാരവൻ തമാശ

ആദ്യചിത്രമായ പാപ്പി അപ്പച്ചായുടെ ചിത്രീകരണകാലം. ലൊക്കേഷനിൽ ആദ്യമായി എത്തുന്നതിന്റെ ചളിപ്പ് മനസ്സിലും ബാക്കി മുഖത്തുമുണ്ട്. ലൊക്കേഷനിൽ‌ എങ്ങനെ പെരുമാറണമെന്ന് അറിയില്ല, അതു തന്നെ പ്രധാന കാരണം.

എപ്പോഴാണ് എന്റെ സീൻ വരികയെന്നു നോക്കി കാത്തിരിക്കുകയാണ്. അപ്പോഴാണ് അസോഷ്യേറ്റ് ഡയറക്ടർ വന്നത്. എന്റെ സീൻ കുറച്ചുകഴിഞ്ഞേയുള്ളൂവെന്ന് അസോഷ്യേറ്റ് പറഞ്ഞിട്ടു പോയി. എന്നാൽ, പിന്നെ അൽപം വിശ്രമിച്ചേക്കാമെന്നായി. നല്ലൊരു സ്ഥലം തേടി നടക്കുമ്പോഴാണ്, അൽപസ്വൽപം വലുപ്പമൊക്കെയുള്ള ഒരു വണ്ടിയുടെ തണൽ കണ്ടത്. അതിന് അടുത്തെത്തിയപ്പോൾ തന്നെ, സമീപത്തുണ്ടായിരുന്ന ഒരു തമിഴ് പയ്യൻ വന്നു വാതിൽ തുറന്നു. ഇതിനുള്ളിൽ വിശ്രമിച്ചോളൂ സാർ എന്നൊരു വാഗ്ദാനവും! അദ്ഭുത ലോകത്തെത്തിയ ആലീസിനെപ്പോലെയായി ആ നിമിഷം ഞാൻ. വണ്ടിയിലേക്കു കയറിയപ്പോൾ കണ്ട കട്ടിലിലേക്കു തന്നെ വീണു. വൈകാതെ ഉറങ്ങുകയും ചെയ്തു.

പക്ഷേ, പിന്നെയാണു കഥ തുടങ്ങുന്നത്. ഷോട്ടിനു സമയമായി. ധർമജൻ എവിടെ ? ലൊക്കേഷനിലെ ആബാലവൃദ്ധം ജനങ്ങളും തിരച്ചിലോടു തിരച്ചിൽ. ദീർഘനേരം കാത്തുനിന്നു മടുത്ത ദിലീപ് ഒടുക്കം ‘ആ, അവനെത്തുമ്പോൾ‌ വിളിക്ക് ’ എന്നു പറഞ്ഞാണത്രേ വിശ്രമിക്കാനായി കാരവാനിലേക്കു കയറിയത്.

അത്യാവശ്യം വലിയ ശബ്ദത്തിലുള്ള ദേഷ്യപ്പെടൽ കേട്ടാണു കൂർക്കം വലിച്ചുറങ്ങുകയായിരുന്ന ഞാൻ ഞെട്ടിയെഴുന്നേറ്റത്. ‘എന്തു പരിപാടിയാടാ നീയിക്കാട്ടിയത്. ലൊക്കേഷൻ മുഴുവൻ നിന്നെ തിരയുമ്പോൾ കാരവനിൽ‌ കിടന്നുറങ്ങുന്നോ? ’– ദിലീപേട്ടന്റെ ചോദ്യത്തിൽ നല്ല ദേഷ്യമുണ്ടായിരുന്നു.

‌‘എന്റെ പൊന്ന് ദിലീപേട്ടാ , ഞാനാദ്യമായാ ഈ വണ്ടി കാണുന്നത്. കാരവനാണെന്ന് എനിക്കറിയില്ലായിരുന്നു – ആ മറുപടിയിൽ ദിലീപേട്ടന്റെ ദേഷ്യം മുഴുവൻ അലിഞ്ഞുപോയി. ഷൂട്ടിങ്ങിന്റെ ആദ്യ ദിവസം തന്നെ കാരവനിൽ കിടന്നുറങ്ങിയ പുതുമുഖ നടൻ കേരളത്തിൽ ചിലപ്പോൾ ഞാൻ മാത്രമേ കാണൂ. ഇടയ്ക്കിടെ അതോർക്കുമ്പോൾ, അഭിമാനബോധം വല്ലാതെ വേട്ടയാടിത്തുടുങ്ങും, എന്താ ചെയ്ക?